സഞ്ജു സാംസണ് ഒരിക്കലും സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ റോബിന്‍ ഉത്തപ്പ. ഫോം എന്നത് താത്കാലികമാണെന്നും സഞ്ജുവിനെ പോലെ ഒരു താരത്തിന് ഫോം ഒരു പ്രശ്‌നമാകില്ലെന്നും ഉത്തപ്പ പറഞ്ഞു.

ഏറെ നാള്‍ ഓപ്പണിങ്ങില്‍ കളിക്കാന്‍ സാധിക്കാതെ പോയതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നും ഉത്തപ്പ പറഞ്ഞു. കോംബോക്‌സ് ടി.വിയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോബിന്‍ ഉത്തപ്പ

‘ഫോം എന്നത് താത്കാലികമാണ്. ശുഭ്മന്‍ ഗില്ലോ വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ ആരുമാകട്ടെ, ഫോം എല്ലായ്‌പ്പോഴും താത്കാലികമാണ്. സഞ്ജുവിനെ പോലെ ഏറെ മികച്ച ഒരു താരത്തിന് ഫോം ഒരു പ്രശ്‌നമായി മാറുമെന്ന് ഞാന്‍ കരുതുന്നില്ല. സൂര്യകുമാര്‍ യാദവ് പോലും ഫോം ഔട്ടായിരുന്നില്ല.

ഒരു പൊസിഷനില്‍ തന്നെ ഏറെ നാള്‍ കളിച്ചില്ല എന്നതാണ് സഞ്ജു നേരിട്ട പ്രശ്‌നം. സഞ്ജുവും അഭിഷേകും ഒന്നിച്ച് കളത്തിലിറങ്ങുമ്പോള്‍ ലഭിക്കുന്ന ആ ഊര്‍ജമുണ്ടല്ലോ, അത് ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കാത്തതാണ്,’ ഉത്തപ്പ പറഞ്ഞു.

സഞ്ജു സാംസണ്‍

‘അതെ, അവന് (സഞ്ജു) ഇപ്പോള്‍ അവസരങ്ങള്‍ ലഭിക്കുകയും അതില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോവുകയും ചെയ്തു. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ടീമില്‍ നിന്നും പുറത്ത് പോകേണ്ടി വരും, മറ്റൊരാള്‍ ആ സ്ഥാനത്തിനായി കാത്തിരുന്നുണ്ടെന്ന ഭയം എല്ലായ്‌പ്പോഴും ഒരു വാള്‍ പോലെ അവന്റെ തലയ്ക്ക് മേല്‍ തൂങ്ങിക്കിടന്നിരുന്നു.

അവന് സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ പലപ്പോഴും അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അത്തരത്തില്‍ അവസരം ലഭിച്ചപ്പോഴെല്ലാം അവന്‍ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തതും,’ താരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയില്‍ സഞ്ജു മോശം പ്രകടനം പുറത്തെടുത്ത പശ്ചാത്തലത്തില്‍ കൂടിയാണ് ഉത്തപ്പ സഞ്ജുവിനെ പിന്തുണയ്ക്കുന്നത്.

സഞ്ജു സാംസണ്‍

പരമ്പരയിലെ അഞ്ച് മത്സരത്തില്‍ നിന്നും 9.2 ശരാശരിയില്‍ 46 റണ്‍സാണ് സഞ്ജുവിന് കണ്ടെത്താന്‍ സാധിച്ചത്. താരത്തിന്റെ ലോകകപ്പ് സ്‌പോട്ട് പോലും ഇതോടെ ആരാധകരും വിമര്‍ശകരും ചോദ്യം ചെയ്യാനും ആരംഭിച്ചു.

ഫൂട്‌വര്‍ക്കിലെ പോരായ്മകളാണ് സഞ്ജുവിനെ പരമ്പരയില്‍ പിന്നോട്ടടിപ്പിച്ചത്. ഈ പോരായ്മകള്‍ മറികടക്കാന്‍ സഞ്ജുവിന് സാധിച്ചാല്‍, ഏതൊരു ടീമും പേടിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടായി അഭിഷേക് – സഞ്ജു ദ്വയം മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 

Content Highlight: Robin Uthappa backs Sanju Samson