നവാഗതനായ റോബി വര്‍ഗീസ് സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 2017ല്‍ കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയുടെ തിരക്കഥ എഴുതിയത് നടന്‍ റോണി ഡേവിഡാണ്. മമ്മൂട്ടി നായകനായെത്തിയ ചിത്രം വന്‍ വിജയമായി മാറി. 86 കോടിയോളം ചിത്രം സ്വന്തമാക്കി.
ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് റോണി ഡേവിഡ്. രണ്ടാം ഭാഗത്ത് മോഹന്‍ലാല്‍ വരുന്നത് ഒരു കൊതിയായി മനസിലുണ്ടെന്ന് റോണി ഡേവിഡ് പറയുന്നു. ലോകേഷ് കനകരാജ് ചെയ്യുന്നതുപോലെ ഒരു യൂണിവേഴ്സ് ആക്കി മാറ്റണം എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ സെക്കന്റ് പാര്‍ട്ടില്‍ മോഹന്‍ലാല്‍ സാര്‍ വരുന്നത് നമ്മുടെ മനസില്‍ ഒരു കൊതി ആയിട്ട് ഉണ്ടായിരുന്നു. ബി ടീം രാജശേഖര്‍ എന്ന കഥാപാത്രത്തെ കൂടി വെറുതെയൊന്ന് ഇട്ട് വെച്ചിരുന്നു. ഒമ്പത് ആളുകള്‍ അടങ്ങുന്ന സ്‌ക്വാഡ് ആയിരുന്നു അത്. അതില്‍ നാല് ആളുകള്‍ എ ടീമിലും ബാക്കിയുള്ളവര്‍ ബി ടീമിലും വരുന്ന രീതിയില്‍ ആയിരുന്നു സിനിമ പ്ലാന്‍ ചെയ്തത്.
അങ്ങനെ വെറുതെ പറഞ്ഞുവെച്ചതായിരുന്നു. അതും ലാല്‍ സാര്‍ വരണം എന്ന രീതിയില്‍ ആയിരുന്നില്ല അന്ന് ഞങ്ങള്‍ കഥ പറഞ്ഞത്. ലോകേഷ് ചെയ്യുന്നത് പോലെ ഒരു യൂണിവേഴ്സ് ആക്കി മാറ്റണം എന്നായിരുന്നു കരുതിയത്. പല ഇന്‍ട്രസ്റ്റിങ്ങായ കേസുകള്‍ വരുന്നതും കണ്ണൂര്‍ സ്‌ക്വാഡ് പിന്നീട് വലുതായി പോകുന്നതുമായിരുന്നു കണക്ക് കൂട്ടിയത്.
വെറുതെ അതിനുള്ള വിത്ത് പാകി വെക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. മമ്മൂക്കയൊക്കെ വന്നതിന് ശേഷം പിന്നെ അതിന്റെ ബാക്കി കാര്യങ്ങള്‍ എല്ലാം എങ്ങനെയാണെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. ലാല്‍ സാറാണ് വരുന്നത് എന്നല്ല, വലിയ ആര്‍ട്ടിസ്റ്റ് അതിലേക്ക് വന്നാല്‍ നന്നാകുമെന്നാണ് കരുതിയത്.
ഒരു ഭാഗത്ത് മമ്മൂക്ക വരുമ്പോള്‍ സ്വാഭാവികമായും 48 മുതല്‍ 52 വയസ് വരെ പ്രായമുള്ള ഒരു വ്യക്തി വേണമെന്നാണ്.അതിന് ഇപ്പോള്‍ ലാല്‍ സാര്‍ മാത്രമേയുള്ളൂ. അതിലേക്ക് രാജു (പൃഥ്വിരാജ് സുകുമാരന്‍) വന്നാലും ഒക്കെയാണ്. അത്ര പ്രായമില്ലാത്ത 40 വയസുള്ള ആള് വന്നാലും അത് ഓക്കെയാകും. പക്ഷെ ലാല്‍ സാറ് വന്നാല്‍ ആ കോമ്പോയോട് തന്നെ ആയിരിക്കും ആളുകള്‍ക്ക് താത്പര്യം,’ റോണി ഡേവിഡ് പറയുന്നു.