ആര്‍.എസ്.എസിന്റെ സ്റ്റാമ്പും നാണയവും: എത്ര വെള്ളപൂശിയാലും സംഘപരിവാറിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ല: എ.എ റഹീം
India
ആര്‍.എസ്.എസിന്റെ സ്റ്റാമ്പും നാണയവും: എത്ര വെള്ളപൂശിയാലും സംഘപരിവാറിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ല: എ.എ റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2025, 11:06 pm

ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എ.എ റഹീം എം.പി.

രാജ്യത്തിന്റെ ഐക്യത്തിന് യാതൊരു സംഭാവനയും നല്‍കാത്ത സംഘടനയെ മഹത്വവല്‍ക്കരിക്കുന്നത് വില കുറഞ്ഞ നീക്കമെന്ന് എ.എ റഹീം വിമര്‍ശിച്ചു.

ആര്‍.എസ്.എസിന്റെ സ്റ്റാമ്പും നാണയവും സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കലും, രാജ്യ ചരിത്രത്തോടുള്ള നീതി നിഷേധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിന്റെ സുദീര്‍ഘമായ സ്വാതന്ത്ര്യ-സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിനായോ രാജ്യത്തിന്റെ ഐക്യത്തിനോ അഖണ്ഡതയ്ക്കു വേണ്ടിയോ യാതൊരു സംഭാവനയും നല്‍കാത്ത ഒരു സംഘടനയെ രാജ്യത്തിന്റെ മുഖമായി ചിത്രീകരിക്കാനുമുള്ള വില കുറഞ്ഞ നീക്കം അത്യന്തം അപലപനീയമാണെന്ന് എ.എ റഹീം വിമര്‍ശിച്ചു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ നിന്നും മാറി നിന്ന ആര്‍.എസ്.എസ് സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ തയ്യാറായവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു.

അധിനിവേശ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പാദസേവ ചെയ്ത, ബ്രിട്ടീഷുകാര്‍ അല്ല യഥാര്‍ത്ഥ രാഷ്ട്രീയ ശത്രുക്കള്‍ എന്നും പ്രസ്താവിച്ച സംഘപരിവാറിന് രാജ്യത്തിന്റെ ദേശീയതയുമായി പുലബന്ധം പോലുമില്ലെന്നും എ.എറഹീം വിശദമാക്കി.

ബ്രിട്ടീഷുകാര്‍ ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തെ നവ ഫാസിസ്റ്റുകള്‍ ആയ സംഘപരിവാരം കൃത്യമായ ആസൂത്രണത്തോടെ വര്‍ത്തമാനകാലത്ത് നടപ്പിലാക്കുകയാണ്. വിദ്വേഷവും ന്യൂനപക്ഷ വിരുദ്ധതയും പ്രചരിപ്പിക്കുന്നവരാണവര്‍. എത്ര വെള്ളപൂശിയാലും സംഘപരിവാറിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നേരത്തെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും പ്രധാനമന്ത്രിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ നിന്ന് മാറി നിന്നിരുന്ന ആര്‍.എസ്.എസിന്റെ ബ്രിട്ടീഷ് തന്ത്രമായ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലജ്ജാകരമായ ആശയത്തെ വെള്ളപൂശാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെന്ന് പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

ഇതിലൂടെ ചരിത്രത്തെ വ്യാജമായി നിര്‍മിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും സി.പി.ഐ.എം ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlight: RSS’s stamp and coin: you can’t whitewash the Sangh Parivar: AA Rahim