പി. മോഹനനെ ലക്ഷ്യംവെച്ച് ബോംബറിഞ്ഞ കേസില്‍ ഒളിവിലായരുന്ന ആര്‍.എസ്.എസുകാരന്‍ പിടിയില്‍
Kerala News
പി. മോഹനനെ ലക്ഷ്യംവെച്ച് ബോംബറിഞ്ഞ കേസില്‍ ഒളിവിലായരുന്ന ആര്‍.എസ്.എസുകാരന്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd September 2022, 2:38 pm

കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ ലക്ഷ്യംവെച്ച് ബോംബറിഞ്ഞ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. കേസില്‍ മൂന്നാം പ്രതിയാണ് നജീഷ്. ദുബായില്‍ ഒളിവിലായിരുന്ന ഇയാള്‍ക്കായി ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കേരള പൊലീസിന് കൈമാറുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ നജീഷിനെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി. സജീവന്റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ ജില്ലാകമ്മിറ്റി ഓഫീസ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു.

കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരാണ് അറസ്റ്റിലായിരുന്നത്.

ഐ.പി.സി 307ാം വകുപ്പ് പ്രകാരവും സംഘം ചേര്‍ന്ന് അതിക്രമം നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്തതിന് 143, 144, 147, 148, 149, 458 വകുപ്പുകള്‍ പ്രകാരവും സ്ഫോടക വസ്തു നിരോധന നിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകള്‍ പ്രകാരവുമാണ് കേസ് ഇയാള്‍ക്കെതിരെ രജിസറ്റര്‍ ചെയ്തിട്ടുള്ളത്.

2017 ജൂണ്‍ ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആര്‍.എസ്.എസ് ബോംബെറിഞ്ഞത്. ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഓഫീസില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പയിരുന്നു ആക്രമണം.