സെലക്ടര്‍മാര്‍ വീണ്ടും തഴഞ്ഞു; ആദ്യ പ്രതികരണവുമായി സഞ്ജു, കണ്ണീരോടെ കയ്യടിച്ച് ക്രിക്കറ്റ് ലോകം
Sports News
സെലക്ടര്‍മാര്‍ വീണ്ടും തഴഞ്ഞു; ആദ്യ പ്രതികരണവുമായി സഞ്ജു, കണ്ണീരോടെ കയ്യടിച്ച് ക്രിക്കറ്റ് ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th September 2023, 10:55 am

 

 

ലോകകപ്പിന് മുമ്പുള്ള ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുക.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയും മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മയെ നായകനാക്കിയും രണ്ട് സ്‌ക്വാഡിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ഇടം നേടിയ സ്‌ക്വാഡിന്റെ ഏറ്റവും പ്രധാന ഹൈലൈറ്റ് വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവാണ്. 19 മാസത്തെ ഇടവേളക്ക് ശേഷമാണ് താരം ടീമിന്റെ ഭാഗമാകുന്നത്. 2022 ജനുവരിയിലാണ് അശ്വിന്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി 50 ഓവര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയത്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനമായിരുന്നു അത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഓസ്‌ട്രേലിയക്കെതിരായ ഈ രണ്ട് സ്‌ക്വാഡിലും ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ഏഷ്യാന്‍ ഗെയിംസ് സ്‌ക്വാഡിലും ഏഷ്യാ കപ്പ് സ്‌ക്വാഡിലും ലോകകപ്പ് സ്‌ക്വാഡിലും തഴഞ്ഞതിന് പിന്നാലെയാണ് ഈ പരമ്പരയിലും സഞ്ജുവിന് ഇടം നേടാന്‍ സാധിക്കാതെ പോയത്.

ഏകദിനത്തില്‍ ടീമിലെ പല താരങ്ങളെക്കാളും സ്റ്റാറ്റ്‌സ് ഉണ്ടായിരുന്നിട്ടും സഞ്ജുവിനോടുള്ള അവഗണന അപെക്‌സ് ബോര്‍ഡ് തുടരുകയാണ്.

 

ഓസീസിനെതിരായ പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുഞ്ചിരിക്കുന്ന ഇമോജി മാത്രമാണ് താരം പോസ്റ്റ് ചെയ്തത്.

സഞ്ജുവിന്റെ ഈ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മനസ് തകര്‍ന്ന് നില്‍ക്കുമ്പോഴും ആരാധകര്‍ക്കായി ഇങ്ങനെ പുഞ്ചിരിക്കരുതെന്നും ഇനിയും എത്ര അവഗണന സഞ്ജു നേരിടണമെന്നും ആരാധകര്‍ ചോദിക്കുന്നു. സഞ്ജുവിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും ക്യാംപെയ്‌നുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

മൂന്ന് ഏകദിനമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ 22നാണ് പരമ്പരയിലെ ആദ്യ മത്സരം. മൊഹാലിയാണ് വേദി. പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 24ന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തിലും മൂന്നാം മത്സരം സെപ്റ്റംബര്‍ 27ന് സൗരാഷ്ട്രയിലും നടക്കും.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയ സ്‌ക്വാഡ്:

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്നിസ്, മാറ്റ് ഷോര്‍ട്ട്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ എല്ലിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്പെന്‍സര്‍ ജോണ്‍സണ്‍, തന്‍വീര്‍ സാംഗ.

 

Content highlight: After announcing the squad for the series against Australia, Sanju’s Facebook post goes viral