മാസ് ഡയലോഗ് പോലും മോണോ ആക്ട് പോലെയായി... സീരിയസ് സീനിലും തിയേറ്ററില്‍ ചിരി പടര്‍ത്തി ടോക്‌സിക്കില്‍ റോഷന്റെ ഡബ്ബിങ്
Indian Cinema
മാസ് ഡയലോഗ് പോലും മോണോ ആക്ട് പോലെയായി... സീരിയസ് സീനിലും തിയേറ്ററില്‍ ചിരി പടര്‍ത്തി ടോക്‌സിക്കില്‍ റോഷന്റെ ഡബ്ബിങ്
അമര്‍നാഥ് എം.
Friday, 28th August 2026, 5:06 pm

കന്നഡ സിനിമയെ അടുത്ത ലെവലിലേക്കെത്തിക്കുമെന്ന് കരുതിയ, എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രമാണ് ടോക്‌സിക്. കെ.ജി.എഫ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം യഷ് നായകനാകുന്ന ചിത്രം പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരിക്കുകയാണ്. വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ടോക്‌സിക് ആദ്യ വീക്കെന്‍ഡില്‍ തന്നെ വാഷൗട്ടിന്റെ വക്കിലെത്തിയിരിക്കുകയാണ്.

പാന്‍ ഇന്ത്യന്‍ റിലീസായാണ് ടോക്‌സിക് പ്രേക്ഷകരിലേക്കെത്തിയത്. മലയാളം വേര്‍ഷനാണ് കേരളത്തിലെ പല തിയേറ്ററുകളിലും. മലയാളം വേര്‍ഷനിലെ ഡയലോഗുകള്‍ക്ക് മോശം അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അറുബോറന്‍ സിനിമയില്‍ നാടകം തോറ്റുപോകുന്ന ലെവല്‍ ഡയലോഗുകളാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

യഷിന് ശബ്ദം നല്‍കിയിരിക്കുന്നത് നടന്‍ റോഷന്‍ മാത്യുവാണ്. ട്രെയ്‌ലര്‍ റിലീസായപ്പോള്‍ തന്നെ പലരും റോഷന്റെ ശബ്ദം യഷിന് ചേരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. സിനിമയിലുടനീളം ഈയൊരു ചേര്‍ച്ചക്കുറവ് അനുഭവപ്പെടുകയും ചെയ്തു. യഷ് ഡയലോഗ് പറയുമ്പോഴെല്ലാം റോഷന്റെ ശബ്ദം എടുത്ത് കേള്‍ക്കുന്നത് പലപ്പോഴും അരോചകമായി.

കെ.ജി.എഫില്‍ യഷിന് ശബ്ദം കൊടുത്ത അരുണ്‍ സി.എം തന്നെ ടോക്‌സിക്കിലും മതിയായിരുന്നു എന്ന് തോന്നിപ്പോയി. കണ്ണടച്ച് കേള്‍ക്കുമ്പോള്‍ ടോക്‌സിക്കില്‍ റോഷനും അഭിനയിച്ചിട്ടുണ്ട് എന്ന് വിചാരിച്ചാല്‍ തെറ്റ് പറയാനാകില്ല. യഷ് ഇരട്ടവേഷത്തിലെത്തുമ്പോള്‍ രണ്ട് കഥാപാത്രങ്ങള്‍ക്കും ഒരേ മോഡുലേഷനില്‍ ശബ്ദം കൊടുത്തതും കൂടുതല്‍ മോശമായി.

ക്ലൈമാക്‌സിനോടടുക്കുമ്പോഴാണ് ഈയൊരു കാര്യം വലിയ കല്ലുകടിയാകുന്നത്. രായ- ടിക്കറ്റ് എന്നീ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം കാണുമ്പോള്‍ പണ്ടുകാലത്ത് സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ കണ്ടുശീലിച്ച മോണോ ആക്ട് ഓര്‍മവന്നാല്‍ തെറ്റ് പറയാനാകില്ല. തിയേറ്ററില്‍ ഈയൊരു സീനില്‍ കൂട്ടച്ചിരിയാണെന്ന് പറയുമ്പോള്‍ സിനിമയുടെ നിലവാരം മനസിലാകും.

റോഷനെപ്പോലെ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള നടന് പകരം മറ്റേതെങ്കിലും ആര്‍ട്ടിസ്റ്റിനെ വെച്ച് ഡബ്ബ് ചെയ്തിരുന്നെങ്കില്‍ ഈയൊരു കല്ലുകടി ഒഴിവായേനെ. അല്ലു അര്‍ജുന് ജിസ് ജോയ് പോലെ, പ്രഭാസിന് അരുണ്‍ സി.എം പോലെ യഷിന്റെ മലയാളം ഡബ്ബ്ഡ് വോയിസ് മലയാളികള്‍ക്കിടയില്‍ രജിസ്റ്ററായ ഒന്നാണ്. അത് തുടരാതെ പുതിയ പരീക്ഷണം നടത്തിയത് അണിയറപ്രവര്‍ത്തകരുടെ മോശം നീക്കമാണെന്ന് സംശയമില്ലാതെ പറയാം.

Content Highlight: Roshan Mathew’s dubbing for Yash in Toxic movie getting trolls

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം