മമ്മൂട്ടി പരിചയപ്പെടുത്തിയ സംവിധായകനെ തെലുങ്കിലേക്ക് റാഞ്ചാന്‍ ബാലകൃഷ്ണ, വരാന്‍ പോകുന്നത് മാസ് പൊലീസ് സിനിമ?
Entertainment
മമ്മൂട്ടി പരിചയപ്പെടുത്തിയ സംവിധായകനെ തെലുങ്കിലേക്ക് റാഞ്ചാന്‍ ബാലകൃഷ്ണ, വരാന്‍ പോകുന്നത് മാസ് പൊലീസ് സിനിമ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 7:54 am

ലോക്ക്ഡൗണ്‍ കാലത്തെ ട്രോള്‍ വീഡിയോകളിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയ തെലുങ്ക് നടനാണ് നന്ദമൂരി ബാലകൃഷ്ണ. ലോജിക്കില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ ട്രോള്‍ പേജുകള്‍ ഏറ്റെടുത്തു. എന്നാല്‍ കൊവിഡിന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയ ബാലകൃഷ്ണ കളിയാക്കിയവരെ കൊണ്ട് കൈയടി നേടി.

അഖണ്ഡ, വീരസിംഹ റെഡ്ഡി, ഭഗവന്ത് കേസരി എന്നീ സിനിമകള്‍ കേരളത്തിലും മികച്ച പ്രതികരണം നേടിയിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡാക്കു മഹാരാജിന് കേരളത്തില്‍ റിലീസുണ്ടായിരുന്നില്ല. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് ധാരാളം പ്രശംസ കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാസ് സിനിമയെന്നാണ് പലരും ഡാക്കു മഹാരാജിനെ വിശേഷിപ്പിച്ചത്.

ഇപ്പോഴിതാ മലയാളത്തിലെ ഹിറ്റ് സംവിധായകനൊപ്പം ബാലകൃഷ്ണ കൈകോര്‍ക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ഹനീഫ് അദേനിയുമായാണ് ബാലകൃഷ്ണ അടുത്ത സിനിമ ചെയ്യുന്നതെന്ന് തെലുങ്കിലെ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മമ്മൂട്ടി നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമക്ക് തിരക്കഥയൊരുക്കിയതും ഹനീഫ് അദേനിയായിരുന്നു. പിന്നീട് ഹനീഫ് ഒരുക്കിയ രണ്ട് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ മാര്‍ക്കോ വന്‍ വിജയമായതോടെ ഹനീഫ് അദേനി തന്റെ ട്രാക്കിലേക്ക് തിരിച്ചെത്തി.

 

മാസ് ആക്ഷന്‍ ഴോണിറലുള്ള പൊലീസ് സിനിമയായാണ് ഹനീഫ്- ബാലകൃഷ്ണ പ്രൊജക്ട് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ നായകനെ ഏറ്റവും സ്‌റ്റൈലിഷായി അവതരിപ്പിക്കുന്ന സംവിധായകനും സ്‌ക്രീന്‍ പ്രസന്‍സും ഡയലോഗ് ഡെലിവറിയും കൊണ്ട് ഏത് സീനിനെയും അപ്‌ലിഫ്റ്റ് ചെയ്യുന്ന നായകനും കൂടി ചേരുമ്പോള്‍ തിയേറ്ററുകള്‍ ഇളകിമറിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ അഖണ്ഡ 2വിന്റെ ചിത്രീകരണത്തിലാണ് ബാലകൃഷ്ണ. 2021ല്‍ പുറത്തിറങ്ങിയ അഖണ്ഡയുടെ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബാലകൃഷ്ണ ഇരട്ടവേഷത്തിലെത്തിയ അഖണ്ഡ ബോക്‌സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Rumors that Balakrishna joining hands with Haneef Adeni