ഉദയനാണ് താരം എന്ന സിനിമയിലൂടെ കരിയർ തുടങ്ങി ഇന്ന് ബോളിവുഡ് വരെ എത്തിനിൽക്കുന്ന സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. നോട്ട്ബുക്ക്, മുംബൈ പൊലീസ് തുടങ്ങി റോഷൻ ചെയ്ത സിനിമകളെല്ലാം വ്യത്യസ്‍ത ചലച്ചിത്രങ്ങളാണ്. ഷാഹിദ് കപൂർ നായകനാവുന്ന ദേവയാണ് റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രം.
വർഷങ്ങൾക്ക് ശേഷം നടി മഞ്ജു വാര്യർ തിരിച്ചുവന്ന ഹൗ ഓൾഡ് ആർ യൂ എന്ന സിനിമ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആയിരുന്നു. തിയേറ്ററിൽ വലിയ വിജയമായി മാറിയ സിനിമയായിരുന്നു ഹൗ ഓൾഡ് ആർ യൂ.
മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചുവരുന്നതിന് മുമ്പേ ഞാൻ ആലോചിച്ച കഥയായിരുന്നു ഹൗ ഓൾഡ് ആർ യൂവിന്റെതെന്നും അന്ന് രണ്ട് കഥകൾ പ്ലാൻ ചെയ്തിരുന്നുവെന്നും റോഷൻ പറയുന്നു. പൃഥ്വിരാജും മഞ്ജുവും പ്രധാന കഥാപാത്രങ്ങളായിട്ടുള്ള മേഴ്‌സി കില്ലിങ്ങിന്റെ ഒരു കഥയായിരുന്നു മറ്റൊന്നുമെന്നും എന്നാൽ പിന്നീടുള്ള ചർച്ചയിൽ ഹൗ ഓൾഡ് ആർ യൂ ചെയ്യാൻ തീരുമാനിച്ചെന്നും റോഷൻ കൂട്ടിച്ചേർത്തു.
‘മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചുവരുന്നതിന് മുമ്പേ ഞാൻ ആലോചിച്ച കഥയായിരുന്നു ‘ഹൗ ഓൾഡ് ആർ യു’എന്ന ചിത്രം. തിരിച്ചുവരവിൻ്റെ വാർത്ത അറിഞ്ഞപ്പോൾ രണ്ട് കഥകളുമായി ഞങ്ങൾ മഞ്ജുവിനെ സമീപിച്ചു. അതിലൊന്ന് മഞ്ജുവാര്യരും പ്യഥിരാജും പ്രധാന കഥാപാത്രമായെത്തുന്ന മേഴ്‌സി കില്ലിങ്ങിന്റെ കഥപറയുന്ന ചിത്രമായിരുന്നു.
രണ്ടാമത്തേതായിരുന്നു ‘ഹൗ ഓൾഡ് ആർ യു.’ അവസാനഘട്ട ചർച്ചയിൽ രണ്ടാമത്തെ കഥയുമായി ഞങ്ങൾ മുന്നോട്ടുപോകാൻ തീരുമാനിച്ചു. അങ്ങനെയാണ് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ നിരുപമ രാജീവായി മഞ്ജു വാര്യർ സിനിമയിലേക്ക് വീണ്ടുമെത്തുന്നത്. അതൊരു ചരിത്രപരമായ നിയോഗമായിരുന്നു.
മഞ്ജുവിൻ്റെ സ്വഭാവത്തിലെ ഏറ്റവും വലിയ ക്വാളിറ്റി ഡെഡിക്കേഷനും ഇൻവോൾമെൻ്റുമാണ്. എല്ലാ കാര്യത്തിലും അത് കാണാം. രാവിലെ ഏഴുമണിക്ക് ഫസ്റ്റ് ഷോട്ട് പ്ലാൻ ചെയ്‌താൽ ആറേമുക്കാലിന് മേക്കപ്പ് ചെയ്‌ത് മഞ്ജു സെറ്റിലെത്തും. എൻ്റെ സിനിമാസൗഹ്യദങ്ങളിൽ നല്ല ഹ്യൂമർ സെൻസുള്ള ഫ്രൻഡാണ് മഞ്ജു. നമ്മുടെ പല കാര്യങ്ങളും പറയാതെ തന്നെ അവർക്ക് മനസിലാകും.
സംവിധായകർ കഥാപാത്രത്തിന്റെ ജീവിതാന്തരീക്ഷം അഭിനേതാക്കളെ കാണിക്കാൻ ഒരു ലോകം സൃഷ്ടിച്ചുകൊടുക്കാറുണ്ട്. ആ ധാരണയിൽ നിന്ന് കഴിവുറ്റ കലാകാരന്മാരിൽ നിന്ന് ലെയർ ഓഫ് ആക്ടിങ് നമുക്ക് തിരിച്ചുതരും.