ജയം തന്നെ വേണ്ട, സമനില പോലും ഐതിഹാസിക നേട്ടത്തിലെത്തിക്കും; വെറുതെയല്ല ഇയാള്‍ ഗോട്ടായത് 🐏🐏
Sports News
ജയം തന്നെ വേണ്ട, സമനില പോലും ഐതിഹാസിക നേട്ടത്തിലെത്തിക്കും; വെറുതെയല്ല ഇയാള്‍ ഗോട്ടായത് 🐏🐏
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th September 2023, 11:50 am

തന്റെ കരിയരിലെ സുപ്രധാനമായ മറ്റൊരു മത്സരത്തിനാണ് അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്നിറങ്ങുന്നത്. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഇറാനിയന്‍ ക്ലബ്ബായ പെര്‍സെപോലിസിനെതിരായ മത്സരത്തിലാണ് റൊണാള്‍ഡോയെ ഒരു അത്യപൂര്‍വ നേട്ടം കാത്തിരിക്കുന്നത്.

കരിയറില്‍ തോല്‍വിയറിയാത്ത 1,000 മത്സരങ്ങള്‍ എന്ന നേട്ടത്തിലേക്കാണ് റൊണാള്‍ഡോ ഓടിയെത്താനൊരുങ്ങുന്നത്. ഈ നേട്ടം കൈവരിക്കാന്‍ പെര്‍സെപൊലിസിനെതിരെ തോല്‍ക്കാതെ പിടിച്ചുനിന്നാല്‍ മാത്രം മതി. വിജയിച്ചില്ലെങ്കിലും അല്‍ നസറിന് സമനില നേടാന്‍ സാധിച്ചാല്‍ റൊണാള്‍ഡോക്ക് ഈ നേട്ടം സ്വന്തമാക്കാം.

സൗദി പ്രോ ലീഗില്‍ അല്‍ റഈദിനെതിരെ നടന്ന മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെയാണ് റൊണാള്‍ഡോ 999 എന്ന മാജിക്കല്‍ നമ്പറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന് അല്‍ നസര്‍ വിജയിച്ച മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ നേടുകയും ചെയ്തിരുന്നു.

തോല്‍ക്കാതിരുന്ന 999 മത്സരങ്ങളില്‍ 775 മത്സരത്തിലും റൊണാള്‍ഡോയുടെ സംഘം വിജയിച്ചിരുന്നു. 224 തവണയാണ് മത്സരം സമനിലയില്‍ കലാശിച്ചത്.

ആസാദി സ്‌റ്റേഡിയത്തില്‍ പെര്‍സെപൊലിസിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചുകൊണ്ട് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ക്യാംമ്പെയ്ന്‍ തുടങ്ങാന്‍ തന്നെയാകും റൊണാള്‍ഡോയും സംഘവും ഒരുങ്ങുന്നത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഇ-യിലാണ് അല്‍ നസറുള്ളത്. പെര്‍സെപൊലിസിന് പുറമെ താജിക്കിസ്ഥാന്‍ ടീമായ എഫ്.സി ഇസ്തിക്ലോലും ദോഹ ആസ്ഥാനമായ അല്‍ ദുഹൈല്‍ എസ്.സിയുമാണ് ഗ്രൂപ്പ് ഇ-യിലെ മറ്റ് ടീമുകള്‍.

 

അതേസമയം, സൗദി പ്രോ ലീഗില്‍ ആറാം സ്ഥാനത്താണ് അല്‍ നസര്‍. ആറ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് തോല്‍വിയുമായി 12 പോയിന്റോടെയാണ് അല്‍ നസര്‍ ആറാം സ്ഥാനത്ത് തുടരുന്നത്.

സീസണിലെ ആദ്യ രണ്ട് മത്സരവും തോറ്റ അല്‍ നസര്‍ ശേഷം കളിച്ച നാല് മത്സരത്തിലും വിജയിച്ചാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ആറ് മത്സരത്തില്‍ നിന്നും ഏഴ് ഗോളാണ് റൊണാള്‍ഡോ ഇതിനോടകം സ്വന്തമാക്കിയത്.

 

സെപ്റ്റംബര്‍ 22നാണ് സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. കെ.എസ്.യു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍-ആഹില്‍ സൗദിയാണ് എതിരാളികള്‍.

 

Content highlight: Ronaldo to complete 1000 matches without losing