കോളജ് കഴിയും മുമ്പാണ് ദൃശ്യം ഇറങ്ങിയിരുന്നതെങ്കിൽ 'ഷൈൻ' ചെയ്യാമായിരുന്നു, ആ ചാൻസ് മിസായിപ്പോയി: റോഷൻ ബഷീർ
Malayalam Cinema
കോളജ് കഴിയും മുമ്പാണ് ദൃശ്യം ഇറങ്ങിയിരുന്നതെങ്കിൽ 'ഷൈൻ' ചെയ്യാമായിരുന്നു, ആ ചാൻസ് മിസായിപ്പോയി: റോഷൻ ബഷീർ
നന്ദന എം.സി
Monday, 8th June 2026, 7:49 am

മലയാള സിനിമയിൽ അധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഒരൊറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് റോഷൻ ബഷീർ.

ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ചെത്തിച്ച സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രം റോഷന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ആ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്.

ദൃശ്യം, Photo: YouTube/ Screengrab

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, ദൃശ്യം റിലീസ് ചെയ്ത സമയത്തെക്കുറിച്ചും അത് തന്റെ വിദ്യാർത്ഥി ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരുന്നുവെന്നും റോഷൻ ബഷീർ തുറന്നുപറയുകയാണ്.

കോളജ് പഠനം പൂർത്തിയാകുന്നതിന് മുമ്പായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നതെങ്കിൽ കോളജിൽ തനിക്ക് കൂടുതൽ ശ്രദ്ധ നേടാനാകുമായിരുന്നുവെന്നാണ് താരം പറയുന്നത്.

‘ആദ്യ സിനിമ ‘പ്ലസ്‌ടു’ ചെയ്യുമ്പോൾ ഞാൻ പ്ലസ്‌ടുവിന് പഠിക്കുകയായിരുന്നു. സിനിമ വന്നതോടെ ബി.ഡി.എസ് എന്ന പരിപാടി ഉപേക്ഷിച്ചു. സിനിമയും പഠനവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്ന കോഴ്‌സ് തെരഞ്ഞെടുത്തു.

പ്ലസ്‌ടുവിലെ വേഷവും ദൃശ്യത്തിലെ വേഷവും പപ്പയുടെ പരിചയത്തിൽ നിന്നാണ് വരുന്നത്. പപ്പയുടെയും ജീത്തു ചേട്ടന്റെയും (ജീത്തു ജോസഫ്) സുഹൃത്ത് അൻസാറിക്ക വഴിയാണ് ദൃശ്യത്തിലെ അവസരം വരുന്നത്,’ റോഷൻ പറഞ്ഞു.

ദൃശ്യം, Photo: YouTube/ Screengrab

ദൃശ്യം റിലീസ് ചെയ്ത സമയത്ത് താൻ ഡിഗ്രി പഠനം പൂർത്തിയാക്കി റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നുവെന്നും താരം ഓർക്കുന്നു. അതുകൊണ്ടുതന്നെ കോളജ് ജീവിതത്തിനിടെ ആ സിനിമ പുറത്തിറങ്ങിയിരുന്നെങ്കിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരം ലഭിക്കുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

‘ദൃശ്യം ഇറങ്ങുമ്പോൾ ഞാൻ ഡിഗ്രി കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുകയാണ്. കോളേജ് കഴിയും മുമ്പാണ് ദൃശ്യം ഇറങ്ങിയിരുന്നതെങ്കിൽ എനിക്ക് കോളേജിൽ കാര്യമായി ഷൈൻ ചെയ്യാമായിരുന്നു. എന്തുചെയ്യാൻ, ചാൻസ് ജസ്റ്റ് മിസായിപ്പോയി. എന്നാലും കുഴപ്പമില്ല. വരുൺ പ്രഭാകറിനെ എല്ലാവർക്കും അറിയാമല്ലോ,’ റോഷൻ ബഷീർ പറഞ്ഞു.

അതേസമയം, തന്റെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ദൃശ്യം എന്നും താരം വ്യക്തമാക്കുന്നു. ആ കഥാപാത്രമാണ് പിന്നീട് ലഭിച്ച നിരവധി അവസരങ്ങൾക്ക് വഴിതുറന്നതെന്നും അദ്ദേഹം പറയുന്നു.

ദൃശ്യം3 Photo: IMDb

‘ദൃശ്യം എന്ന സിനിമയിലെ കഥാപാത്രമാണ് അതിനുശേഷമുള്ള ഓരോ കഥാപാത്രത്തെയും എനിക്ക് നേടിത്തന്നത്. ദൃശ്യത്തിന് മുമ്പ് പ്ലസ്‌ടു കൂടാതെ ബാങ്കിങ് സമയം 10 മുതൽ 4 വരെ, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ തുടങ്ങിയ സിനിമകൾ ചെയ്തിരുന്നു.

ദൃശ്യത്തിനു ശേഷം ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക്, തമിഴ് റീമേക്ക് പാപനാശം എന്നിവ ചെയ്തു. കൊളംബസ്, കുബേര രാശി, വിജയ് സാറിനൊപ്പം ഭൈരവ, മൂൻടു രസിഗർകൾ, രക്ഷണ, 7/ജി അഭിരാമി തുടങ്ങി പന്ത്രണ്ടോളം തമിഴ്-തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു,’ താരം കൂട്ടിച്ചേർത്തു.

Content Highlight: Roshan Basheer talk about the movie Drishyam

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.