എന്താണ് കൈ വീശാത്തതെന്ന് മമ്മൂക്ക; എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് മനസിലായി: റോണി ഡേവിഡ്
Entertainment
എന്താണ് കൈ വീശാത്തതെന്ന് മമ്മൂക്ക; എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് മനസിലായി: റോണി ഡേവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th March 2025, 2:04 pm

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് റോണി ഡേവിഡ്. പച്ചക്കുതിര (2006) എന്ന ചിത്രത്തിലൂടെയായിരുന്നു റോണി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലും ചില ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു.

ചട്ടമ്പിനാട്, ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, ദ ഗ്രേറ്റ് ഫാദര്‍, സ്ട്രീറ്റ് ലൈറ്റ്‌സ്, ഉണ്ട, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ മമ്മൂട്ടി ചിത്രത്തിലും റോണി ഡേവിഡ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് റോണി.

മമ്മൂട്ടി ആളുകളെ ഒബ്‌സേര്‍വ് ചെയ്യുന്ന കാര്യത്തില്‍ നമ്മുടെ ഹെഡ്മാസ്റ്ററാണ് എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി സിനിമ ചെയ്യുമ്പോള്‍ സ്ലാങ്ങുകള്‍ പിടിക്കുന്ന കാര്യത്തിലും മറ്റും മുന്നിലാണെന്നും റോണി കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോണി ഡേവിഡ്.

‘ഒബ്‌സേര്‍വ് ചെയ്യുന്ന കാര്യത്തില്‍ നമ്മുടെ ഹെഡ്മാസ്റ്റര്‍ മമ്മൂക്കയാണ്. ഏറ്റവും വലിയ ഒബ്‌സേര്‍വറാണ് അദ്ദേഹം. മമ്മൂക്ക സിനിമ ചെയ്യുമ്പോള്‍ സ്ലാങ്ങുകള്‍ പിടിക്കുന്ന കാര്യത്തിലും മറ്റും മുന്നിലാണ്. അതുപോലെ അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു കാര്യമുണ്ട്. ഏഴോ എട്ടോ വര്‍ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്.

ഒരു ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന സമയത്തായിരുന്നു ആ സംഭവം നടന്നത്. ഞാന്‍ അന്ന് മമ്മൂക്കയുടെ അടുത്തേക്ക് നടന്നെത്തിയതും അദ്ദേഹം ‘നീ ഇങ്ങോട്ട് വന്നേ’യെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത് ചെന്നതും ‘നീ എന്താണ് നടക്കുമ്പോള്‍ കൈ വീശാത്തത്’ എന്നായിരുന്നു മമ്മൂക്ക ചോദിച്ചത്.

ഞാന്‍ സത്യത്തില്‍ അത് ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെയല്ല മമ്മൂക്കായെന്ന പറഞ്ഞതും അദ്ദേഹം എന്നോട് ഒന്നുകൂടെ നടക്കാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് ഞാന്‍ കൈ വീശി തന്നെ നടന്നു. എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലായത് കൊണ്ടായിരുന്നു ഞാന്‍ കൈ വീശിയത്.

‘നീ ഇങ്ങനെയല്ല നേരത്തെ നടന്നത്. ഇനി നീ നടക്കുമ്പോള്‍ കൈ വീശണം’ എന്ന് മമ്മൂക്ക പറഞ്ഞു. മൂന്നോ നാലോ സെക്കന്റിന്റെയുള്ളില്‍ അദ്ദേഹം കണ്ടെത്തിയ കാര്യമായിരുന്നു അത്. അദ്ദേഹം യൂണിറ്റിലെ ആളുകളെയും ചുറ്റുമുള്ള ആളുകളെയുമൊക്കെ ശ്രദ്ധിക്കും. അവരുടെ ചേഷ്ടകളും ശ്രദ്ധിക്കും. അത്ര നല്ല ഒബ്‌സര്‍വേഷനാണ് മമ്മൂക്കക്ക്,’ റോണി ഡേവിഡ് പറയുന്നു.

Content Highlight: Rony David Talks About Mammootty