റോണോക്ക് വേണ്ടി ലോകകപ്പ് നേടുന്നത് ഒരു സമ്മര്‍ദമല്ല, മറിച്ച് .... റൂബന്‍ ഡയസ്
Football
റോണോക്ക് വേണ്ടി ലോകകപ്പ് നേടുന്നത് ഒരു സമ്മര്‍ദമല്ല, മറിച്ച് .... റൂബന്‍ ഡയസ്
ഫസീഹ പി.സി.
Wednesday, 3rd June 2026, 9:47 am

2026 ഫിഫ ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ഈ കാല്‍പന്ത് കളിയുടെ മാമാങ്കത്തിന് ജൂണ്‍ 11ന് അരങ്ങുണരും. പിന്നീട് ജൂലൈ 19 വരെ ഇതിന്റെ അലയൊലികളും ആരവങ്ങളുമായിരിക്കും ലോകമൊന്നാകെ നിറഞ്ഞു നില്‍ക്കുക.

വിശ്വവേദിയിൽ പന്തുരുളാന്‍ വെറും എട്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരായിരിക്കും കപ്പുയര്‍ത്തുക എന്ന ആകാംക്ഷ ഏവരിലുമുണ്ട്. എന്നാല്‍, കരിയറിന് ഒടുക്കമെത്തിയ പോര്‍ച്ചുഗല്‍ ഇതിഹാസം ഒരു ലോകകപ്പുമായി പടിയിറങ്ങണമെന്നത് പലരും ആഗ്രഹിക്കുന്നുണ്ട്.

റൂബൻ ഡയസ്. Photo: Al Nassr Zone/x.com

ഇപ്പോള്‍ റോണോയ്ക്ക് ഒരു ലോകകപ്പ് നേടികൊടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് പോര്‍ച്ചുഗല്‍ താരം റൂബന്‍ ഡയസ്. റൊണാള്‍ഡോക്ക് വേണ്ടി ഒരു ലോകകപ്പ് നേടുകയെന്നത് ഒരു സമ്മര്‍ദമല്ലെന്നും പകരം ഒരു അധിക പ്രചോദനമാണെന്നും താരം പറഞ്ഞു.

അത്തമൊരു നിമിഷം സമ്മാനിക്കാന്‍ സാധിക്കുന്നത് വലിയൊരു സന്തോഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗീസ് സ്‌പോര്‍ട്‌സ് മാധ്യമമായ ബോലയില്‍ സംസാരിക്കുകയായിരുന്നു റൂബന്‍ ഡയസ്.

‘ഇതൊരു അധിക പ്രചോദനമാണ്. അങ്ങനെ ഒരു നിമിഷം അദ്ദേഹത്തിന് വേണ്ടിയും (റൊണാള്‍ഡോ) ഞങ്ങള്‍ക്കും കുടുംബത്തിനും കൂടാതെ മുഴുവൻ പോര്‍ച്ചുഗലിനുമായി സമ്മാനിക്കുക എന്നതില്‍ പരം സന്തോഷമില്ല. അത് ഒരിക്കലും ഒരു അധിക സമ്മര്‍ദമല്ല. മറിച്ച് ലോകകപ്പില്‍ പങ്കാളികളാകാനും അത് വിജയിക്കാനുമുള്ള അതിയായ ആഗ്രഹം മാത്രമാണ്,’ റൂബന്‍ ഡയസ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും റൂബൻ ഡയസും. Photo: TCR/x.com

48 രാജ്യങ്ങള്‍ മാറ്റുരക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് കെ -യിലാണ് പോര്‍ച്ചുഗല്‍ ഇടം പിടിച്ചിരിക്കുന്നത്. കൊളംബിയ, ഉസ്‌ബെക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഡി.ആര്‍. കോംഗോയുമായാണ് പറങ്കിപ്പടയുടെ ആദ്യ മത്സരം. ജൂണ്‍ 17നാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

അതേസമയം, 2003ല്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച റോണോ ആറാം ലോകകപ്പിലാണ് ബൂട്ട് കെട്ടാന്‍ ഒരുങ്ങുന്നത്. 2006, 2010, 2014, 2018, 2022 എന്നീ വര്ഷങ്ങളിലാണ് താരം ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ളത്. എട്ട് ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും താരത്തിന് ഇതുവരെ ലോകകപ്പുയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഏറെ കാലമായി തന്നെ മോഹിപ്പിക്കുന്ന കനക കിരീടം സ്വപ്നം കണ്ടാണ് ഇത്തവണയും റോണോ ഒരുങ്ങുന്നത്.

Content Highlight: Ruben Dias says helping Cristiano Ronaldo to lift 2026 FIFA World Cup is extra factor of motivation

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി