ആ സിനിമക്ക് ശേഷം പൊലീസിനെ പറ്റിയുള്ള എന്റെ എല്ലാ മുന്‍വിധികളും മാറി: റോഷന്‍ മാത്യു
Entertainment
ആ സിനിമക്ക് ശേഷം പൊലീസിനെ പറ്റിയുള്ള എന്റെ എല്ലാ മുന്‍വിധികളും മാറി: റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 9:42 am

 

2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് റോഷന്‍ മാത്യു. സിനിമക്കൊപ്പം നാടകത്തിലും സജീവമാണ് അദ്ദേഹം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള സിനിമകളിലും റോഷന്‍ അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യഭാഷയിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നടന് സാധിച്ചു.

ആനന്ദം, കൂടെ, മൂത്തോന്‍, കപ്പേള, സി.യു സൂണ്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് റോഷന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ റോന്ത് എന്ന സിനിമയിലും റോഷന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് റോഷന്‍ എത്തിയത്.

l

റോന്ത് എന്ന സിനിമയുടെ സമയത്ത് തന്നെ തനിക്ക് പൊലീസിനെ കുറിച്ചുണ്ടായിരുന്ന മുന്‍വിധികളൊക്കെ മാറിയെന്ന് റോഷന്‍ പറയുന്നു. ഷാഹി കബീറിനെ പരിചയപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ തന്റെ മുന്‍വിധികളും പൊലീസിനെ കുറിച്ചുണ്ടായിരുന്ന എല്ലാ സങ്കല്‍പ്പങ്ങളും മാറിയെന്നും അദ്ദേഹം പറഞ്ഞു. ഷാഹി കബീര്‍ എന്ന സ്റ്റോറി ടെല്ലറിന്റെ കൂടെ ഗുണമാണ് അതെന്നും പൊലീസ് ഉദ്യോഗസ്ഥരുമായി ഇടപഴകുമ്പോള്‍ അവരെ പറ്റി കുറെ കാര്യങ്ങള്‍ മനസിലാകുമെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. മീഡിയവണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊലീസിനെ പറ്റിയിട്ടുണ്ടായിരുന്ന മുന്‍വിധികളൊക്കെ മാറി. ഷാഹീനെ പരിചയപ്പെട്ട് കഴിഞ്ഞ്, അദ്ദേഹവുമായിരുന്ന് സംസാരിക്കുമ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന കഥകളില്‍ നിന്ന് തന്നെ അത് പൊളിഞ്ഞ് തുടങ്ങും. നമ്മുടെ മനസിലുള്ള പൊലീസ് സങ്കല്‍പ്പം ഒക്കെ മാറും. ഇതിന്റെ ഫോഴ്‌സിലുള്ള എല്ലാവരുടെയും ഹ്യൂമന്‍ സൈഡ് ഭയങ്കര അലൈവാണ്. ഷാഹി എന്നൊരു സ്റ്റോറി ടെല്ലറിന്റെയും കൂടെ ക്വാളിറ്റിയാണ് അത്.

പിന്നെ നമ്മുക്ക് ആ പെര്‍സ്‌പെക്റ്റീവില്‍ ഇവരെ കാണാന്‍ സാധിക്കും. അതുകഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ച് മണിയാര്‍ പൊലീസ് ക്യാമ്പില്‍ പോയപ്പോഴും പട്രോളിങ്ങിനുള്ള ഓഫീസേഴ്‌സിന്റെ കൂടെ കുറച്ച് ടൈം സ്‌പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു. ഈ ഒരു അവയര്‍നസ് വന്നുകഴിഞ്ഞാല്‍ നമുക്ക് അവരുടെ ക്യാരക്ടര്‍ കുറച്ചുകൂടെയാക്കെ കാണാന്‍ പറ്റും,’ റോഷന്‍ മാത്യു പറയുന്നു.

Content Highlight: Roshan mathew about Ronth movie