ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസല്ല; പക്ഷെ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നു: മോഹന്‍ ഭാഗവത്
India
ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസല്ല; പക്ഷെ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നു: മോഹന്‍ ഭാഗവത്
അനിത സി
Thursday, 19th February 2026, 12:44 pm

ന്യൂദല്‍ഹി: ബി.ജെ.പിയെ ആര്‍.എസ്.എസ് റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. എങ്കിലും ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് ബി.ജെ.പിയെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നെന്ന് പറയുന്നത് തെറ്റാണെന്ന് ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ വേളയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.

സര്‍ക്കാരിന്റെ കീഴില്‍ നിന്നും ക്ഷേത്രങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ചും ഭാഗവത് പ്രതികരിച്ചു. ക്ഷേത്രങ്ങള്‍ പരിപാലിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എങ്ങനെ ക്ഷേത്രങ്ങള്‍ പരിപാലിക്കണമെന്ന് സന്യാസിമാര്‍ ചിന്തിക്കണെമന്നും ഭാഗവത് പറഞ്ഞു.

സന്ദര്‍ശനത്തിന്റെ ഭാഗമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളാണ് ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്.

അടുത്തവര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

അതേസമയം, സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം ലഖ്‌നൗ സര്‍വകലാശാലയിലെത്തിയ മോഹന്‍ ഭാഗവതിന്റെ വിദ്യാര്‍ത്ഥി സംഘടനായയ എന്‍.എസ്.യു.ഐന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി വത്കരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മോഹന്‍ ഭാഗവതിനെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാവലയം ഭേദിച്ചതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വാദിച്ചു.

Content Highlight:  RSS does not remote controlling BJP; but those who oppose BJP also oppose RSS: Mohan Bhagwat

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.