'കൊല്ലത്തെ സി.പി.ഐ.എം നൗഷാദിന് കീഴില്‍, ആലപ്പുഴയില്‍ സലാം, എറണാകുളത്ത് സാക്കിര്‍ ഹുസൈന്‍'; വര്‍ഗീയ പരാമര്‍ശവുമായി ടി.ജി. മോഹന്‍ദാസ്
Kerala News
'കൊല്ലത്തെ സി.പി.ഐ.എം നൗഷാദിന് കീഴില്‍, ആലപ്പുഴയില്‍ സലാം, എറണാകുളത്ത് സാക്കിര്‍ ഹുസൈന്‍'; വര്‍ഗീയ പരാമര്‍ശവുമായി ടി.ജി. മോഹന്‍ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 11:32 pm

കോഴിക്കോട്: സി.പി.ഐ.എം നേതാക്കന്മാരിലെ മുസ്‌ലിം നാമധാരികളെ തെരഞ്ഞുപിടിച്ച് വര്‍ഗീയ പരാമര്‍ശവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. സി.പി.ഐ.എമ്മില്‍ മുസ്‌ലിങ്ങള്‍ ആധിപത്യമുറപ്പിക്കുന്നുവെന്ന പ്രചരണമാണ് ചില പേരുകള്‍ ഉദാഹരിച്ച് ടി.ജി. മോഹന്‍ദാസ് നടത്തുന്നത്.

ഇരവിപുരം എം.എല്‍.എ എന്‍. നൗഷാദിന്റെ കീഴിലാണ് കൊല്ലം ജില്ലയിലെ സി.പി.ഐ.എം എന്നും ആലപ്പുഴയെ അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാമാണ് നിയന്ത്രിക്കുന്നതെന്നും, എറണാകുളം ജില്ല എം.എല്‍.എ പോലുമല്ലാത്ത സാക്കിര്‍ ഹുസൈന്റെ കാല്‍ക്കീഴിലാണെന്നും ഇയാള്‍ പറഞ്ഞു.

‘കൊല്ലത്തെ സി.പി.ഐ.എം നൗഷാദ് എന്ന എം.എല്‍.എയുടെ കീഴിലാണ്. ആലപ്പുഴ സി.പി.ഐ.എം സലാം എന്ന എം.എല്‍.എയുടെ കീഴില്‍! എറണാകുളം സി.പി.ഐ.എം എം.എല്‍.എ പോലുമല്ലാത്ത സാക്കിര്‍ ഹുസൈന്റെ കാല്‍ക്കീഴില്‍ ആണ്..
അങ്ങനെ ഒന്നൊന്നായി… ഒന്നൊന്നായി.. ആഹാ,’ ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.

എന്നാല്‍, ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഇദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുസ്‌ലിം നാമധാരികളെ തെരഞ്ഞുപിടച്ച് ഇത്തരത്തില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ ആര്‍.എസ്.എസുകാര്‍ക്കേ കഴിയൂ എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു കമന്റ്.