കപ്പടിക്കും മുമ്പേ റെക്കോഡിടുമോ റെക്കോഡിന് മുമ്പ് കപ്പടിക്കുമോ; ത്രില്ലടിച്ചിരിക്കുന്ന രോഹിത് ആരാധകരേ ശാന്തരാകൂ
Asia Cup
കപ്പടിക്കും മുമ്പേ റെക്കോഡിടുമോ റെക്കോഡിന് മുമ്പ് കപ്പടിക്കുമോ; ത്രില്ലടിച്ചിരിക്കുന്ന രോഹിത് ആരാധകരേ ശാന്തരാകൂ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th August 2023, 9:19 pm

ഏഷ്യാ കപ്പിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകരൊന്നാകെ. സ്വന്തം മണ്ണില്‍ നടക്കുന്ന ഐ.സി.സി വേള്‍ഡ് കപ്പിന് മുന്നോടിയായി നടക്കുന്ന പ്രധാന മത്സരം എന്ന നിലയിലും വേള്‍ഡ് കപ്പിന് ഏതാണ്ട് ഇതേ ടീം തന്നെയായിരിക്കും കളത്തിലിറങ്ങുക എന്നതിനാലും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏഷ്യാ കപ്പിനെ നോക്കിക്കാണുന്നത്.

2018ന് ശേഷം ഏകദിന ഫോര്‍മാറ്റിലെത്തുന്ന ഏഷ്യാ കപ്പിന് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് പ്രത്യേകതകളേറെയാണ്. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടന്ന അവസാന ഏഷ്യാ കപ്പില്‍ ഇന്ത്യയായിരുന്നു കിരീടം ചൂടിയത്. അന്ന് ടീമിന്റെ അമരത്തുണ്ടായിരുന്ന രോഹിത് ശര്‍മയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത് എന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

ഈ ഏഷ്യാ കപ്പില്‍ രോഹിത്തിന് കാത്ത് നിരവധി റെക്കോഡുകളും കരിയര്‍ മൈല്‍ സ്‌റ്റോണുകളുമുണ്ട്. അതില്‍ പ്രധാനം ഏകദിനത്തിലെ 10,000 റണ്‍സ് മാര്‍ക്കാണ്.

9,837 റണ്‍സാണ് നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മക്കുള്ളത്. ഏഷ്യാ കപ്പില്‍ 167 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ 10,000 എന്ന മാജിക്കല്‍ നമ്പറിലെത്താന്‍ ഇന്ത്യന്‍ നായകന് സാധിക്കും.

അങ്ങനെയെങ്കില്‍ ഈ നേട്ടം കൈവരിക്കുന്ന 15ാമത് മാത്രം താരമാകാനും ആറാമത് ഇന്ത്യന്‍ താരമാകാനും രോഹിത് ശര്‍മക്ക് സാധിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി എന്നിവരാണ് ഇതിന് മുമ്പ് 10k ക്ലബ്ബിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

2007ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മ 244 മത്സരത്തിലെ 237 ഇന്നിങ്‌സില്‍ നിന്നുമാണ് 9,837 റണ്‍സ് നേടിയത്. 48.69 എന്ന ശരാശരിയിലും 89.97 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത് റണ്‍സടിച്ചുകൂട്ടിയത്. 30 സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയുമുള്ള രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 264 ആണ്.

 

 

ഇതിന് പുറമെ മറ്റൊരു നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ (ഏകദിന ഫോര്‍മാറ്റില്‍) ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ റെക്കോഡാണ് രോഹിത്തിന് തകര്‍ക്കാനുള്ളത്.

579 റണ്‍സോടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി പട്ടികയില്‍ ഒന്നാമതുള്ളത്. ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്റെ റോളില്‍ ഇന്ത്യയെ നയിച്ച 14 മത്സരത്തില്‍ നിന്നുമാണ് ഈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 82.71 എന്ന മികച്ച ശരാശരിയിലാണ് ധോണി ഏഷ്യാ കപ്പില്‍ റണ്‍സടിച്ചുകൂട്ടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

 

ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്റെ റോളില്‍ അഞ്ച് മത്സരത്തില്‍ നിന്നും 317 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കം 105.66 എന്ന ഗംഭീര ശരാശരിയിലാണ് രോഹിത്തിന്റെ റണ്‍വേട്ട. ടൂര്‍ണമെന്റില്‍ 263 റണ്‍സ് നേടിയാല്‍ ധോണിയെ മറികടക്കാന്‍ രോഹിത് ശര്‍മക്കാവും. താരം ആ നേട്ടത്തില്‍ മുത്തമിടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Rohit Sharma is all set to complete 10000 runs in ODIs