സെക്കന്‍ഡ് ഹാഫ് ഡോക്യുമെന്ററി പോലെയാണല്ലോ എന്നായിരുന്നു ആ നടന്‍ കണ്ണൂര്‍ സ്‌ക്വാഡിനെക്കുറിച്ച് ആദ്യം പറഞ്ഞത്: റോണി ഡേവിഡ്
Entertainment
സെക്കന്‍ഡ് ഹാഫ് ഡോക്യുമെന്ററി പോലെയാണല്ലോ എന്നായിരുന്നു ആ നടന്‍ കണ്ണൂര്‍ സ്‌ക്വാഡിനെക്കുറിച്ച് ആദ്യം പറഞ്ഞത്: റോണി ഡേവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th June 2025, 8:00 am

നവാഗതനായ റോബി വര്‍ഗീസ് സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 2017ല്‍ കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയുടെ തിരക്കഥ എഴുതിയത് നടന്‍ റോണി ഡേവിഡാണ്. മമ്മൂട്ടി നായകനായെത്തിയ ചിത്രം വന്‍ വിജയമായി മാറി. 86 കോടിയോളം ചിത്രം സ്വന്തമാക്കി.

ഇപ്പോഴിതാ ചിത്രത്തില്‍ ആദ്യം നായകനായി ഉദ്ദേശിച്ചത് സുരാജ് വെഞ്ഞാറമൂടായിരുന്നെന്ന് പറയുകയാണ് റോണി ഡേവിഡ്. ഇപ്പോള്‍ കാണുന്ന രീതിയിലായിരുന്നില്ല ആ സമയത്ത് സിനിമയുടെ കഥയെന്ന് റോണി ഡേവിഡ് പറഞ്ഞു. ആ സമയത്ത് സിനിമയുടെ ഫസ്റ്റ് ഹാഫില്‍ സുരാജ് ഓക്കെയായിരുന്നെന്നും എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ അദ്ദേഹം കണ്‍വിന്‍സല്ലായിരുന്നെന്നും റോണി പറയുന്നു.

പിന്നീട് ഹെലന്‍ സിനിമയുടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍, റൈറ്റര്‍ ആല്‍ഫ്രഡ് കുര്യന്‍ എന്നിവര്‍ സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ കഥാപാത്രത്തെ കൈക്കൂലിക്കാരനാക്കിയത് അവരുമായിട്ടുള്ള ചര്‍ച്ചക്ക് ശേഷമായിരുന്നെന്നും റോണി ഡേവിഡ് പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ സ്‌ക്വാഡില്‍ ആദ്യം നായകനായി ഉദ്ദേശിച്ചത് സുരാജേട്ടനെയായിരുന്നു. ആ സമയത്ത് ഇതിന്റെ സ്‌ക്രിപ്റ്റ് ഇപ്പോള്‍ കാണുന്നതുപോലെയായിരുന്നില്ല. പുള്ളിക്ക് അന്ന് കഥ ഇഷ്ടപ്പെട്ടില്ല. അത് സുരാജേട്ടന്റെ തെറ്റല്ല. ഞങ്ങളുടെ ഭാഗത്തായിരുന്നു മിസ്റ്റേക്ക്. പുള്ളിക്ക് പടത്തിന്റെ ഫസ്റ്റ് ഹാഫ് ഇഷ്ടപ്പെട്ടു. സെക്കന്‍ഡ് ഹാഫില്‍ സുരാജേട്ടന്‍ ഓക്കെയല്ലായിരുന്നു.

‘എടാ, ഇത് ഡോക്യുമെന്ററി പോലെയുണ്ടല്ലോ’ എന്നായിരുന്നു പുള്ളി സെക്കന്‍ഡ് ഹാഫിന്റെ കഥ കേട്ടിട്ട് പറഞ്ഞത്. ഞങ്ങള്‍ എഴുതിയത് അതുപോലെയായിരുന്നു. പിന്നീട് ഞങ്ങള്‍ ആ കഥ റീവര്‍ക്ക് ചെയ്തു. ഹെലന്റെ ഡയറക്ടര്‍ മാത്തുക്കുട്ടി സേവ്യറും അതിന്റെ റൈറ്റര്‍ ആല്‍ഫ്രഡ് കുര്യനും ഈ കഥ കേട്ടു. അവര്‍ ഒരുപാട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു.

ഈ സ്‌ക്വാഡിന്റെ യാത്ര കൂടുതല്‍ ദുഷ്‌കരമാക്കുന്നതൊക്കെ അവരുടെ ഐഡിയയായിരുന്നു. അതുപോലെ കഥയില്‍ ഒരുപാട് ഇന്‍സിഷന്‍സും അവര്‍ പറഞ്ഞു. ഞാന്‍ അവതരിപ്പിച്ച ജയന്‍ എന്ന ക്യാരക്ടറെ കൈക്കൂലിക്കാരനാക്കിയത്, ആ കഥാപാത്രത്തിന് സാമ്പത്തികമായി വരുന്ന ബാധ്യതകള്‍ പിന്നീട് ചേര്‍ത്തതാണ്. ആ യാത്രയിലാണ് എന്തുകൊണ്ടാണ് ജയന്‍ ഇതൊക്കെ ചെയ്യുന്നത് എന്ന് വ്യക്തമാക്കുന്നത്. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ വരുത്തി,’ റോണി ഡേവിഡ് പറഞ്ഞു.

Content Highlight: Rony David saying they planned Suraj Venjaramoodu as hero in Kannur Squad movie and later it changed