ഭാഗം: പതിനാല്
ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ ആര്‍.എസ്.എസും വി.എച്ച്.പിയും ഉളവാക്കുന്ന സ്വാധീനത്തെക്കുറിച്ച് ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് കേബിളുകള്‍ സൂചന നല്‍കുന്നു. രാഷ്ട്രീയ സ്വയം സേവക്‌സംഘിന്റെ (ആര്‍.എസ്.എസ്) ഉയര്‍ച്ച ബി.ജെ.പിയുടെ പതനത്തിന്റെ ആക്കം വര്‍ധിപ്പിച്ചുവെന്ന് ദല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ വിലയിരുത്തലിലൂടെ വ്യക്തമാവുന്നുണ്ട്.
പാക്കിസ്ഥാനിലേക്കുള്ള തന്റെ സന്ദര്‍ശനത്തിനിടെ മുഹമ്മദലി ജിന്നയെക്കുറിച്ച് നടത്തിയ പ്രസംഗവും തുടര്‍ന്ന് ബി.ജെ.പിയിലുണ്ടായ തൊഴുത്തില്‍ക്കുത്തുമാണ് അമേരിക്കന്‍ എംബസിക്ക് ഇത്തരത്തൊലുരു നിഗമനത്തിലെത്താന്‍ പ്രേരിപ്പിച്ചത്. 2005 ജൂണ്‍ നാലിന് കറാച്ചിയില്‍വെച്ചായിരുന്നു ജിന്നയെ മതേതരത്വത്തിന്റെ അംബാസിഡറായി അദ്വാനി വാഴ്ത്തിയത്. തുടര്‍ന്നായിരുന്നു അദ്വാനിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരേ സംഘപരിവാരങ്ങളും സംഘവും രംഗത്തെത്തിയത്.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അദ്വാനിയുടെ സന്ദര്‍ശനം സഹായിച്ചെന്ന് അഭിപ്രായപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ ജിന്ന പ്രസംഗം പാര്‍ട്ടിക്കുള്ളില്‍ വന്‍ ചേരിതിരിവ് സൃഷ്ടിച്ചിരുന്നുവെന്ന് എംബസിയുടെ ചുമതലയുള്ള റോബര്‍ട്ട് ബ്ലാക്ക് അഭിപ്രായപ്പെട്ടിരുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിലും (എന്‍.ഡി.എ) ബി.ജെ.പിയിലും ഈ ചേരിതിരിവ് ദൃശ്യമായിരുന്നു.
ആര്‍.എസ്.എസിനും ബി.ജെ.പിക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ഈ ചേരിതിരിവ് ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ള രണ്ടാംനിര നേതാക്കളൊന്നും നിലവില്‍ പാര്‍ട്ടിയിലില്ലെന്ന് ബ്ലാക്ക് കേബിളില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് സംഘപരിവാരങ്ങളോട് ചെറുത്തുനില്‍ക്കാനുള്ള ശക്തിയില്ലെന്നും കേബിള്‍ വ്യക്തമാക്കുന്നു.
ബാബരി മസ്ജിദ് പൊളിച്ചസ്ഥലത്ത് താല്‍ക്കാലികമായി സ്ഥാപിച്ച ക്ഷേത്രത്തിനു നേരെ നടന്ന ഈആക്രമണം വര്‍ഗ്ഗീയപ്രശ്‌നമായി കൊണ്ടുവരാനുള്ള ബി.ജെ.പിയുടേയും സംഘ പരിവാരങ്ങളുടേയും ശ്രമം പരാജയപ്പെട്ടുവെന്ന് 2005 ജൂലൈ ഏഴിന് അയച്ച കേബിള്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാനെതിരേ വാക് യുദ്ധം നടത്തിയതും പാക്കിസ്ഥാന്റെ പതാക കത്തിച്ചതുമെല്ലാം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു എന്നും സൂചനയുണ്ട്.
ആണവകാര്‍; അമേരിക്കയ്ക്ക് ലാലുവിന്റെ പിന്തുണ
രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലുപ്രസാദ് യാദവുമായി അമേരിക്കന്‍ അംബാസിഡര്‍ നടത്തിയ മറക്കാനാവാത്ത കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ ഏറെ രസകരമായിരുന്നു. ആണവകരാറിന്റെ കാര്യത്തില്‍ അമേരിക്ക പേടിക്കേണ്ടെന്നും ഇക്കാര്യത്തില്‍ യു.പി.എസര്‍ക്കാറിനെ വീഴാതെ സൂക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നുമായിരുന്നു ഈ കൂടിക്കാഴ്ച്ചയില്‍ ലാലുജി വ്യക്തമാക്കിയത്.
2007 ഡിസംബറിലായിരുന്നു ലാലുപ്രസാദ് യാദവുമായി മുള്‍ഫോര്‍ഡ കൂടിക്കാഴ്ച്ച നടത്തിയത്. അമേരിക്കയുമായുള്ള ബന്ധം ഇന്ത്യക്ക് എന്നും വിലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ട ലാലു ഹൈഡ് ആക്ടിനെക്കുറിച്ചും 123 കരാറിനെക്കുറിച്ചും തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. താനും തന്റെ പാര്‍ട്ടിപ്രവര്‍ത്തകരും ഇക്കാര്യം മറ്റ് രാഷ്ട്രീയപ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മുള്‍ഫോര്‍ഡിന് ഉറപ്പ് നല്‍കിയിരുന്നു.
ബി.ജെ.പിയെയും ഇടതുപക്ഷത്തെയും കഴിയുന്നതും അകറ്റി നിര്‍ത്താനുള്ള എല്ലാ ശ്രമവും ലാലു പ്രസാദ് നടത്തിയിരുന്നതായി മുള്‍ഫോര്‍ഡ് പറയുന്നുണ്ട്. ബി.ജെ.പിയുമായി കരാറിന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയൊന്നും നടത്തേണ്ടതില്ലെന്ന് ലാലു മുള്‍ഫോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ കരാര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന ബി.ജെ.പിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും ലാലു വിശേഷിപ്പിച്ചിരുന്നു.
എന്നാല്‍ ബിഹാറില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന “മഹത്തായ പാര്‍ട്ടി” യുടെ നേതാവാണ് ലാലു എന്നും യു.പി.എ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെങ്കില്‍ പറഞ്ഞതെല്ലാം ലാലു വിഴുങ്ങുമെന്നും മുള്‍ഫോര്‍ഡിന് വ്യക്തമായി അറിയാമായിരുന്നു. ഇടതുപാര്‍ട്ടി നേതാക്കളുമായി തനിക്ക് നല്ല അടുപ്പമാണുള്ളതെന്നും അവരെ ആണവകരാറിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ തനിക്ക് സാധിക്കുമെന്നും ലാലു ഉറപ്പു നല്‍കിയിരുന്നു.
റെയില്‍വേമന്ത്രിയെന്ന നിലയ്ക്കുള്ള ലാലുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുള്‍ഫോര്‍ഡിന് നല്ല മതിപ്പായിരുന്നു. സമര്‍ത്ഥനായ, ജനകീയനായ മന്ത്രിയായിരുന്നു ലാലു എന്നും അല്ലാതെ മാധ്യമങ്ങള്‍ കളിയാക്കുന്നതുപോലെയുള്ള ആളേ ആയിരുന്നില്ല എന്നും മുള്‍ഫോര്‍ഡ് പറഞ്ഞതായും കേബിളുകള്‍ സൂചിപ്പിക്കുന്നു.
കശ്മീരിലെ യു.എസ് ഇടപെടല്‍ ഗുണകരമായേക്കില്ലെന്ന് നിഗമനം
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്ക നടത്തുന്ന ഏതുതരത്തിലുള്ള ഇടപെടലുകളും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയേക്കുമെന്ന് അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമര്‍ വാഷിംഗ്ടണ് അയച്ച രേഖകളില്‍ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ളതാണെന്നും അതില്‍ മൂന്നാമതൊരു പാര്‍ട്ടിയുടെ ഇടപെടല്‍ ഗുണകരമായേക്കില്ലെന്നും തിമോത്തി റോമര്‍ അഭിപ്രായപ്പെട്ടിരുന്നു.
താഴ്‌വരയില്‍ നടക്കുന്ന സമാധാനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തെണമെങ്കില്‍ എല്ലാ വിഭാഗീയസംഘടനകളുമായി മുന്‍ധാരണകളില്ലാത്ത ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അംബാസിഡര്‍ അഭിപ്രായപ്പെട്ടിരുന്നു.
കശ്മീരില്‍ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനായി വിശ്വാസവര്‍ധക നടപടികളെക്കുറിച്ചുള്ള ഒരു പട്ടിക എംബസി തയ്യാറാക്കിയിരുന്നു. പട്ടികയില്‍ പറഞ്ഞിരുന്ന സുപ്രധാന കാര്യങ്ങള്‍ ഇവയാണ്
1-താഴ്‌വരയിലെ വിഘടനവാദികളുമായുള്ള ചര്‍ച്ച തുടരുക
2-പഞ്ചായത്ത് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഉടന്‍ സംഘടിപ്പിക്കുക
3-വര്‍ഷങ്ങളായി തടവിലിട്ടിരിക്കുന്ന, സുരക്ഷയ്ക്ക് ഭീഷണിയാകാത്ത ആളുകളെ പുറത്തുവിടുക
4-ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ന പേരില്‍ നടപ്പിലാക്കിയിട്ടുള്ള കരിനിയമങ്ങളെല്ലാം പിന്‍വലിക്കുക
5- മനുഷ്യാവകാശ ധ്വസനം നടത്തിയ സൈനികരേയും ഉദ്യോഗസ്ഥരെയും മാതൃകാപരമായി ശിക്ഷിക്കുക
6-ഘട്ടംഘട്ടമായി സൈന്യത്തെ താഴ്‌വരയില്‍ നിന്നും പിന്‍വലിക്കുക
7-സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുക
8-നിരുപാധികം കീഴടങ്ങിയ ആളുകളെയും അവരുടെ കുടുംബങ്ങളെയും ആക്രമിക്കുന്നത് തടയുക
9-നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് ബസ് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുക
10-നിയന്ത്രണരേഖയിലെ ആസാദ് കശ്മീരിനും ജമ്മു കശ്മീരിനും ഇടയ്ക്ക് ടെലഫോണ്‍ ബന്ധം ഏര്‍പ്പെടുത്തുക.
11-വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുക എന്നിവയെല്ലാമായിരുന്നു പട്ടികയിലെ നിര്‍ദ്ദേശങ്ങള്‍.
മൊഴിമാറ്റം: പി.വി സുരാജ്
‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)
പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)
വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)
പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)
യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍ (അഞ്ചാം ഭാഗം)
ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)
സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല (ഭാഗം: ഏഴ്)
നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)
‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘ (ഭാഗം: ഒമ്പത്)
ഹിന്ദു ദേശീയത അവസരവാദപരം: വിക്കിലീക്‌സ് (ഭാഗം: പത്ത്)
സഖ്യകക്ഷികളേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ഇടതിനോട് (ഭാഗം: പതിനൊന്ന്)
‘തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമെങ്കില്‍ ഇന്ത്യ കൂടുതല്‍ വികസിച്ചേനേ’ (ഭാഗം: പന്ത്രണ്ട്) 26/11: ആ പിങ്ക് ബോക്‌സ് എവിടെ? (ഭാഗം: പതിമൂന്ന്)


