2027ലെ ലോകകപ്പ് ടീമില്‍ അദ്ദേഹം നിര്‍ബന്ധമായും ഉണ്ടായിരിക്കണം: റോബിന്‍ ഉത്തപ്പ
Cricket
2027ലെ ലോകകപ്പ് ടീമില്‍ അദ്ദേഹം നിര്‍ബന്ധമായും ഉണ്ടായിരിക്കണം: റോബിന്‍ ഉത്തപ്പ
ശ്രീരാഗ് പാറക്കല്‍
Monday, 31st August 2026, 4:39 pm

2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സമീപകാലത്ത് ഭുവി മികച്ച പ്രകടനം നടത്തിയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതെന്നും ഐ.പി.എല്ലില്‍ ആര്‍.സി.ബിയെ വിജയത്തിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഭുവനേശ്വര്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ നല്‍കാന്‍ ഭുവിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2027ലെ ലോകകപ്പ് ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അതിന് എനിക്ക് ചില കാരണങ്ങളുണ്ട്. ഒന്നാമതായി 2020നും 2022നും ഇടയില്‍ അദ്ദേഹത്തിന് ശരാശരി നിലവാരത്തിലുള്ള രണ്ട് സീസണുകളുണ്ടായിരുന്നു. അതിന് പിന്നാലെ പലരും അദ്ദേഹത്തെ എഴുതിത്തള്ളുകയും ചെയ്തു.

എന്നാല്‍ തനിക്ക് ഇപ്പോഴും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. അതിന്റെ തെളിവാണ് ഐ.പി.എല്ലില്‍ ആര്‍.സി.ബിയെ തുടര്‍ച്ചയായി രണ്ട് തവണ വിജയങ്ങളിലേക്ക് നയിച്ചത്.

മറ്റൊരു കാരണം, ബുംറയ്ക്ക് പിന്തുണ നല്‍കുന്നതില്‍ ഭുവനേശ്വര്‍ നിര്‍ണായക പങ്കുവഹിക്കും എന്നതാണ്. പ്രത്യേകിച്ച് പുതിയ പന്തില്‍ ബുംറ സൃഷ്ടിക്കുന്ന സമ്മര്‍ദം നിലനിര്‍ത്താന്‍ ഭുവനേശ്വറിന് കഴിയും. ഇന്ത്യ സൗത്ത് ആഫ്രിക്കയിലാണ് കളിക്കുന്നത് എന്നതിനാല്‍ ഇത് വളരെ പ്രധാനമാണ്.

ഇതിനൊപ്പം ഇതിന് ഒരു വൈകാരിക പശ്ചാത്തലവുമുണ്ട്. ഒരുപക്ഷേ ഭുവിയുടെ അവസാന ലോകകപ്പായിരിക്കാം ഇത്. രോഹിത്തിന്റെയും വിരാടിന്റെയും അവസാന ലോകകപ്പായിരിക്കാം. അതുകൊണ്ട് ഭുവനേശ്വറിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. ഇത് ടീമിനെ കിരീടം നേടുന്നതിനായി മുന്നോട്ട് നയിക്കും,’ റോബിന്‍ ഉത്തപ്പ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

അതേസമയം 2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഭുവനേശ്വർ കുമാർ. Photo: shebas/x.com

സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി 86 ടി-20 ഇന്നിങ്‌സുകള്‍ കളിച്ച ഭുവി 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

2027 ഏകദിന ലോകകപ്പില്‍ ഭുവി വീണ്ടും ഇന്ത്യന്‍ ജേഴ്സിയണിയുമോയെന്ന് കണ്ടുതന്നെ അറിയണം. ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.
നിലവില്‍ യു.പി ടി-20 ലീഗിസാണ് ഭുവി കളിക്കുന്നത്.

Content Highlight: Robin Uthappa Talking About Bhuvaneshwar Kumar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ