'ഹിന്ദു ബ്രാഹ്‌മണനെ കളക്ടറായി നിയമിച്ചതിനെതിരെ കേരളത്തില്‍ മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ റാലി നടത്തുന്നു'; ശ്രീറാമിനെതിരായ പ്രതിഷേധത്തെ വക്രീകരിച്ച് ആര്‍.എസ്.എസ് വീക്കിലിയുടെ ഔദ്യോഗിക ട്വീറ്റ്
national news
'ഹിന്ദു ബ്രാഹ്‌മണനെ കളക്ടറായി നിയമിച്ചതിനെതിരെ കേരളത്തില്‍ മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ റാലി നടത്തുന്നു'; ശ്രീറാമിനെതിരായ പ്രതിഷേധത്തെ വക്രീകരിച്ച് ആര്‍.എസ്.എസ് വീക്കിലിയുടെ ഔദ്യോഗിക ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2022, 6:56 pm

 

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചെതിനെതിരെയുള്ള പ്രതിഷേധത്തില്‍ വിദ്വേഷ പ്രചരണവുമായി ആര്‍.എസ്.എസ്. ആര്‍.എസ്.എസിന്റെ മുഖപ്പത്രമായ ഓര്‍ഗനൈസറിന്റെ ഔദ്യോഗിക ട്വീറ്റിലാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് വിദ്വേഷ പ്രചരണം നടത്തിയത്.

‘ഹിന്ദു ബ്രാഹ്‌മണനായ പുതിയ ഐ.എ.എസ് കളക്ടറെ നിയമിച്ചതിനെതിരെ കേരള മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ ഘോഷയാത്ര നടത്തുന്നു’ എന്നാണ്
കേരള മുസ്‌ലിം കളക്‌ട്രേറ്റ് മാര്‍ച്ചിന്റെ വീഡിയോ പങ്കുവെച്ച് ഓര്‍ഗനൈസര്‍ വീക്കിലി കുറിച്ചത്.

കെ.എം. ബഷീര്‍ കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജിലെ ജീവനക്കാരനായിരുന്നതുകൊണ്ട് ശ്രീറാമിന്റെ നിയമിച്ചതില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭ പരിപാടികളാണ് സംസ്ഥാനത്ത് നടന്നത്. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ഈ സംഭവത്തെയാണ് ദേശിയ തലത്തില്‍ വര്‍ക്രീകരിച്ച് വിദ്വേഷ പ്രചരത്തിനായി ആര്‍.എസ്.എസ് ഉപയോഗിക്കുന്നത്.

വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാറ്റിയത്. മാറ്റി. വി.ആര്‍. കൃഷ്ണ തേജ പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. ശ്രീറാമിനെ സിവില്‍ സപ്ലൈസ് വകുപ്പിലേക്കാണ് മാറ്റിയത്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉണ്ടായത്.