എഡിറ്റര്‍
എഡിറ്റര്‍
ജോസഫ് മാഷിന്റെ കൈവെട്ടിയത് സി.പി.ഐ.എമ്മാണെന്ന് പറഞ്ഞത് നാക്കുപിഴ; ആര്‍.എസ്.എസ് പ്രതിനിധി
എഡിറ്റര്‍
Saturday 5th August 2017 11:54am

കോഴിക്കോട്: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ജോസഫ് മാഷുടെ കൈ വെട്ടിയത് സി.പി.ഐ.എമ്മാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത് നാക്കുപിഴയാണെന്ന് ആര്‍.എസ്.എസ് നേതാവ്.

മീഡിയവണ്ണിന്റെ സ്പെഷല്‍ എഡിഷന്‍ ചര്‍ച്ചക്കിടെയാണ് ആര്‍.എസ്.എസ് പ്രതിനിധി സി.സദാനന്ദന്‍ മാസ്റ്ററുടെ ഏറ്റുപറച്ചില്‍.

നിങ്ങള്‍ ദല്‍ഹിയില്‍ അവതരിപ്പിച്ചത് നട്ടാല്‍ കുരുക്കാത്ത നുണയല്ലേയെന്നും ജോസഫ് മാഷിന്റെ കൈവെട്ടിയത് സി.പി.ഐ.എമ്മാണെന്ന് കേരളത്തിലെ ആര്‍.എസ്.എസിന് അഭിപ്രായമുണ്ടോ എന്നുമുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു അതൊരു സ്ലിപ് ഓഫ് ടങ്ങാണ് എന്ന സദാനന്ദന്‍ മാഷിന്റെ മറുപടി.


Dont Miss സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും വി.സി ഹാരിസിനെ നീക്കി ഇടതു സിന്‍ഡിക്കേറ്റിന്റെ പ്രതികാരനടപടി; ഗൂഢാലോചനയെന്ന് ഹാരിസ്


എന്നാല്‍ പാര്‍ലമെന്റിലിരിക്കുന്നവര്‍ അവര്‍ അങ്ങനെ തന്നെയാണ് മനസിലാക്കിയതും അത് അങ്ങനെ തന്നെയാണ് അവര്‍ക്ക് ബോധ്യപ്പെട്ടതുമെന്നും അവതാരകന്‍ വ്യക്തമാക്കുകയും ചെയ്തു.

ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് ജോസഫ് മാഷുടെ കൈ വെട്ടിയത് സി.പി.ഐ.എമ്മാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത്. ഇത് വിവാദമായെങ്കിലും പരസ്യമായി തെറ്റ് സമ്മതിക്കാന്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം തയ്യാറായിരുന്നില്ല.

മതനിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. 2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി കോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ മതനിന്ദ കലര്‍ന്നതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ നാലിന് ഒരു സംഘമാളുകള്‍ ജോസഫിനെ ആക്രമിച്ച് വലത് കൈപ്പത്തി വെട്ടിമാറ്റിയത്. വാനിലെത്തിയ ഏഴംഗ സംഘം കാര്‍ തടഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രൊഫസറെ വലിച്ചിറക്കി കൈകളിലും കാലുകളിലും വെട്ടുകയായിരുന്നു.

Advertisement