തല്ലിച്ചവനും തല്ല് കൊണ്ടവനും കെട്ടിപ്പുണര്‍ന്നു; സ്‌നേഹത്തിന്റെ കട തുറന്നത് കര്‍ഷക നേതാക്കള്‍
national news
തല്ലിച്ചവനും തല്ല് കൊണ്ടവനും കെട്ടിപ്പുണര്‍ന്നു; സ്‌നേഹത്തിന്റെ കട തുറന്നത് കര്‍ഷക നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th August 2023, 8:53 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ നേഹ പബ്ലിക് സ്‌കൂളില്‍ മുസ്‌ലിം ബാലനെ മറ്റ് സഹപാഠികളെക്കൊണ്ട് അധ്യാപിക മര്‍ദിക്കാന്‍ നിര്‍ബന്ധിതരാക്കിയ സംഭവത്തില്‍ ഇടപെട്ട് കര്‍ഷക നേതാക്കള്‍. അധ്യാപിക പറഞ്ഞതിന്റെ പേരില്‍ കൂട്ടുകാരന്റെ മുഖത്ത് അടിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ ക്ഷമ ചോദിച്ചു പരസ്പരം കെട്ടിപ്പിടിച്ചു സൗഹൃദം പങ്കിട്ടു. നിരേഷ് ടികായത്ത് അടക്കുമുള്ള കര്‍ഷക നേതാക്കള്‍ കുട്ടികളുടെ വീട്ടിലെത്തിയാണ് സംഭവത്തില്‍ ഇടപെട്ടത്.

അക്രമത്തിനിരയായ മുസ്‌ലിം മത വിഭാഗത്തില്‍പ്പെട്ട കുട്ടിയും അധ്യാപിക തല്ലാന്‍ നിര്‍ബന്ധിപ്പിച്ച ഹിന്ദുബാലനും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

जिस बच्चे ने स्कूल टीचर के कहने पर अपने दोस्त को पीटा था

किसान नेताओं ने उनके घर जाकर दोनों को गले मिलवाया, भाईचारे की अपील की pic.twitter.com/lMGoPNNGgS

— Bolta Hindustan (@BoltaHindustan) August 26, 2023

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിയെ അധ്യാപിക മറ്റ് വിദ്യാര്‍ത്ഥികളെ വെച്ച് മുഖത്തടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. അധ്യാപിക വിദ്യാര്‍ത്ഥിയെ ക്ലാസില്‍ എഴുന്നേറ്റ് നിര്‍ത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. വിഷയത്തില്‍ വ്യാപക വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് കര്‍ഷക നേതാക്കളുടെ ഇടപെടലുണ്ടായത്.

അതേസമയം, സംഭവത്തില്‍ ന്യായീകരണവുമായി അധ്യാപിക നേരത്തെ രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ വര്‍ഗീയമായി ചിത്രീകരിക്കാനായി വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും അധ്യാപിക ത്യാഗി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയോട് കര്‍ശനമായി പെരുമാറണമെന്ന രക്ഷിതാക്കളുടെ സമര്‍ദം കാരണമാണ് അത്തരത്തില്‍ പെരുമാറിയതെന്നും താന്‍ ഭിന്നശേഷിക്കാരി ആയതിനാലാണ് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

Content Highlight: Farmer leaders visit the houses of Muslim and Hindu students UP issue