ദക്ഷിണേന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ സ്വാധീനം ഏറെയാണെന്ന് ദ ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. ചെന്നൈയിലെ അമേരിക്കന്‍ ആക്ടിങ് പ്രിന്‍സിപ്പല്‍ ഫ്രെഡറിക് കെപ്ലാന്‍ വാഷിംഗ്ടണ് അയച്ച രേഖകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിന്റെ കാര്‍ത്തി ചിദംബരം, കേന്ദ്രമന്ത്രി അഴഗിരിയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന എം.പട്ടുരാജന്‍, എം.പി അസാദുദീന്‍ ഒവൈസി എന്നിവര്‍ പണം നല്‍കി വോട്ടുനേടാന്‍ ശ്രമിച്ചുവെന്ന കാര്യം രേഖകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
പണമായിട്ടും മദ്യമായിട്ടും മറ്റ് സേവനങ്ങളായിട്ടും തങ്ങള്‍ വോട്ടര്‍മാരെ കൈയ്യിലെടുത്തിട്ടുണ്ടെന്ന കാര്യം നേതാക്കള്‍ യാതൊരു മടിയുംകൂടാതെ സമ്മതിച്ചിട്ടുണ്ട്. വോട്ടുനേടാനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാനും ദക്ഷിണേന്ത്യന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ തയ്യാറായിരുന്നു. പൊതുകിണര്‍ കുഴിച്ചും ദിനപ്പത്രത്തിനിടയില്‍ പണം നല്‍കിയും അവര്‍ വോട്ടര്‍മാരെ വിലയ്‌ക്കെടുത്തു.
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിക്കുന്ന ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ന് കെപ്ലാന്‍ അയച്ച രേഖകളില്‍ വ്യക്തമാക്കുന്നു.
അഫ്‌സല്‍ ഗുരുവും എ.പി.ജെ അബ്ദുള്‍ കലാമും സോണിയയും
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ കടുത്ത ഭിന്നത ഉണ്ടായിരുന്നുവെന്ന് ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. 2006ല്‍ ദല്‍ഹിയിലെ എംബസിയില്‍ നിന്നും വാഷിംഗ്ടണിലേക്ക് അയച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അഫ്ഗസല്‍ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്തു തന്നെ ഭിന്നതയുണ്ടായിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രി ഗുലാംനബി ആസാദ് വധശിക്ഷ നടപ്പാക്കുന്നതിന് എതിരായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയാല്‍ അത് മുസ്‌ലിം വോട്ടുകളെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് ഭയന്നിരുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു.
അഫ്‌സല്‍ ഗുരു വിഷയം ദേശീയസംസ്ഥാന രാഷ്ട്രീയ രംഗത്ത് പ്രഭാവം സൃഷ്ടിച്ചിരുന്നുവെന്ന സന്ദേശമാണ് പുറത്തായ രേഖകള്‍ നല്‍കുന്നത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഇളവുചെയ്യാന്‍ തീരുമാനിച്ചാല്‍ അത് ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ മുതലെടുക്കുമെന്നും ശിക്ഷയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ അത് മുസ്‌ലിം വോട്ടുബാങ്കിനെ ബാധിക്കുമെന്നും കോണ്‍ഗ്രസ് ഭയന്നിരുന്നു.
അഫ്‌സല്‍ ഗുരുവിനോട് കശ്മീരികള്‍ക്ക് സഹതാപം
അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ കശ്മീരികള്‍ക്കിടയില്‍ ഒരു സഹതാപ തരംഗം നിലനിന്നിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് അമേരിക്കന്‍ എംബസിയെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്.
“കശ്മീരികള്‍ക്ക് അഫ്‌സല്‍ ഗുരുവിനോട് സഹതാപമുണ്ടായിരുന്നു. ഒരു കാര്‍ വാങ്ങിയെന്നത് മാത്രമാണ് അഫ്സ്ല്! ഗുരു ചെയ്ത കുറ്റം. പാര്‍ലമെന്റ് ആക്രമണം നടത്തിയ സംഘത്തില്‍ അഫ്‌സല്‍ ഗുരു അംഗമായിരുന്നില്ല. അദ്ദേഹം വാങ്ങിയ കാര്‍ അക്രമികള്‍ പാര്‍ലമെന്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഗുരുവിന് വധശിക്ഷ വിധിക്കാന്‍ മാത്രം ഇത് കാരണമാകുമോ? ” യാസിന്‍ മാലിക് ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
ജനങ്ങളെ വേണ്ട, നേതാക്കള്‍ക്ക് സോണിയ മതി!!!
കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നേതാക്കളുടേയും സ്വഭാവമഹത്വത്തിനെക്കുറിച്ചും വിക്കിലീക്‌സ് രേഖകള്‍ വെളിച്ചം വീശുന്നു. സോണിയാഗാന്ധിയും സന്തതി പരമ്പരകളും ജനങ്ങള്‍ക്കിടയിലേക്ക്, പ്രത്യേകിച്ച് ഹിന്ദി ബെല്‍റ്റിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടികാണിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ അന്ധമായ നേതൃത്വപ്രശംസയെയും വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ അന്ധമായി പ്രകീര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ പലസ്ഥാനങ്ങളും നേടാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം നേതാക്കള്‍ ഉണ്ടായിരുന്നതായി 2006ല്‍ ദല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്കയച്ച രേഖകള്‍ സൂചിപ്പിക്കുന്നു. സോണിയാഗാന്ധിക്ക് സ്തുതി പാടിയാല്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് ശിങ്കിടികള്‍ക്കിടയില്‍ ധാരണ ഉണ്ടായിരുന്നതായും വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു.
മൊഴിമാറ്റം: പി.വി സുരാജ്

