അംബേദ്ക്കറുടെ കോലം കത്തിച്ച, ഭരണഘടനയെ അവഹേളിച്ചവരാണ് ആർ.എസ്.എസ്; ദത്താത്രേയയുടെ പരാമർശത്തിന് പിന്നാലെ ചരിത്രം ഓർമപ്പിച്ച് സി.എൻ ജയരാജൻ
Kerala News
അംബേദ്ക്കറുടെ കോലം കത്തിച്ച, ഭരണഘടനയെ അവഹേളിച്ചവരാണ് ആർ.എസ്.എസ്; ദത്താത്രേയയുടെ പരാമർശത്തിന് പിന്നാലെ ചരിത്രം ഓർമപ്പിച്ച് സി.എൻ ജയരാജൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2025, 2:38 pm

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള ആർ. എസ്. എസ് നേതാവ് ദത്താത്രേയയുടെ വിവാദ പരാമർശത്തിന് പിന്നാലെ, ഭരണഘടനയെയും അംബേദ്കറിനെയും അപമാനിച്ച ആർ.എസ്.എസ് ചരിത്രം ഓർമിപ്പിച്ച് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സി.എൻ ജയരാജൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ വരുത്തിയ ഭേദഗതിയാണ് സോഷ്യലിസ്റ്റ്, മതേതരം എന്നീ പദങ്ങളെന്നും അതിനാൽ അത് ഒഴിവാക്കണമെന്നുമായിരുന്നു ആർ.എസ്.എസ് നേതാവ് ദത്താത്രേയയുടെ പരാമർശം. ആർ.എസ്.എസ് ഫാസിസ്റ്റുകൾ ഭരണഘടനയെ കുറിച്ച് പറയുമ്പോൾ അത് നമുക്ക് ചരിത്രം പരിശോധിക്കാനുള്ള വഴി തുറന്നിടുന്നുവെന്നും അദ്ദേഹം പറയുന്നു.

തുടർന്ന് ആർ.എസ്.എസ് ഭരണഘടനയെയും അംബേദ്കറെയും പലപ്പോഴായി അവഹേളിക്കുന്ന ചരിത ഭാഗങ്ങൾ അദ്ദേഹം എടുത്തുപറയുകയും ചെയ്തു.

‘1949ൽ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിലെ എഡിറ്റോറിയൽ ഭരണഘടനയെ ഭാരതീയതയില്ലാത്തത് എന്നാണ് വിശേഷിപ്പിച്ചത്. മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങളെ ആധാരമാക്കാതെ ഭരണഘടന നിർമിച്ചതിൽ പത്രം ആശങ്ക രേഖപ്പെടുത്തി. പുരാതന ഭാരതത്തിലെ ഭരണഘടനാപരമായ വികാസത്തെ കുറിച്ച് ഭരണഘടനയിൽ ഒന്നും പറഞ്ഞിട്ടില്ല എന്നും അതിൽ ആരോപിക്കുന്നു. സവർക്കർ മനുസ്മൃതിയെ ഹിന്ദു നിയമം എന്നാണ് വിളിച്ചത്.

ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കർ വിചാരധാര എഴുതുന്നത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് രണ്ട് ദശാബ്ദം കഴിഞ്ഞാണ്.
അതിൽ ഗോൾവാൾക്കർ പറയുന്നത്, പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളിലുള്ള കുറേ വകുപ്പുകൾ എടുത്തു കൂട്ടിച്ചേർത്ത് കുഴച്ചു മറിച്ച ഒന്നാണ് ഇന്ത്യൻ ഭരണഘടന എന്നാണ്. ആർ.എസ്.എസുകാർ പുറം തിരിഞ്ഞു നിന്ന സമയങ്ങളായിരുന്നു സ്വാതന്ത്ര്യസമര വേളകൾ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ആദ്യം അവർ ചെയ്ത ഒരു കാര്യം നേരത്തേ പറഞ്ഞതു പോലെ ഭരണഘടനയെ അവഹേളിക്കലായിരുന്നു.

അതിന് ശേഷം അവർ 1950കളിൽ അംബേദ്ക്കർ കൊണ്ടു വന്ന ഹിന്ദു കോഡ് ബില്ലിനെ അപമാനിച്ചു. ഹിന്ദു സമൂഹത്തിന് മുകളിൽ പതിക്കുന്ന ആറ്റം ബോംബ് ആണ് ഹിന്ദു കോഡ് ബിൽ എന്ന് സംഘപരിവാരങ്ങൾ പറഞ്ഞു. അവർ ഇതുമായി ബന്ധപ്പെട്ട അംബേദ്ക്കറുടെ കോലം കത്തിക്കുകയും ചെയ്തു. മനുസ്മൃതി കത്തിച്ച അംബേദ്ക്കറോടുള്ള ദേഷ്യം അവർ ഇങ്ങിനെയും പ്രകടിപ്പിച്ചു.

1993ൽ സ്വാമി മുക്താനന്ദ പോലുള്ള, അയോധ്യയിൽ ആർ.എസ്.എസ് രാമമന്ദിരം പണിയാൻ മെനക്കെട്ട് പ്രചാരണം നടത്തിയിരുന്ന സംഘ സ്വാമികൾ പത്ര സമ്മേളനം വിളിച്ചു കൂട്ടി ഭരണഘടന ഹിന്ദു വിരുദ്ധമാണെന്നും അതു തള്ളിക്കളയണമെന്നും പരസ്യമായി ആവശ്യപ്പെട്ടു. തങ്ങൾക്ക് ഒരു നിയമത്തിലും വിശ്വാസമില്ലെന്നും സന്ന്യാസിമാർ എല്ലാ നിയമങ്ങൾക്കും അതീതരാണെന്നും അവർ പറഞ്ഞു. ഇതൊക്കെ പറഞ്ഞു കൊണ്ട് അവർ ഒരു ധവള പത്രം പുറപ്പെടുവിക്കുകയും ചെയ്തു,’ അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

ആർ.എസ്.എസുകാരന്റെ തനിനിറം അറിയാൻ ഇപ്പോഴത്തെ ഗവർണറുടെ രാജ് ഭവൻ വരെ ഒന്നു പോയാൽ മതിയെന്നും അദ്ദേഹം വിമർശിച്ചു.
ഭാരതാംബ ചിത്രത്തിൽ ത്രിവർണ പതാകയേ വേണ്ടെന്ന് വെക്കുകയും പകരം കാവിക്കൊടി ഉപയോഗിക്കുകയും ചെയ്തത് ഗവർണറുടെ തീരുമാനമല്ല, അത് പണ്ടേയുള്ള ആർ.എസ്.എസ് തീരുമാനമാണെന്ന് അദ്ദേഹം വിമർശിച്ചു.

1947ൽ ത്രിവർണ പതാകയെ ഹിന്ദുക്കൾ ബഹുമാനിക്കില്ല എന്ന് ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ എഴുതിയിരുന്നു. അന്നവർ ത്രിവർണ്ണ പതാകയ്ക്ക് പകരം കാവിക്കൊടി ആവശ്യപ്പെട്ടിരുന്നു. അതാണ് ഗവർണർ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

2002 വരെ ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽ ആഗസ്റ്റ് 15ന് ദേശീയ പതാക ഉയർത്താൻ ആർ.എസ്.എസ് തയ്യാറായിരുന്നില്ല. പിന്നീട് അവർ സമ്മതിച്ചത് ഓർക്കാപ്പുറത്തായിരുന്നു. കാരണം, 2001ൽ മൂന്ന് ആക്ടിവിസ്റ്റുകൾ അവിടെ ബലമായി ത്രിവർണ പതാക കെട്ടി.
2015ലും ആർ.എസ്.എസ് കാവിക്കൊടിയായിരുന്നുവെങ്കിൽ നന്നായിരുന്നുവെന്നും ത്രിവർണ പതാകയിലെ മറ്റു നിറങ്ങൾ കാണുമ്പോൾ വർഗ്ഗീയ ചിന്തകളുണ്ടാകുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു.

പിന്നീട് മോഹൻ ഭഗവത് ത്രിവർണ പതാകയെ ആർ.എസ്.എസ് അംഗീകരിച്ചിരുന്നു എന്നു പറഞ്ഞു. അതു പോലെയാണ്, ദത്താത്രേയയും ഭരണഘടന നശിക്കാതിരിക്കാൻ ആമുഖം പരിഷ്ക്കരിക്കണമെന്ന് പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

‘ഇന്നത്തെ ആർ.എസ്.എസ് ഫാസിസത്തിന്റെ പ്രത്യേകത അവർ പരസ്യമായി ദേശീയ പതാകക്കോ ഭരണഘടനക്കോ എതിരായി ഒന്നും പറയില്ല എന്നതാണ്. മഹാത്മാഗാന്ധിയെ അവർ വന്ദിക്കുന്നതും കാണാവുന്നതാണ്. ഇതൊക്കെ അവരുടെ അടവാണ്. ഗവർണർ ചെയ്തുകൂട്ടുന്നത് പോലെ തരം കിട്ടുന്നിടത്ത് അവർ ത്രിവർണ പതാകയെയും ഭരണഘടനയെയും ഒക്കെ ഇല്ലാതാക്കാനുള്ള സകല നടപടികളും കൈക്കൊള്ളുക തന്നെ ചെയ്യും,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: RSS is the one who burned Ambedkar’s effigy and insulted the Constitution; CN Jayarajan reminds us of history after Dattatreya’s remark