കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ആദ്യം പറഞ്ഞത് സുരാജേട്ടനോട്, സെക്കന്‍ഡ് ഹാഫ് പറഞ്ഞപ്പോള്‍ പുള്ളി ഉറങ്ങുകയായിരുന്നു: റോണി ഡേവിഡ്
Malayalam Cinema
കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ആദ്യം പറഞ്ഞത് സുരാജേട്ടനോട്, സെക്കന്‍ഡ് ഹാഫ് പറഞ്ഞപ്പോള്‍ പുള്ളി ഉറങ്ങുകയായിരുന്നു: റോണി ഡേവിഡ്
അമര്‍നാഥ് എം.
Thursday, 9th July 2026, 10:00 pm

ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ നടനാണ് റോണി ഡേവിഡ് രാജ്. കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിരയിലൂടെയാണ് റോണി സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് അയാളും ഞാനും തമ്മില്‍, ചോക്ലേറ്റ് തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെയാണ് റോണി ശ്രദ്ധ നേടിയത്.

അഭിനയത്തിന് പുറമെ തിരക്കഥാരചനയിലും റോണി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥയൊരുക്കിയത് റോണിയായിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് റോണി ഡേവിഡ്. ആദ്യം പൂര്‍ത്തിയാക്കിയ തിരക്കഥയില്‍ പല സീനുകളും ഇല്ലായിരുന്നെന്ന് റോണി പറഞ്ഞു.

റോണി ഡേവിഡ് രാജ് Photo: Screen grab/ Reporter Films

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ നടന്ന കൊലപാതകവും അതിന്റെ അന്വേഷണവുമാണ് സിനിമക്ക് ആധാരമെന്നും കുറച്ചധികം കഷ്ടപ്പെട്ടാണ് തിരക്കഥയെഴുതിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ അതിന്റെ കാസ്റ്റിങ്ങില്‍ മമ്മൂട്ടിയെ ചിന്തിച്ചിട്ടില്ലായിരുന്നെന്നും ചെറിയ സിനിമയായാണ് പ്ലാന്‍ ചെയ്തതെന്നും റോണി പറയുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഇതിന്റെ കഥ പലരോടും പറഞ്ഞു. അവര്‍ക്കൊന്നും ഓക്കെയായിരുന്നില്ല. സുരാജേട്ടനോടൊക്കെ ഇതിന്റെ കഥ പറഞ്ഞിട്ടുണ്ട്. ഫസ്റ്റ് ഹാഫ് പുള്ളി ഇന്‍ട്രസ്റ്റോടെ കേട്ടിരുന്നു. പക്ഷേ, സെക്കന്‍ഡ് ഹാഫ് പറഞ്ഞുതുടങ്ങിയപ്പോഴേക്കും സോഫയില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. ആ സമയത്ത് സെക്കന്‍ഡ് ഹാഫ് ഫ്‌ളാറ്റായിരുന്നു. അതാണ് പ്രശ്‌നമായത്. ഇപ്പോള്‍ കാണുന്ന കൈക്കൂലി കേസൊന്നുമില്ല. ജയന്‍ എന്ന ക്യാരക്ടര്‍ ക്ലീനാണ്.

കൊലപാതകം നടക്കുന്നു, അവര്‍ പോയി അന്വേഷിച്ച് പ്രതിയെ പിടിക്കുന്നു. ഹെലന്റെ ഡയറക്ടര്‍ മാത്തുക്കുട്ടി എന്റെ ഫ്രണ്ടാണ്. അവനാണ് ഈ പോര്‍ഷനില്‍ മാറ്റം വരുത്താന്‍ പറഞ്ഞത്. ‘ക്ലീനായി പോകാതെ ഈ ടീമിന്റെ ഇടയില്‍ എന്തെങ്കിലും കോണ്‍ഫ്‌ളിക്ട് ഉണ്ടാക്ക്. വല്ല കൈക്കൂലിക്കേസിന്റെയോ മറ്റോ പേരില്‍ ഇവരുടെ ടീമില്‍ തന്നെ പ്രശ്‌നമുണ്ടാക്ക്. അപ്പൊ കുറച്ച് ഇന്‍ട്രസ്റ്റിങ്ങാകും’ എന്നാണ് മാത്തുക്കുട്ടി പറഞ്ഞത്. അതുപോലെ ചെയ്തപ്പോള്‍ വര്‍ക്കായി,’ റോണി പറഞ്ഞു.

സിനിമയുടെ കഥ കേട്ടപ്പോള്‍ ജയന്‍ എന്ന കഥാപാത്രം താന്‍ ചെയ്യണ്ടെന്നായിരുന്നു മമ്മൂട്ടി നിര്‍ദേശിച്ചതെന്നും റോണി പറയുന്നു. കാസര്‍ഗോഡ് എസ്.പിയുടെ വേഷം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ താന്‍ ജയനില്‍ ഉറച്ചുനിന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് അത്രയും കോണ്‍ഫിഡന്‍സായിരുന്നു ആ റോളിലെന്നും റോണി പറഞ്ഞു.

Content Highlight: Rony David Raj saying he narrated Kannur Squad script to Suraj Venjaramoodu

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം