കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് റോണി ഡേവിഡ്. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ റോണിക്ക് സാധിച്ചു. ആനന്ദം എന്ന ചിത്രത്തിലെ ചാക്കോ സാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി നായകനായെത്തിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥയൊരുക്കിയത് റോണിയായിരുന്നു.
ചിത്രം സംവിധാനം ചെയ്തത് റോണിയുടെ സഹോദരന്‍ റോബി വര്‍ഗീസ് രാജായിരുന്നു. ചെറുപ്പം മുതല്‍ക്ക് തങ്ങള്‍ രണ്ടുപേര്‍ക്കും സിനിമാമോഹമുണ്ടായിരുന്നെന്നും അഭിനയിക്കാന്‍ ചാന്‍സ് തേടി നടന്നിട്ടുണ്ടായിരുന്നെന്നും റോണി പറയുന്നു. മലര്‍വാടി ആര്‍ട് ക്ലബ് എന്ന ചിത്രത്തിലെ നായകനായി ആദ്യം തെരഞ്ഞെടുത്തത് റോബിയെയായിരുന്നെന്ന് റോണി പറഞ്ഞു.
എന്നാല്‍ സന്തോഷ് ശിവന്റെ ഇന്‍സ്റ്റിട്യൂട്ടില്‍ സിനിമാറ്റോഗ്രാഫറുടെ കോഴ്‌സിന് റോബിയെ ചേര്‍ത്ത സമയത്തായിരുന്നു മലര്‍വാടിയിലേക്കുള്ള വിളി വന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു. നടന്‍ എന്നതിനെക്കാള്‍ കൂടുതല്‍ സേഫായിരിക്കുന്നത് ടെക്‌നീഷ്യനാകുമ്പോഴാണ് എന്ന് ചിന്തിച്ചെന്നും അക്കാരണം കൊണ്ട് സിനിമ വേണ്ടെന്ന് വെച്ചെന്നും റോണി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു റോണി ഡേവിഡ്.
‘എനിക്കും റോബിക്കും പണ്ടേ സിനിമയോട് ഒരു ക്രേസ് ഉണ്ടായിരുന്നു. അഭിനയിക്കാന്‍ ചാന്‍സ് അന്വേഷിച്ച് ഒരുപാട് നടന്നിട്ടുണ്ട്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ അവനെ നായകനായി തെരഞ്ഞെടുത്തതായിരുന്നു. അന്ന് നിവിനെയും റോബിയെയും കാണാന്‍ ഒരുപോലെയായിരുന്നു. ഇപ്പോഴാണ് റോബി തടിവെച്ചത്. അന്നത്തെ ഫോട്ടോ ഇപ്പോഴും കൈയിലുണ്ട്.
പക്ഷേ, അതേ സമയത്താണ് സന്തോഷ് ശിവന്‍ സാറിന്റെ ഇന്‍സ്റ്റിട്യൂട്ടില്‍ സിനിമാറ്റോഗ്രഫി കോഴ്‌സിന് അവനെ ചേര്‍ത്തത്. കോഴ്‌സിന്റെ ഫീസ് അഡ്വാന്‍സായി കൊടുക്കുകയും ചെയ്തു. പിന്നെ ആലോചിച്ചപ്പോള്‍ നടനായി സിനിമയിലേക്കെത്തിയാല്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യണം,
ഓഡിയന്‍സിന് നമ്മുടെ മുഖം രജിസ്റ്ററാകണം എന്നിങ്ങനെ ഒരുപാട് പ്രൊസസ്സുണ്ട്.
ടെക്‌നീഷ്യനായി കയറിയാല്‍ ആ സ്‌കില്‍ നമ്മുടെ കൂടെ തന്നെ നില്‍ക്കും. അത് വെച്ച് നമുക്ക് ഇന്‍ഡസ്ട്രിയില്‍ സ്വന്തമായൊരു സ്ഥാനം ഉണ്ടാക്കാന്‍ പറ്റും എന്നിങ്ങനെ ഒരുപാട് ഗുണങ്ങള്‍ ഉണ്ടെന്ന് തോന്നി. അങ്ങനെ മലര്‍വാടിയിലെ നായകവേഷം വേണ്ടെന്ന് വെച്ച് അവന്‍ സിനിമാറ്റോഗ്രഫി പഠിക്കാന്‍ പോയി,’ റോണി ഡേവിഡ് പറയുന്നു.
Content Highlight: Rony David saying that Vineeth Sreenivasan selected Roby Varghese as hero in Malarvadi Arts Club movie