എന്നെ അന്ന് ഡാഡി കൂളിലേക്ക് വിളിച്ചത് ആ മോഹന്‍ലാല്‍ ചിത്രത്തിലെ വേഷം കണ്ടതോടെ: റോണി ഡേവിഡ്
Entertainment
എന്നെ അന്ന് ഡാഡി കൂളിലേക്ക് വിളിച്ചത് ആ മോഹന്‍ലാല്‍ ചിത്രത്തിലെ വേഷം കണ്ടതോടെ: റോണി ഡേവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th March 2025, 9:05 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് റോണി ഡേവിഡ്. ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ പച്ചക്കുതിര എന്ന സിനിമയായിരുന്നു റോണി ഭാഗമായ ആദ്യ സിനിമ. തൊട്ടടുത്ത വര്‍ഷം 2007ല്‍ ഛോട്ടാ മുംബൈ, ചോക്ലേറ്റ് എന്നീ സിനിമകളിലും റോണി അഭിനയിച്ചിരുന്നു.

പിന്നീട് മോഹന്‍ലാല്‍ നായകനായ കുരുക്ഷേത്രയിലും മമ്മൂട്ടിയുടെ ഡാഡി കൂള്‍ എന്ന സിനിമയിലും അദ്ദേഹത്തിന് അഭിനയിക്കാന്‍ സാധിച്ചു. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പണ്ട് അവസരങ്ങള്‍ ചോദിക്കാന്‍ അറിയില്ലായിരുന്നുവെന്ന് പറയുകയാണ് റോണി ഡേവിഡ്.

താന്‍ ഓഡിഷന്‍ വഴിയായിരുന്നു കുരുക്ഷേത്രയില്‍ എത്തിയതെന്നും അതില്‍ തനിക്ക് നല്ലൊരു വേഷമായിരുന്നു കിട്ടിയതെന്നും റോണി പറയുന്നു. ആ സിനിമ കണ്ടാണ് സംവിധായകന്‍ ആഷിക് അബു ഡാഡി കൂള്‍ സിനിമയിലേക്ക് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാഡി കൂളിന് ശേഷവും അവസരങ്ങള്‍ ചോദിച്ച് വാങ്ങുന്ന രീതിയിലേക്ക് താന്‍ എത്തിയിരുന്നില്ലെന്നും എങ്ങനെയാണ് അവസരങ്ങള്‍ ചോദിക്കേണ്ടതെന്നോ ചോദിച്ചാല്‍ പ്രശ്‌നമാകുമോയെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നും റോണി പറഞ്ഞു.

‘പണ്ട് സിനിമയില്‍ എത്താന്‍ ഓഡിഷനല്ലാതെ നമ്മളുടെ മുന്നില്‍ വേറെ വഴിയില്ലല്ലോ. ഓഡിഷന്‍ വഴി ആയിരുന്നു ഞാന്‍ 2008ല്‍ ലാലേട്ടന്റെ കുരുക്ഷേത്ര ചെയ്യുന്നത്. അതില്‍ എനിക്ക് നല്ല ഒരു വേഷമായിരുന്നു കിട്ടിയത്.

കുരുക്ഷേത്ര കണ്ടിട്ടാണ് ആഷിക് ഭായ് (ആഷിക് അബു) എന്നെ ഡാഡി കൂള്‍ സിനിമയിലേക്ക് വിളിക്കുന്നത്. ആ സിനിമയും എനിക്ക് നന്നായി ചെയ്യാന്‍ പറ്റി. പക്ഷെ പിന്നീട് അവസരങ്ങള്‍ ചോദിച്ച് വാങ്ങുന്ന രീതിയിലേക്ക് ഞാന്‍ എത്തിയിരുന്നില്ല.

എങ്ങനെയാണ് അവസരങ്ങള്‍ ചോദിക്കേണ്ടത്? ചോദിച്ചാല്‍ പ്രശ്‌നമാകുമോ? അങ്ങനെ ചോദിക്കാമോ? തുടങ്ങിയ ഒരുപാട് സംശയങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. നമുക്ക് ഒന്നും അറിയാത്ത സമയമല്ലേ,’ റോണി ഡേവിഡ് പറയുന്നു.

Content Highlight: Rony David Talks About Kurukshethra Movie