താല്‍പ്പര്യത്തിന് വിരുദ്ധമായാല്‍ പ്രചാരകരെ പിന്‍വലിക്കുമെന്ന് ആര്‍.എസ്.എസ് ഭീഷണി; അധ്യക്ഷനെ കണ്ടെത്താനാവാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം
Focus on Politics
താല്‍പ്പര്യത്തിന് വിരുദ്ധമായാല്‍ പ്രചാരകരെ പിന്‍വലിക്കുമെന്ന് ആര്‍.എസ്.എസ് ഭീഷണി; അധ്യക്ഷനെ കണ്ടെത്താനാവാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 4:00 pm

തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം, അതിനിടെ ബി.ജെ.പിക്ക് പുതിയ തലവേദനയുമായി ആര്‍.എസ്.എസ് നേതൃത്വവും രംഗത്തെത്തി.

ആര്‍.എസ്.എസിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുത്താല്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രചാരകരെയും പിന്‍വലിക്കുമെന്നാണ് ആര്‍.എസ്.എസ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിനെ തങ്ങളുടെ നിലപാട് ആര്‍.എസ്.എസ് അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി നേതാവായ കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ബി.ജെ.പിയിലെ മുരളീധര പക്ഷം നീക്കമാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് നിലപാട് കടുപ്പിച്ച് ആര്‍.എസ്.എസ് നേതൃത്വം രംഗത്തെത്തിയത്.

മുറുകുന്ന ഗ്രൂപ്പ് തര്‍ക്കം

2015ല്‍ ബി.ജെ.പി അധ്യക്ഷനായിരുന്ന വി.മുരളീധരന് പകരക്കാരനായി കുമ്മനം രാജശേഖരന്‍ എത്തിയത് കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു. 2015 ഡിസംബര്‍ 18 നായിരുന്നു കുമ്മനം അധ്യക്ഷനായത്. അന്ന് ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആര്‍.എസ്.എസില്‍ നിന്ന് അധ്യക്ഷനെ കണ്ടെത്താന്‍ തീരുമാനമാകുകയായിരുന്നു. അന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച് ബാലശങ്കറിനെ വെട്ടി ഹിന്ദു ഐക്യവേദി അധ്യക്ഷനായ കുമ്മനത്തിനെ അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.

ബാലശങ്കറിനെ ഒ.രാജഗോപാല്‍, സി.കെ പത്മനാഭന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ അനുകൂലിച്ചപ്പോള്‍ കുമ്മനത്തെ വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, ഉമാകാന്തന്‍ തുടങ്ങിയവര്‍ പിന്തുണയ്ക്കുകയായിരുന്നു.


Also Watch വെള്ളക്കെട്ടും രോഗങ്ങളും-മോചനം കാത്ത് കരിമടം കോളനി നിവാസികള്‍


വീണ്ടുമൊരു തെരഞ്ഞടുപ്പ് കാലം വരുമ്പോള്‍ മുരളീധരന്‍ പക്ഷം മുന്നോട്ട് വെക്കുന്നത് കെ.സുരേന്ദ്രനെയാണ്. എന്നാല്‍ ഇതിനെതിരെയാണ് ആര്‍.എസ്.എസ് രംഗത്തെത്തിയിരിക്കുന്നത് സുരേന്ദ്രനല്ലാതെ ആരെ വേണമെങ്കിലും അധ്യക്ഷനാക്കാം എന്ന നിലപാടിലാണ് ആര്‍.എസ്.എസിന്റെ സംസ്ഥാന നേതൃത്വം. എം.ടി രമേശിനെയോ എ.എന്‍ രാധാകൃഷ്ണനെയോ അധ്യക്ഷനാക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിര്‍ദേശം. എന്നാല്‍ മെഡിക്കല്‍ കോഴവിവാദത്തില്‍ ആരോപണ വിധേയനായ എം.ടി രമേശിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ട് വരുന്നതിന് കേന്ദ്ര നേതൃത്വത്തിനും താല്‍പ്പര്യമില്ല.

എന്നാല്‍ മുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബാലശങ്കറിനെ അധ്യക്ഷനാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട് എന്നാണ് സൂചനകള്‍. നിലവില്‍ ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനറായ ആര്‍.ബാലശങ്കറിനെ കേരളഘടകത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിലേക്ക് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കുന്നയാളെ എത്തിക്കാനണ് ആര്‍.എസ്.എസിന്റെ നീക്കമെന്നാണ് പറയുന്നത്.


Also Read മിശ്രവിവാഹിതരായ പിന്നാക്കവിഭാഗക്കാര്‍ക്ക് സംവരണം നിഷേധിച്ച് പിന്നാക്ക വകുപ്പ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങാന്‍ സാധ്യതയില്ലെന്നും അതു വഴി തങ്ങളുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയുമെന്നുമാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്.

എന്നാല്‍ കുമ്മനം രാജശേഖരനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ട് വന്നത് പോലെ പുറത്തു നിന്നുള്ള ഒരാളെ നേതൃനിരയിലേക്ക് പരിഗണിക്കുന്നതിനോടുള്ള പ്രതിഷേധം സംസ്ഥാന നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

സാധ്യതകള്‍ മറ്റ് ചിലര്‍ക്കും

അധ്യക്ഷസ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മറ്റ് ചില നേതാക്കള്‍ക്കും സാധ്യതകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. പി.കെ കൃഷ്ണ ദാസ് തന്നെ സംസ്ഥാന അധ്യക്ഷനാവണമെന്ന് ഒരു കൂട്ടം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുരളീധര പക്ഷം ഇത് സമ്മതിക്കില്ല. അതേസമയം ഇരു വിഭാഗത്തിനും പൊതു സ്വീകാര്യനായ അഡ്വ: പി.എസ് ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കാനും നീക്കങ്ങള്‍ ഉണ്ട് എന്നാല്‍ ഇത് സംബന്ധിച്ച് ഒരു നിര്‍ദേശമോ ചര്‍ച്ചകളോ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് നടന്നിട്ടില്ലെന്നാണ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്.


Also Read കറിപൗഡറുകളില്‍ മാരക കീടനാശിനി സാന്നിദ്ധ്യം; പരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ അധികൃതര്‍

അതേ സമയം വനിത പ്രാതിനിധ്യം മുന്‍നിര്‍ത്തി തന്നെ സംസ്ഥാന അധ്യക്ഷയാക്കണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

ഗ്രൂപ്പ് ആരോപണം നിഷേധിച്ച് നേതൃത്വം

ഗ്രൂപ്പ് തര്‍ക്കം കൊണ്ടാണ് അധ്യക്ഷനെ നിയമിക്കാത്തത് എന്നത് ശരിയല്ലെന്നാണ് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണ ദാസ് പ്രതികരിച്ചത്. “”ഞങ്ങള്‍ക്ക് വിവിധ വിഷയങ്ങളിലായി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. എന്നാല്‍ അത് ഒന്നും ഗ്രൂപ്പ് തര്‍ക്കമല്ല. അധ്യക്ഷനെ നിയമിക്കാന്‍ വൈകുന്നത് അമിത് ഷാ തിരക്കിലായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ കശ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൊണ്ടിരിക്കുകയാണ്. എന്ന് കരുതി കേരളത്തെ അവഗണിക്കുകയാണെന്നല്ല. ഉടനെ അധ്യക്ഷനെ തിരഞ്ഞെടുക്കും”” കൃഷ്ണദാസ് പറഞ്ഞു.

അന്തിമ തീരുമാനം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെതായിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി അമിത് ഷാ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കേരളവും സന്ദര്‍ശിക്കുന്നുണ്ട്. ഈ സന്ദര്‍ശനത്തിലോ അതിന് മുമ്പോ തന്നെ അധ്യക്ഷനെ തെരഞ്ഞെടുക്കനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.


Also Read പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ദളിത് യുവതിയ്ക്കുനേരെ ആക്രമണം: ആക്രമണം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് പറഞ്ഞ്

നിലവിലെ സംസ്ഥാന നേതാക്കള്‍ക്ക് പാര്‍ട്ടിയെ ഫലപ്രദമായി നയിക്കാന്‍ കഴിയുന്നില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ എന്‍.ഡി.എ സഖ്യം ഒരു വഴിക്കും പാര്‍ട്ടി മറ്റൊരു വഴിക്കുമാണെന്നും വിമര്‍ശനങ്ങള്‍ ആദ്യം തന്നെയുയര്‍ന്നിരുന്നു.

എന്ത് തന്നെയായാലും ആര്‍.എസ്.എസ് നേതൃത്വത്തെ പിണക്കി കൊണ്ട് ഒരു തീരുമാനത്തിനും കേന്ദ്ര നേതൃത്വം തയ്യാറാവില്ല എന്നതാണ് സത്യം.