എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ചൊൽപ്പടിക്ക് നിർത്താനാണ് ആർ.എസ്.എസിന്റെ ശ്രമം: എം.വി ഗോവിന്ദൻ
Kerala
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ചൊൽപ്പടിക്ക് നിർത്താനാണ് ആർ.എസ്.എസിന്റെ ശ്രമം: എം.വി ഗോവിന്ദൻ
ശ്രീലക്ഷ്മി എ.വി.
Wednesday, 21st January 2026, 5:58 pm

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാംദാസ് അത്താവാലയ്ക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ചൊൽപ്പടിക്ക് നിർത്താനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും കേരളം എന്താണെന്ന് അത്താവാലയ്ക്ക് അറിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര മന്ത്രിസഭയിലെ അംഗം തന്നെ പരസ്യമായി മാധ്യമങ്ങളോട് ഇത്തരം നിലപാടുകൾ പറയുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യാമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടുലക്ഷം കോടി രൂപയോളമാണ് അഞ്ചുകൊല്ലമായി കേരളത്തിന് നൽകാത്തതെന്നും കേരളത്തിന് അവകാശപ്പെട്ടത് ചോദിക്കുമ്പോൾ അതിന് മറുപടിയായി സഹായം നൽകണമെങ്കിൽ എൻ.ഡി.എയുടെ ഭാഗമാകണമെന്ന് പറയുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഇത്തരം നിലപാടുകൾക്കെതിരെ രാജ്യം ശക്തമായ പ്രതിഷേധങ്ങൾ നടത്തണമെന്നും കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ശക്തമായ കടന്നാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അദ്ദേഹത്തിന് കേരളത്തിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ച് വേണ്ടത്ര ധാരണയില്ലെന്ന് വളരെ വ്യക്തമാണ്. ആർ.എസ്.എസും ബി.ജെ.പിയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന സി.പി.ഐ.എമ്മും തമ്മിലുള്ള ബന്ധമെന്താണെന്ന് കേരളത്തിലെ മുഴുവൻ ആളുകൾക്കും അറിയാം,’ എം.വി ഗോവിന്ദൻ പറഞ്ഞു.

ശക്തമായി പൊരുതിയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം വർഗീയതയ്‌ക്കെതിരായി മുന്നേറുന്നതെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ എൻ.ഡി.എക്കൊപ്പം നിൽക്കണമെന്നും ഒപ്പം നിന്നാൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും രാംദാസ് അത്താവാല പറഞ്ഞിരുന്നു.

പിണറായി വിജയനെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സോഷ്യലിസ്റ്റ് നേതാക്കൾക്ക് എൻ.ഡി.എയിലേക്ക് വരാമെങ്കിൽ കമ്മ്യൂണിസ്റ്റുകാർക്കും വരാമെന്നും അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: RSS is trying to subvert all constitutional institutions: MV Govindan

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.