ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ് രാജമൗലി- മഹേഷ് ബാബു കോമ്പോ ഒന്നിക്കുന്ന എസ്.എസ്.എം.ബി. 29. മഹേഷ് ബാബുവിന്റെ 29ാമത് ചിത്രമായി ഒരുങ്ങുന്ന ഈ പ്രൊജക്ട് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. ആര്‍.ആര്‍.ആറിലൂടെ ആഗോള ശ്രദ്ധ നേടിയ രാജമൗലിയുടെ അടുത്ത ചിത്രത്തിനായി സിനിമാലോകം അക്ഷമരായി കാത്തിരിക്കുകയാണ്.
ചിത്രത്തില്‍ നായകതുല്യ കഥാപാത്രമായി മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഒഡിഷയില്‍ അടുത്തിടെ അവസാനിച്ചിരുന്നു. സൈ ഫൈ ആക്ഷന്‍ ത്രില്ലറായാണ് എസ്.എസ്.എം.ബി 29 ഒരുങ്ങുന്നതെന്ന് ലൊക്കേഷന്‍ ചിത്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ചിത്രത്തിനായി മഹേഷ് ബാബു തന്റെ ഗെറ്റപ്പില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
ഇപ്പോഴിതാ ചിത്രത്തില്‍ തമിഴ് താരം ചിയാന്‍ വിക്രമും ഭാഗമാകുന്നുവെന്ന റൂമറുകള്‍ പുറത്തുവരുന്നുണ്ട്. ശക്തമായ കഥാപാത്രത്തെ തന്നെയാകും വിക്രം എസ്.എസ്.എം.ബി 29ല്‍ അവതരിപ്പിക്കുകയെന്നാണ് റൂമറുകള്‍. ഒരിടവേളക്ക് ശേഷം വിക്രം തെലുങ്കിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാകും ഇത്. അന്യന്റെ തെലുങ്ക് പതിപ്പായ അപരിചിതടുവിലൂടെ തെലുങ്കില്‍ വലിയ ഫാന്‍ബേസ് വിക്രം സ്വന്തമാക്കിയിരുന്നു.
മണിരത്‌നം സംവിധാനം ചെയ്ത രാവണന് ശേഷം പൃഥ്വിരാജും വിക്രമും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എസ്.എസ്.എം.ബി 29ന് ഉണ്ട്. സൗത്ത് ഇന്ത്യന്‍ സിനിമയിലെ രണ്ട് ആക്ടിങ് പവര്‍ ഹൗസുകള്‍ക്കൊപ്പം തെലുങ്കിലെ ഏറ്റവും വലിയ താരം കൂടി ഒന്നിക്കുമ്പോള്‍ രാജമൗലി വമ്പന്‍ ട്രീറ്റ് തന്നെയാണ് ആരാധകര്‍ക്കായി ഒരുക്കുക എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന പ്രീ പ്രൊഡക്ഷനാണ് എസ്.എസ്.എം.ബി 29ന്റേത്. ആഫ്രിക്ക, ലണ്ടന്‍, മെക്‌സിക്കോ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നത്. ചിത്രത്തിനായി താടിയും മുടിയും നീട്ടിവളര്‍ത്തിയ മഹേഷ് ബാബു പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് പരമാവധി ഒഴിവാക്കുകയാണ്.
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ അധികം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും 2026 പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നുമാണ് കരുതുന്നത്. ഒരു ഇന്ത്യന്‍ സിനിമക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വേള്‍ഡ്‌വൈഡ് റിലീസ് എസ്.എസ്.എം.ബി 29ന് ലഭിക്കുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
Content Highlight: Rumors that Chiyaan Vikram will be part of Mahesh Babu Rajamouli project