2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് റോഷന്‍ മാത്യു. സിനിമക്കൊപ്പം നാടകത്തിലും സജീവമാണ് അദ്ദേഹം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള സിനിമകളിലും റോഷന്‍ അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യഭാഷയിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നടന് സാധിച്ചു.
ഡാര്‍ലിങ്ങ്‌സ് എന്ന ചിത്രത്തില്‍ റോഷന്‍ ആലിയ ഭട്ടിന്റെ കൂടെയും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ബോളിവുഡില്‍ ഉള്ളവര്‍ മലയാള സിനിമയെ കുറിച്ച് സംസാരിക്കാറുണ്ടെന്ന് റോഷന്‍ പറയുന്നു.
അവിടെ സിനിമാ കമ്മ്യൂണിറ്റിയിലുള്ള ഭൂരിഭാഗം ആളുകളും മലയാള സിനിമ നന്നായി ഫോളോ ചെയ്യുന്നവരാണെന്നും നമ്മുടെ സിനിമകളുടെ വലിയ ആരാധകരാണെന്നും റോഷന്‍ പറയുന്നു. പലര്‍ക്കും മലയാള സിനിമയിലെ ടെക്‌നീഷ്യന്‍സിന്റെ പേരുള്‍പ്പടെ അറിയാമെന്നും മലയാളത്തില്‍ വരാന്‍ പോകുന്ന സിനിമകളെ പറ്റിയൊക്കെ അവര്‍ക്ക് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ അഭിനേതാക്കളെയെല്ലാം അവര്‍ ശ്രദ്ധിക്കാറുണ്ടെന്നും ഫഹദ് ഫാസലിന്റെയൊക്കെ എല്ലാ സിനിമയും അവര്‍ കാണാറുണ്ടെന്നും റോഷന്‍ പറഞ്ഞു. താന്‍ ഉള്‍പ്പെടുന്നതും ഉള്‍പ്പെടാത്തതുമായ സിനിമകളുടെ അപ്രിസിയേഷന്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്നും മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെയൊക്കെ പ്രശംസകള്‍ തനിക്കും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഡ്. എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു റോഷന്‍.
‘ആലിയ ഭട്ടും ജാന്‍വി കപൂറുമൊക്കെ മലയാള സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. അവിടെയുള്ള സിനിമാ കമ്മ്യൂണിറ്റിയിലുള്ള പലരും മലയാള സിനിമ നല്ലോണം കാണുന്നവരാണ്. ഇവിടുത്തെ സിനിമകളുടെ ഫാന്‍സാണ് അവരെല്ലാം. പലര്‍ക്കും മലയാളത്തിലെ ടെക്‌നീഷ്യന്‍സിന്റെ പേരുള്‍പ്പെടെ അറിയാം. ഇറങ്ങാന്‍ പോകുന്ന സിനിമകളെ പറ്റിയൊക്കെ അവര് ഭയങ്കര ഹൈപ്പ്ഡാണ്. ആക്ടേഴ്‌സിന്റെ കാര്യത്തിലാണെങ്കില്‍, ഫഹദിന്റെയൊക്കെ എല്ലാ പടവും കാണും.
നമ്മള്‍ അവിടെ ഒരു പ്രൊജക്റ്റിന് ചെല്ലുമ്പോഴേക്കും നമ്മള്‍ ഉള്ളതും ഇല്ലാത്തതുമായിട്ടുള്ള എല്ലാ നല്ല മലയാള സിനിമകളുടെയും ക്രെഡിറ്റ് അവര് തരുകയും ചെയ്യും. ഞാനുമായിട്ട് ഒരു ബന്ധവുമില്ലാത്ത സിനിമയുടെയൊക്കെ അപ്രിസിയേഷന്‍ എനിക്ക് കിട്ടിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിനൊക്കെയുള്ള അപ്രിസിയേഷന്‍ എനിക്ക് തന്നിട്ടുണ്ട്. ഞാനപ്പോള്‍ ‘ഓക്കെ താങ്ക്യൂ’ എന്നൊക്കെ പറയും,’ റോഷന്‍ മാത്യു പറയുന്നു.
Content highlight: Roshan mathew says that people in Bollywood often talk about Malayalam cinema.