ന്യൂസിലാന്‍ഡിന് എതിരെ നടക്കുന്ന ഏകദിന പരമ്പരയാണ് ഇന്ത്യന്‍ ടീമിന് മുന്നിലുള്ള പുതിയ പരീക്ഷണം. ഇതിനായുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അര്‍ഹതപ്പെട്ട പലര്‍ക്കും അവസരം ലഭിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അതില്‍ ഒരാളാണ് ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഋതുരാജ് ഗെയ്ക്വാദ്.
ഇപ്പോള്‍ ഗെയ്ക്വാദിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. നിര്‍ണായക സമയത്ത് ഗെയ്ക്വാദിന് ഫോം നഷ്ടമാവുന്നുവെന്നും ടീമില്‍ ഇടം നേടാന്‍ അവസരം മുതലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോബിന്‍ ഉത്തപ്പ. Photo: ANI Digital/x.com
കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ പ്രതിഭയ്ക്കൊപ്പം തന്നെ ശരിയായ സമയത്ത് ഫോമും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.
‘ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസരങ്ങള്‍ വരുമ്പോള്‍ അത് മുതലാക്കുക എന്നത് പ്രധാനമാണ്. ഋതുരാജിന് പലപ്പോഴും നിര്‍ണായക ഘട്ടങ്ങളില്‍ ഫോം നഷ്ടമാകുന്നുണ്ട്. അതൊരു തിരിച്ചടിയാണ്.
പലതവണ അവന് അവസരങ്ങള്‍ ലഭിച്ചപ്പോള്‍ ഫോം നിലനിര്‍ത്താനായില്ല. കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പ്രതിഭയ്ക്കൊപ്പം ശരിയായ സമയത്ത് ഫോമും ആവശ്യമാണ്,’ റോബിന്‍ ഉത്തപ്പ പറഞ്ഞു.
ഗെയ്ക്വാദ് അവസാനം ഇന്ത്യക്കായി കളിച്ച മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു ഇത്. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലും താരം മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. എന്നാല്‍, നാലാം നമ്പറില്‍ ഇറങ്ങുന്ന ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ താരത്തിന് ടീമില്‍ അവസരം ലഭിക്കാതിരിക്കുകയായിരുന്നു.