അവര്‍ സെല്‍ഫി എടുക്കുന്നത് കണ്ട് എസ്.ഐ സാറിന് ഞാന്‍ ഒന്നുരണ്ട് പടങ്ങളിലൊക്കെ വന്ന ആളാണെന്ന് മനസിലായി: റോഷന്‍ മാത്യു
Entertainment
അവര്‍ സെല്‍ഫി എടുക്കുന്നത് കണ്ട് എസ്.ഐ സാറിന് ഞാന്‍ ഒന്നുരണ്ട് പടങ്ങളിലൊക്കെ വന്ന ആളാണെന്ന് മനസിലായി: റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th June 2025, 8:36 pm

ഷാഹി കബീറിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോന്ത്. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തിജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്.

യോഹന്നാന്‍ എന്ന പരുക്കനായ പൊലീസുകാരനായി ദിലീഷ് പോത്തന്‍ എത്തുമ്പോള്‍ ദിന്‍നാഥ് എന്ന പൊലീസ് ഡ്രൈവറായി അഭിനയിക്കുന്നത് നടന്‍ റോഷന്‍ മാത്യുവാണ്. റോഷന്‍ സിനിമക്ക് മുമ്പ് യഥാര്‍ത്ഥ പൊലീസുകാരോടൊപ്പം നൈറ്റ് പെട്രോങ്ങിന് പോയിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവം പങ്കുവെക്കുകയാണ് നടന്‍.

‘സിനിമക്ക് വേണ്ടിയാണ് നമ്മള്‍ നൈറ്റ് പെട്രോങ്ങിനൊക്കെ കൂടെ വരുന്നതെന്ന് പറയുമ്പോള്‍ ഇതൊക്കെ എവിടെയോ ഡോക്യുമെന്റ് ചെയ്യപ്പെടുന്നുണ്ട് എന്ന ചിന്തയിലാണ് പൊലീസുകാരുടെ പെരുമാറ്റം. ആ സമയത്ത് അവര്‍ എല്ലാം വളരെ കറക്ടായി തന്നെയാണ് ചെയ്യുക.

ഞാന്‍ പെട്രോങ്ങിന് കൂടെ പോയ ദിവസം ആദ്യം ആ പൊലീസ് വണ്ടിയില്‍ കയറിയപ്പോള്‍ എസ്.ഐ. സാറിന് എന്നെ അറിയില്ലായിരുന്നു. ഞങ്ങള്‍ കുറേ ദൂരം വണ്ടിയില്‍ പോയി. ആ സമയത്ത് വളരെ ചില്‍ മൂഡിലാണ് പോയത്.

പിന്നീട് വണ്ടി ചെക്കിങ്ങിന് വേണ്ടി ഒരിടത്ത് നിര്‍ത്തി. അതൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്കുള്ള വഴി ആയിരുന്നു. തത്കാലം ഞാന്‍ ഏത് സ്‌റ്റേഷന്‍ ആയിരുന്നെന്നോ എസ്.ഐ ആണെന്നോ പറയുന്നില്ല (ചിരി).

അന്ന് ചെക്കിങ്ങിന്റെ ഇടയില്‍ ബൈക്കില്‍ കുറേ പിള്ളേര് വന്നു. അവര് എന്നെ കണ്ടതും ‘ആഹ് ബ്രോ. ഹായ്’ എന്നൊക്കെ പറഞ്ഞ് എന്റെയടുത്ത് വന്ന് സെല്‍ഫിയൊക്കെ എടുത്തു. അതോടെ എസ്.ഐ സാറിന് ഒരു കാര്യം മനസിലായി. ഞാന്‍ ഒന്നുരണ്ട് പടങ്ങളിലൊക്കെ വന്നിട്ടുള്ള ആളാണെന്ന് അദ്ദേഹം മനസിലാക്കി.

പിന്നീട് ആ വണ്ടിയിലെ മൂഡ് ആകെ മാറി. പിന്നെ വളരെ പ്രോപ്പറായിട്ടാണ് ഓരോന്നും അവര്‍ ചെയ്തത്. പൊലീസുകാരുടെ ഇരിപ്പും ബോഡി ലാഗ്വേജുമൊക്കെ മാറി. സിനിമയ്ക്ക് വേണ്ടി വന്നതാണെന്ന് പറഞ്ഞ് ചെന്നാല്‍ നമുക്ക് ആവശ്യമായതൊന്നും എവിടുന്നും കിട്ടില്ല,’ റോഷന്‍ മാത്യു പറയുന്നു.


Content Highlight: Roshan Mathew Talks About His Experience With Police Partoling