ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് എന്റെ ലൈഫ് സ്റ്റോറിയാണെന്ന് തോന്നിയിരുന്നു: റോഷന്‍ മാത്യു
Entertainment
ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് എന്റെ ലൈഫ് സ്റ്റോറിയാണെന്ന് തോന്നിയിരുന്നു: റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 9:22 am

2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് റോഷന്‍ മാത്യു. സിനിമക്കൊപ്പം നാടകത്തിലും സജീവമാണ് അദ്ദേഹം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള സിനിമകളിലും റോഷന്‍ അഭിനയിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യഭാഷയിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നടന് സാധിച്ചു. ആനന്ദം, കൂടെ, മൂത്തോന്‍, കപ്പേള, സി.യു സൂണ്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് റോഷന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ തനിക്ക് സ്വയം റിലേറ്റ് ചെയ്യാന്‍ പറ്റിയ തന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് റോഷന്‍ മാത്യു. ആനന്ദം സിനിമയിലെ ഗൗതം എന്ന കഥാപാത്രത്തിന്റെ ചില എലമെന്റ്‌സ് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

മൂത്തോന്‍ സിനിമയിലെ അമീര്‍ എന്ന കഥാപാത്രവും അത്തരത്തില്‍ ഉള്ളതായിരുന്നുവെന്നും പറഞ്ഞു. താന്‍ സംവിധാനം ചെയ്ത ബൈ ബൈ ബൈപ്പാസ് എന്ന നാടകത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഷന്‍ മാത്യു.

ആനന്ദം എന്ന സിനിമയില്‍ ഗൗതം എന്ന കഥാപാത്രമായിരുന്നു ഞാന്‍ ചെയ്തത്. ആ കഥാപാത്രത്തിന് ഒരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ടായിരുന്നു. അത് ചെയ്യുന്ന സമയത്ത് എന്റെ ലൈഫ് സ്റ്റോറി ആണെന്ന് എനിക്ക് തോന്നിയിരുന്നു.

കോളേജിലൊക്കെ ആയിരുന്നപ്പോള്‍ എത്രത്തോളം ഐഡന്റിറ്റി ക്രൈസിസ് എനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ ചിന്തിച്ചു. അന്ന് ഞാന്‍ അല്ലാത്ത പലതും സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു.

അങ്ങനെയുള്ള എലമെന്റ്‌സ് പല സിനിമകളിലും ഉണ്ടായിരുന്നു. മൂത്തോന്‍ സിനിമയിലെ അമീര്‍ എന്ന കഥാപാത്രവും അത്തരത്തിലുള്ളതായിരുന്നു. അമീറിന്റെ പല എലമെന്റ്‌സും എനിക്ക് ഉള്ളതായി തോന്നിയിട്ടുണ്ട്. അയാള്‍ക്ക് എന്തൊക്കെയാണ് തോന്നാന്‍ സാധ്യതയുള്ളതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നു,’ റോഷന്‍ മാത്യു പറയുന്നു.


Content Highlight: Roshan Mathew Talks About His Characters