മതവികാരത്തെ കൂട്ടുപിടിച്ച് അന്വേഷണത്തെ ചെറുക്കുന്നത് മുഖ്യമന്ത്രിയുടേയും സി.പി.ഐ.എമ്മിന്റെയും നീചമായ രാഷ്ടീയതന്ത്രം; ആര്‍.എം.പി.ഐ
FB Notification
മതവികാരത്തെ കൂട്ടുപിടിച്ച് അന്വേഷണത്തെ ചെറുക്കുന്നത് മുഖ്യമന്ത്രിയുടേയും സി.പി.ഐ.എമ്മിന്റെയും നീചമായ രാഷ്ടീയതന്ത്രം; ആര്‍.എം.പി.ഐ
ടി.എല്‍ സന്തോഷ്
Friday, 18th September 2020, 5:26 pm

മുസ്‌ലിം ജനത വിശുദ്ധമായി കരുതുന്ന ഖുര്‍ആനോടുള്ള വൈകാരികതയെ രാഷ്ടീയത്തിലേക്കു വലിച്ചിഴച്ച് കള്ളക്കടത്തു കേസിലെ അന്വേഷണത്തെ സ്വാധീനിക്കാനും മന്ത്രി കെ.ടി.ജലീലിന് സുരക്ഷ നല്‍കാനുമുള്ള നീചതന്ത്രമാണ് മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും കളിക്കുന്നത്. ഖുറാന്‍ കൊണ്ടുവന്നതിനെതിരെ കേരളത്തിലെവിടെയും സമരം നടക്കുന്നില്ല. കെ.ടി.ജലീലിനെ ഉള്‍പെട്ട് യു.എ.ഇ. കോണ്‍സുലേറ്റു വഴി കൊണ്ടുവന്ന ടണ്‍കണക്കിനു ബാഗേജുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രിയും സി.പി.ഐ .എം സെക്രട്ടറിയും ബാദ്ധ്യസ്ഥരാണ്.

1- വിദേശത്തു നിന്നുള്ള സൗജന്യങ്ങള്‍ അതെന്തു തന്നെ ആയാലും സ്വീകരിച്ചു വിതരണം ചെയ്യാനായി ഏറ്റെടുത്ത മന്ത്രിയുടെ നടപടി അത്യന്തം ലജ്ജാകരവും സംസ്ഥാനത്തിനാകെ അപമാനകരവുമാണ്. ഏതെങ്കിലും സന്നദ്ധ സംഘടനയുടെ ഭാരവാഹിയായല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണഘടനാപദവിയില്‍ മന്ത്രിയായാണ് ജലീല്‍ പ്രവര്‍ത്തിക്കുന്നത്

2- യു.എ.ഇ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതിനാലാണ് കിറ്റുകളും ഖുര്‍ആനും ഏറ്റെടുത്തതെന്നും അതിനായി സ്വപ്ന സുരേഷിനെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചുവെന്നുമുള്ള വിശദീകരണം ആരോപണ വിധേയനായ ജലീലിന്റെ മൊഴി മാത്രമാണ്. കോണ്‍സുലേറ്റു പോലും അത് സ്ഥിരീകരിച്ചതായി അറിവില്ല. ഇക്കാര്യം അന്വേഷിച്ചു വ്യക്തത വരുത്തേണ്ടതുണ്ട്.

3-യു.എ.ഇ കോണ്‍സൂലേറ്റിലേക്കു വന്ന ബാഗേജുകള്‍ വഴി സ്വര്‍ണം കള്ളക്കടത്തു നടന്നുവെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.അങ്ങിനെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായി സ്വപ്ന സുരേഷ് ജയിലിലുമാണ്.

4-ടണ്‍ കണക്കിനു സാധനങ്ങളാണ് ഈ ബാഗേജുകളിലൂടെ കൊണ്ടു വന്നിരിക്കുന്നത്. ഖുര്‍ആന്‍ തന്നെ 4500 കിലോയിലധികമുണ്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ കള്ളക്കടത്തു നടത്തിയ അതേ ചാനലിലൂടെ അവര്‍ തന്നെ കൊണ്ടുവന്ന ബാഗേജുകളില്‍ സ്വര്‍ണമോ മറ്റെന്തെങ്കിലുമോ കടത്തിയിട്ടില്ലെന്ന് ആര്‍ക്ക് പറയാനാവും. വിതരണം ചെയ്യപ്പെട്ട കിറ്റുകളും ഖുര്‍ആനും വിദേശത്തു നിന്നു കൊണ്ടു വന്നവ തന്നെയാണെന്ന് ആര്‍ക്കെങ്കിലും സാക്ഷ്യപ്പെടുത്താനാവുമോ? അവയില്‍ തിരിമറി നടന്നിട്ടില്ല എന്ന് മുഖ്യമന്ത്രിക്കോ സി.പി.ഐ.എമ്മിനോ സാക്ഷ്യപ്പെടുത്താനാവില്ല.

5-കള്ളക്കടത്തു കേസിലെ പ്രതികള്‍ വഴികൊണ്ടുവന്ന സാധനങ്ങള്‍ നിയമവിരുദ്ധമായും പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ ലംഘിച്ചും ഏറ്റെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന കുറ്റകൃത്യമാണ് മന്ത്രി ചെയ്തിരിക്കുന്നത്. ഇത് അറിവില്ലായ്മയാണെന്നു പറഞ്ഞൊഴിയാനാവില്ല.

6-എല്ലാ കാര്യങ്ങളും സംശയത്തോടെ കാണാനാവില്ല എന്നു മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതു തന്നെ ജലീല്‍ സംശയത്തിന്റെ നിഴലിലാണെന്നു വ്യക്തമാക്കുന്നുണ്ട്

7- കള്ളക്കടത്തുമായി ബന്ധപ്പട്ട് ജലീലിനെതിരെ നടക്കുന്ന അന്വേഷണത്തിലും പ്രക്ഷോഭത്തിലും വര്‍ഗീയതയുടെ വിഷം പുരട്ടി മുസ്‌ലിം ജനതയുടെ പിന്തുണ തേടുന്ന നീചതന്ത്രം കേരളത്തിന്റെ രാഷ്ടീയ ചരിത്രത്തിലെ തന്നെ കറുത്ത പാടായി അവശേഷിക്കും. ‘ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ ബി.ജെ.പിയുടെ എതിര്‍പ്പു മനസ്സിലാക്കാം, മുസ്ലിംലീഗിനെന്താണ് പ്രശ്‌നം’ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം വര്‍ഗീയ മുതലെടുപ്പു ലക്ഷ്യം വെച്ച് സമീപകാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പ്രസ്താവനയാണ്.

8- അവഹേളനം ഖുര്‍ആനോടോ എന്നപേരില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ‘സര്‍ക്കാരിനെ ഇകഴ്ത്താന്‍ വേണ്ടി പുണ്യ ഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുര്‍ആനെപ്പോലും രാഷ്ട്രീയ കള്ളക്കളിക്കുള്ള ആയുധമാക്കുന്നു’, ‘ഈ വിഷയത്തില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ഖുര്‍ആന്‍ ഒരു നിരോധിത മത ഗ്രന്ഥമാണോ? ഇന്ത്യയില്‍ മോഡി ഭരണമുള്ളതുകൊണ്ട് റമദാന്‍ കിറ്റും ഖുര്‍ആന്‍ വിതരണവും രാജ്യദ്രോഹമാണെന്നു സര്‍ക്കാര്‍ കല്പന ഉണ്ടായിട്ടുണ്ടോ?

കോടാനുകോടി വിശ്വാസികളായ മുസ്‌ലിങ്ങള്‍ വിശുദ്ധ ഗ്രന്ഥമായി കാണുന്ന ഖുര്‍ആനോട് ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമുള്ള വിരോധം മറയില്ലാത്തതാണ് പക്ഷേ ഖുര്‍ആനോട് ആര്‍.എസ്.എസ്സിനെപ്പോലെ ഒരു അലര്‍ജി മുസ്ലിം ലീഗിനും കോണ്‍ഗ്രസ്സിനും എന്തിനാണ്.”, ‘ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍.ഡി.എഫ്. എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ലാത്തതുകൊണ്ടാണ്’ തുടങ്ങി എഴുതിക്കൂട്ടിയതിലേറെയും സ്വര്‍ണക്കടത്തു കേസില്‍ സംശയിക്കപ്പെടുന്ന മന്ത്രിക്കെതിരായ സമരത്തെ മതപരമായ വൈകാരികത കൊണ്ടു പ്രതിരോധിക്കാനുള്ള നിലവിട്ട ജല്പനങ്ങളാണ്.

9- കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും രാഷ്ടീയ ധാര്‍മികതയും അധികാരത്തിനും പണത്തിനും അടിയറ വെക്കുന്ന സി.പി.ഐ.എമ്മും കേരള സര്‍ക്കാരും രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന് തീരാകളങ്കമാണുണ്ടാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: rmpi criticising cpim on kt jaleel issue

 

ടി.എല്‍ സന്തോഷ്
ആര്‍.എം.പി.ഐ സംസ്ഥാനപ്രസിഡണ്ട്