ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കൾ; ജനാധിപത്യത്തിന് കൂടുതൽ സംഭാവന ചെയ്തത് ആർ.എസ്.എസ് : ദത്താത്രേയ ഹൊസബാലെ
national news
ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കൾ; ജനാധിപത്യത്തിന് കൂടുതൽ സംഭാവന ചെയ്തത് ആർ.എസ്.എസ് : ദത്താത്രേയ ഹൊസബാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd February 2023, 8:20 am

ജയ്പൂർ: രാഷ്ട്രീയ ചായ്‌വ് ഇല്ലാതെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസ് എന്ന് സംഘടനാ നേതാവ് ദത്താത്രേയ ഹൊസബാലെ. തങ്ങൾ ഇടതപുപക്ഷമോ വലതുപക്ഷമോ അല്ലെന്നും മറിച്ച് ദേശീയവാദികളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“ഞങ്ങൾ ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, ദേശീയവാദികളാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും താത്പര്യത്തിനും അനുസരിച്ചായിരിക്കും സംഘപരിവാർ പ്രവർത്തിക്കുക,” ഹൊസബാലെ പറഞ്ഞു.

ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ ആളുകളും ഹിന്ദുക്കളാണെന്നും, എല്ലാവർക്കുമുള്ളത് ഒരേ ഡി.എൻ.എ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാഷ്ട്രീയ സ്വയംസേവക് സംഘ്: ഇന്നലെ, ഇന്ന്, നാളെ’ (Rashtriya swayam sevak sangh: Yesterday, Today and Tomorrow) എന്ന വിഷയത്തിൽ ഏകതം മാനവ്ദർശൻ അനുസന്ദൻ ഏവം വികാസ് പ്രതിഷ്ഠൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഹൊസബാലെയുടെ പരാമർശം.

“ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും ഹിന്ദുക്കളാണ്, കാരണം അവരുടെ പൂർവികർ ഹിന്ദുക്കളാണ്. എല്ലാവരുടേയും വിശ്വാസരീതികൾ തമ്മിൽ വ്യത്യാസമുണ്ടായിരിക്കാം പക്ഷേ ഡി.എൻ.എ ഒന്നു തന്നെയാണ്. ഒരു വിശ്വ​ഗുരുവായി ലോകത്തെ നയിക്കാൻ കെൽപ്പുള്ള രാജ്യമാണ് ഇന്ത്യ. അതിന് എല്ലാവരുടേയും തുല്യമായ സംഭാവനകൾ കൂടി ആവശ്യമാണ്,” ഹൊസബാലെ പറഞ്ഞു.

ഇന്ത്യയിൽ എല്ലാ മതങ്ങളേയും ആർ.എസ്.എസ് തുല്യമായി കാണുന്നുവെന്നും, മറ്റു സംഘടനകളേക്കാൾ ആർ.എസ്.എസ് ഫ്ലെക്സിബിൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും ഹൊസബാലെ പരാമർശിച്ചിരുന്നു.

നോക്കാൻ ഏൽപിച്ച ആളുകൾ ശരിയല്ലെങ്കിൽ എത്ര നല്ല ഭരണഘടനയുണ്ടായിട്ടും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാജ്യത്ത് ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് പ്രധാന സംഭാവനകൾ ചെയ്തത് ആർ.എസ്.എസ് ആണെന്നും ഹൊസബാല പറഞ്ഞു.

“തങ്ങളുടെ വർ​ഗത്തിൽ/വിഭാ​ഗത്തിൽ നിന്നുകൊണ്ടു തന്നെ ജനങ്ങൾക്ക് സംഘടനയക്ക് വേണ്ടി പ്രവർത്തിക്കാനാകും. കർക്കശക്കാരല്ല സംഘപരിവാർ. എല്ലാവർക്കും വഴങ്ങുന്ന സംഘടനയാണ്. ലോകത്ത് എത്ര നല്ല ഭരണഘടനയുള്ള രാജ്യമാണെന്ന് പറഞ്ഞാലും നോക്കാൻ ഏൽപിച്ചവർ ശരിയല്ലെങ്കിൽ ഒരു കാര്യവുമുണ്ടാകില്ല.

രാജ്യത്തെ ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി ഏറ്റവും പ്ര​ഗത്ഭമായ സംഭാവനകൾ നടത്തിയത് ആർ.എസ്.എസ് ആയിരുന്നു. അതേക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും പരാമർശിച്ചിട്ടുണ്ട്”, അദ്ദേഹം പറയുന്നു.

മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ്, മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മഹേേഷ് ചന്ദ്ര ശർമ, പ്രതിപക്ഷ നേതാവ് ​ഗുലാബ്ചന്ദ് കഠാരിയ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Content Highlight: Rss leader Dattatreya Hosabale says that all those who reside in India are hindus, says RSS contributed more for the democracy