യു.എസ്-ഇറാൻ ഉടമ്പടി; ഖത്തർ മധ്യസ്ഥത, അഞ്ച് യു.എസ്, ഇറാൻ തടവുകാരെ വീതം മോചിപ്പിച്ചു
World News
യു.എസ്-ഇറാൻ ഉടമ്പടി; ഖത്തർ മധ്യസ്ഥത, അഞ്ച് യു.എസ്, ഇറാൻ തടവുകാരെ വീതം മോചിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2023, 10:22 am

ദോഹ: ഖത്തറിന്റെ മധ്യസ്ഥതയിൽ അഞ്ച് അമേരിക്കൻ തടവുകാരെയും അഞ്ച് ഇറാനിയൻ തടവുകാരെയും വിട്ടയച്ചു. യു.എസ്-ഇറാൻ ഉടമ്പടിയുടെ ഭാഗമായാണ് നടപടി. അമേരിക്ക മരവിപ്പിച്ച ദക്ഷിണ കൊറിയയിലുള്ള ഇറാന്റെ 600 കോടി യു.എസ് ഡോളറിന്റെ ഫണ്ടും വിട്ടുനൽകി.

അമേരിക്ക വിട്ടയച്ച അഞ്ച് ഇറാനി പൗരന്മാരിൽ രണ്ടുപേർ ഖത്തർ വഴി യാത്ര ചെയ്ത് ഇറാനിൽ തിരിച്ചെത്തിയെന്ന് ഇറാനിലെ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. രണ്ടുപേർ യു.എസിൽ തന്നെ തങ്ങാനും ഒരാൾ മറ്റൊരു രാജ്യത്തേക്ക് മാറാനും തീരുമാനിച്ചതായി റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മാപ്പ് ലഭിച്ചതോടെയാണ് ഇറാനി പൗരന്മാർ മോചിതരായത്.

അമേരിക്കൻ തടവുകാരെ മോചിപ്പിച്ചത് മാനുഷിക പരിഗണയുടെ ഭാഗമായി മാത്രമാണെന്ന് ഇറാന്റെ പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു.
‘ഭാവിയിൽ മനുഷ്യത്വപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഇപ്പോഴത്തെ നടപടി നിർണായകമാകും,’ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂ യോർക്കിലെത്തിയ റൈസി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മടങ്ങിവന്ന യു.എസ് പൗരന്മാരെ പ്രസിഡന്റ് ബൈഡൻ സ്വാഗതം ചെയ്യുകയും മോചനത്തിനായി സഹായിച്ചവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
‘വർഷങ്ങൾ നീണ്ട വേദനക്കും നിസ്സഹായതക്കുമൊടുവിൽ സിയാമക് നമാസി, മൊറാദ് തഹബാസ്, പേര് പുറത്തുവിടാൻ ആഗ്രഹിക്കാത്ത രണ്ട് പൗരന്മാർ എന്നിവർ പ്രിയപ്പെട്ടവർക്കരികിലേക്ക് ഉടൻ എത്തിച്ചേരും.
ഈ നേട്ടം കൈവരിക്കുന്നതിന് ഞങ്ങളെ സഹായിക്കാനായി അശ്രാന്തം പരിശ്രമിച്ച ഖത്തർ, ഒമാൻ, സ്വിസർലൻഡ്, ദക്ഷിണ കൊറിയ സർക്കാരുകൾ ഉൾപ്പെടെ നമ്മുടെ രാജ്യത്തും വിദേശത്തുമുള്ള സുഹൃത്തുക്കൾക്ക് ഞാൻ നന്ദി അറിയിക്കുന്നു,’ ബൈഡന്റേതായി വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഇറാനിലേക്ക് യാത്ര ചെയ്യുന്നതിലുള്ള അപകടത്തെ കുറിച്ചും ബൈഡൻ തന്റെ ജനങ്ങളെ ഓർമിപ്പിച്ചു. ഇറാനിൽ തടങ്കലിലായാൽ വാഷിങ്ടണിൽ നിന്ന് അവരുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ചില ഡെമോക്രാറ്റുകളിൽ നിന്നും വൈറ്റ് ഹൗസ് വിമർശനം നേരിടുകയാണ്. ടെഹ്റാനുമായി തടവുകാരെ കൈമാറ്റം ചെയ്ത ഇടപാട് ഭാവിയിൽ കൂടുതൽ തടവുകൾക്ക് കാരണമാകുമെന്ന് വിമർശകർ ആരോപിച്ചു. എന്നാൽ വിദേശത്തുള്ള യു.എസ് പൗരന്മാരെ മോചിപ്പിക്കുന്നതിനാണ് ബൈഡൻ ഭരണകൂടം കൂടുതൽ മുൻ‌തൂക്കം നൽകുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Content Highlight: US and Iran release prisoners after $6billion transfer