ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് റോയല്‍ ചലഞ്ചേഴ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാര്‍. ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പാടിദാര്‍ പറഞ്ഞു. മാത്രമല്ല എല്ലാ ക്യാപ്റ്റന്മാരും ട്രോഫികള്‍ നേടാന്‍ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷം തങ്ങള്‍ അത് ചെയ്തുവെന്നും ബെംഗളൂരു ക്യാപ്റ്റന്‍ എടുത്തുപറഞ്ഞു. ഇതൊരു പുതിയ സീസണാണെന്നും പുതിയ സീസണാണെന്നും കിരീടം നേടാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യന്‍ ടീമില്‍ ഒരു സെലക്ഷനും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട്, ഞാന്‍ അതിന് വേണ്ടി കാത്തിരിക്കുന്നില്ല. ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ ക്യാപ്റ്റന്മാരും ട്രോഫികള്‍ നേടാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ അത് ചെയ്തു (ഐ.പി.എല്‍), പക്ഷേ ഇത് ഒരു പുതിയ സീസണാണ്.
2025നെക്കുറിച്ചും ഞങ്ങള്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചും നിങ്ങള്‍ക്ക് സംസാരിക്കുന്നത് തുടരാനാവില്ല. നിങ്ങള്‍ വര്‍ത്തമാനകാലത്ത് കൂടുതല്‍ മികച്ചതായിരിക്കണം, കിരീടം നേടാന്‍ നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യണം. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് ടീമില്‍ ഒന്നും മാറിയിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. നമ്മള്‍ വ്യത്യസ്തമായി ചിന്തിക്കുന്നു. നമ്മള്‍ ഒരേ മാനസികാവസ്ഥയിലാണ്,’ ബെംഗളൂരു ക്യാപ്റ്റന്‍ രജത് പത്രസമ്മേളനത്തില്‍ പറഞ്ഞു.റോയല്‍ ചലഞ്ചേഴ് ബെംഗളൂരു
ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് രജത് പാടിദാര്‍ ബെംഗളൂരുവിന് വേണ്ടി കാഴ്ചവെക്കുന്നത്. 2026ല്‍ 14 മത്സരങ്ങളില്‍ നിന്ന് 486 റണ്‍സാണ് താരം നേടിയത്. 93* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരം സീസണില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് താരത്തിനുള്ളത്. ഐ.പി.എല്‍ കരിയറില്‍ 56 മത്സരങ്ങളില്‍ നിന്ന് 1597 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
അതേസമയം ഐ.പി.എല്‍ 2026ലെ അവസാന പോരാട്ടം ഇന്ന് (മെയ് 31) നടക്കും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് കിരീട പോരാട്ടത്തിനിറങ്ങുന്നത്.