ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 16.3 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കിനില്‍ക്കെയുള്ള ആര്‍.സി.ബിയുടെ വിജയം കൂടിയാണിത്. 6.3 ഓവറിലാണ് ദല്‍ഹിക്കെതിരെ വിജയിച്ചുകയറിയത്. 81 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് നിലവിലെ ചാമ്പ്യന്മാര്‍ വിജയിച്ചത്. 2018ല്‍ പഞ്ചാബിനെതിരെ 71 പന്തുകള്‍ ബാക്കിനില്‍ക്കെ ബെംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം റെക്കോഡും തകര്‍ത്തുകൊണ്ട് ബെംഗളൂരു കുതിക്കുകയാണ്.
അതേസമയം മത്സരത്തില്‍ സൂപ്പര്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡ്ഡിന്റെയും മിന്നല്‍ സ്പെല്ലിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു ദല്‍ഹി. മത്സരത്തിലെ പവര്‍പ്ലെയില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമായിരുന്നു ദല്‍ഹിയുടെ പക്കലുണ്ടായിരുന്നത്. ഇത് ഐ.പി.എല്ലിലെ ഏറ്റവും ചെറിയ പവര്‍പ്ലേ സ്‌കോര്‍ കൂടിയാണ്.
19 റണ്‍സ് നേടിയ ഡേവിഡ് മില്ലറിനെ റാസിക് സലാമായിരുന്നു പുറത്താക്കിയത്. ശേഷിച്ച വിക്കറ്റ് ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് 20 റണ്‍സിന് ജേക്കബ് ബേഥലിനെ നഷ്ടപ്പെട്ടെങ്കിലും ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പടിക്കല്‍ 13 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 34* റണ്‍സ് നേടിയപ്പോള്‍ വിരാട് 15 പന്തില്‍ 23* റണ്‍സും നേടി. രണ്ട് സിക്സും ഒരു ഫോറുമാണ് വിരാട് നേടിയത്.
Content Highlight: Royal Challengers Bangalore Break Own Record in IPL