ആര്‍.എസ്.എസ് ഇന്ത്യന്‍ കു ക്ലക്‌സ് ക്ലാന്‍ അല്ല, അമേരിക്കയില്‍ അങ്ങനെ ഒരു തെറ്റിദ്ധാരണയുണ്ട്: ഹോസബലെ
national news
ആര്‍.എസ്.എസ് ഇന്ത്യന്‍ കു ക്ലക്‌സ് ക്ലാന്‍ അല്ല, അമേരിക്കയില്‍ അങ്ങനെ ഒരു തെറ്റിദ്ധാരണയുണ്ട്: ഹോസബലെ
ആദര്‍ശ് എം.കെ.
Friday, 24th April 2026, 4:26 pm

 

 

വാഷിങ്ടണ്‍: രാഷ്ട്രീയ സ്വയം സേവക സംഘം അമേരിക്കയിലെ എക്‌സ്ട്രീമിസ്റ്റ് ഗ്രൂപ്പായ കു ക്ലക്‌സ് ക്ലാനിന്റെ (Ku Klux Klan – KKK) ഇന്ത്യന്‍ പതിപ്പല്ലെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. വാഷിങ്ടണിലെ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ‘ന്യൂ ഇന്ത്യ കോണ്‍ഫറന്‍സില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം

അമേരിക്കയില്‍ ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നതുപോലെ ആര്‍.എസ്.എസിനെക്കുറിച്ചും തെറ്റായ ധാരണകളുണ്ടെന്ന് ഹൊസബലെ പറഞ്ഞു.

1865ല്‍ രൂപം കൊണ്ട പ്രൊട്ടസ്റ്റന്റ്, വലതുപക്ഷ എക്‌സ്ട്രീമിസ്റ്റ് ഗ്രൂപ്പാണ് കു ക്ലക്‌സ് ക്ലാന്‍.

കു ക്ലക്‌സ് ക്ലാന്‍

‘പതിറ്റാണ്ടുകളായി, ബോധപൂര്‍വമോ അല്ലാതെയോ ഒരു അജണ്ടയുടെ ഭാഗമായി നിര്‍മിക്കപ്പെട്ട ആഖ്യാനം ആര്‍.എസ്.എസ് ഒരു ഹിന്ദു മേധാവിത്വ സംഘടനയാണെന്നോ അല്ലെങ്കില്‍ അത് ക്രിസ്ത്യന്‍ വിരുദ്ധം, ന്യൂനപക്ഷ വിരുദ്ധം, വികസന വിരുദ്ധം, ആധുനികവത്കരണ വിരുദ്ധം എന്നിവയാണെന്നുമാണ്.

എന്തിനെയാണോ ഞങ്ങള്‍ അനുകൂലിക്കുന്നത് അത് ഹൈലൈറ്റ് ചെയ്യപ്പെടുന്നില്ല, പകരം, കു ക്ലക്‌സ് ക്ലാനിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന തരത്തിലുള്ള തെറ്റായ, വിരുദ്ധമായ പ്രചാരണങ്ങളാണ് എപ്പോഴും നടക്കുന്നത്. എന്നാല്‍ ഞങ്ങള്‍ അതല്ല,’ ഹൊസബാലെ പറഞ്ഞു.

എല്ലാത്തിലും ഞങ്ങള്‍ ഏകത്വം കാണുന്നു. ഹിന്ദുക്കളുടെ അടിസ്ഥാന തത്വചിന്ത ഇതായിരിക്കുമ്പോള്‍, ഒരു മേധാവിത്വ സ്വഭാവത്തിന്റെ ചോദ്യം ഉദിക്കുന്നില്ല. ചരിത്രത്തില്‍ ഹിന്ദുക്കള്‍ ഒരിക്കലും മറ്റൊരു രാജ്യത്തെയും ആക്രമിച്ചിട്ടില്ലെന്നും ആര്‍.എസ്.എസ് മേധാവി കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ഐഡന്റിറ്റിയെ മതപരമായ ഒന്നായല്ല, മറിച്ച് ഒരു നാഗരിക ഐഡന്റിറ്റിയായാണ് ആര്‍.എസ്.എസ് കാണുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങളില്‍ നിന്നും ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണെന്നും ചര്‍ച്ചകളിലൂടെ ഇവ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഇന്ത്യന്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് ജനിച്ച ഒരു അയല്‍രാജ്യവുമായി മാത്രമേ പ്രശ്‌നമുള്ളൂ’ എന്നും അവിടുത്തെ രാഷ്ട്രീയ നേതൃത്വവും മറ്റു പലരും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരാമര്‍ശിച്ചു.

 

Content Highlight: RSS is not Indian Ku Klux Klan, says Dattatreya Hosabale

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.