മെലിസയായി തിളങ്ങി രുക്മിണി; ടോക്സിക്കിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്
Malayalam Cinema
മെലിസയായി തിളങ്ങി രുക്മിണി; ടോക്സിക്കിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്
നന്ദന എം.സി
Tuesday, 6th January 2026, 2:52 pm

കെ.ജി.എഫിന് ശേഷം ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനായെത്തുന്ന ചിത്രം ‘ടോക്സിക്’ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം അനൗൺസ്മെന്റ് നാൾ മുതൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു.

ഇപ്പോൾ ചിത്രത്തിലെ രുക്മിണി വസന്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടോക്സിക്കിലെ മെലിസ എന്ന കഥാപാത്രമായാണ് രുക്മിണി വസന്ത് എത്തുന്നത്. പോസ്റ്റർ റിലീസിനുശേഷം സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഉയരുന്നത്.

Toxic Official Poster, Photo: IMDb

പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും യഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, യഷിനെ പോലും കടത്തി വെട്ടുന്ന രീതിയിലാണ് നായികമാരുടെ ക്യാരക്ടർ പോസ്റ്ററുകൾ പ്രേക്ഷകർ ഏറ്റെടുത്തത്. ഗംഗയായി നയൻതാര, റെബേക്കയായി താര, നാദിയയായി കിയാറ, എലിസബത്ത് ആയി ഹുമ ഖുറേഷി, ഇപ്പോൾ മെലിസയായി രുക്മിണി വസന്ത് എന്നിങ്ങനെ ഓരോ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Toxic Official Poster, Photo: IMDb

മൂന്ന് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ചിത്രം ഇതുവരെ പൂർത്തിയാകാതിരുന്നതിനെ തുടർന്ന് നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിനിടയിൽ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ റൈറ്റിങ് ക്രെഡിറ്റ്സിൽ ഗീതു മോഹൻദാസിനൊപ്പം യഷിന്റെ പേരും ഉൾപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഗീതുവിന്റെ തിരക്കഥയിൽ യഷ് ഇടപെട്ടുവെന്ന തരത്തിലുള്ള അഭിപ്രായങ്ങളും അന്ന് ഉയർന്നിരുന്നു.

യഷ് കേന്ദ്രകഥാപാത്രമായെത്തുന്നുവെങ്കിലും, ടോക്സിക്കിലെ സ്ത്രീ കഥാപാത്രങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്ന നിർണായക ഘടകങ്ങൾ. ഗംഗ, എലിസബത്ത്, മെലിസ, നാദിയ, റെബേക്ക തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങൾ വെറും സഹ കഥാപാത്രങ്ങളാകാതെ സിനിമയുടെ നട്ടെല്ലായിമാറുന്ന രീതിയാണ് ടോക്സിക്കിനുള്ളത്

സ്ത്രീകളെ അലങ്കാരങ്ങളായോ നിഴൽസാന്നിധ്യങ്ങളായോ മാത്രം ചിത്രീകരിക്കാതെ, അവരുടെ പ്രാധാന്യവും സ്വാധീനവും തുറന്നുകാട്ടുന്ന സമീപനമാണ് ഈ സിനിമയെ വേറിട്ടതാക്കുന്നത്.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണനും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

Content Highlight: Rukmini’s character poster from the movie toxic is out 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.