ആരാണ് ഈ കേസില്‍ ഖുര്‍ആനെ കക്ഷിയാക്കുന്നതെന്ന് ദേശാഭിമാനി ലേഖനവും കൈരളിയുടെ ബ്രേക്കിംഗ് ന്യൂസും വ്യക്തമാക്കുന്നു: നജീബ് കാന്തപുരം
Kerala News
ആരാണ് ഈ കേസില്‍ ഖുര്‍ആനെ കക്ഷിയാക്കുന്നതെന്ന് ദേശാഭിമാനി ലേഖനവും കൈരളിയുടെ ബ്രേക്കിംഗ് ന്യൂസും വ്യക്തമാക്കുന്നു: നജീബ് കാന്തപുരം
ന്യൂസ് ഡെസ്‌ക്
Friday, 18th September 2020, 11:47 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, ഖുര്‍ആന്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ബി.ജെ.പിയും സി.പി.ഐ.എമ്മുമാണെന്ന് സംസ്ഥാന യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ഇത് വ്യക്തമാക്കുന്നതാണ് കൈരളി ന്യൂസിന്റെ ബ്രേക്കിംഗ് ന്യൂസും ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ കോടിയേരി ബാലകൃഷ്ണന്റെ ലേഖനമെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

ഖുര്‍ആന്‍ വിതരണമോ ഖുര്‍ആനോ അല്ല ഇവിടെ ചര്‍ച്ചയെന്നും സ്വര്‍ണക്കടത്ത് കേസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കേജില്‍ ഖുര്‍ആന്‍ അല്ല എന്‍സൈക്ലോപീഡിയ ആയാലും ജലീല്‍ കുറ്റവിമുക്തനാകുമോ എന്നും നജീബ് കാന്തപുരം ചോദിച്ചു.

കേസില്‍ അനില്‍ നമ്പ്യാരായാലും കെ. ടി ജലീല്‍ അയാലും അന്വേഷണ പരിധിയില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിവാദത്തിലേക്ക് ഖുര്‍ആനെ വലിച്ചിട്ട് ബി.ജെ.പിക്ക് വിസിബിലിറ്റി ഉണ്ടാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. യു.ഡി.എഫ് മുക്ത കേരളം എന്നതാണ് ഇരു പാര്‍ട്ടികളുടെയും ലക്ഷ്യം. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനും അന്വേഷണത്തെ നെഞ്ച് വിരിച്ച് നേരിടാനും സി.പി.ഐ.എമ്മിന് ആത്മ വിശ്വാസമില്ലെന്നതിനുള്ള സാക്ഷ്യ പത്രമാണ് കോടിയേരിയുടെ ഇന്നത്തെ ദേശാഭിമാനി ലേഖനമെന്നും അദ്ദേഹം പറഞ്ഞു.

                                     (നജീബ് കാന്തപുരം ഫേസ്ബുക്കില്‍ പങ്കുവെച്ച കൈരളി ചാനലിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട്)

 

സ്വര്‍ണ്ണക്കടത്തിനെ വഴി തിരിച്ചു വിടാനും മന്ത്രി പുത്രന്മാരും പാര്‍ട്ടിയും കക്ഷിയായ ഈ കേസിനെ അട്ടിമറിക്കാനും അവരൊരുക്കുന്ന കെണിയില്‍ മുസ്‌ലിം സമുദായം വീഴുമെന്നതും കോടിയേരിയുടെ ദിവാ സ്വപ്നം മാത്രമാണ്. സ്വന്തം മക്കള്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ ഒരു പിതാവിനുണ്ടാകുന്ന സ്ഥല ജല വിഭ്രാന്തി സ്വാഭാവികമായും മനസ്സിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിന് നിങ്ങള്‍ ചെയ്ത് കൊടുക്കുന്ന ഈ വിടുപണി തിരിച്ചറിയാന്‍ മാത്രമുള്ള ബുദ്ധി വികാസമെങ്കിലും കേരളത്തിലെ മുസ്‌ലി ങ്ങള്‍ക്കുണ്ടെന്ന് ദയവായി തിരിച്ചറിയണമെന്നും നജീബ് പറഞ്ഞു.

അതേസമയം കെ.ടി ജലീലിനും എല്‍.ഡി.എഫ് സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ ആന്‍ വിരുദ്ധ യു.ഡി.എഫ്- ബി.ജെ.പി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നത് നിസ്തര്‍ക്കമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തില്‍ കൊടുത്ത ലേഖനത്തില്‍ പറയുന്നുണ്ട്.

കോടാനുകോടി വിശ്വാസികളായ മുസ്ലിങ്ങള്‍ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുര്‍ആനോട് ആര്‍.എസ്.എസിനും ബി.ജെ.പിക്കുമുള്ള വിരോധം മറയില്ലാത്തതാണെന്നും ഖുര്‍ആനോട് ആര്‍.എസ്.എസിനെ പോലെ ഒരു അലര്‍ജി മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.

ഖുര്‍ആന്‍ ഒരു നിരോധിത മത ഗ്രന്ഥമാണോ? ഇന്ത്യയില്‍ മോദി ഭരണമുള്ളതുകൊണ്ട് റമദാന്‍ കിറ്റും ഖുര്‍ആന്‍ വിതരണവും രാജ്യദ്രോഹമാണെന്ന് സര്‍ക്കാര്‍ കല്‍പ്പനയുണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

വരുന്ന അഞ്ച് വര്‍ഷവും അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ഉണ്ടാകുന്ന മനോവിഭ്രാന്തിയില്‍ ഖുര്‍ആന്‍ വിരുദ്ധ ആര്‍.എസ്.എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്ലിം ലീഗെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആര്‍ക്കാണ് ഈ കേസില്‍ ഖുര്‍ആന്‍ കക്ഷിയാകണമെന്ന് നിര്‍ബന്ധമുള്ളതെന്ന് കോടിയേരിയുടെ ദേശാഭിമാനി ലേഖനവും കൈരളി ചാനലിന്റെ ബ്രേക്കിംഗ് ന്യൂസും വ്യക്തമാക്കുന്നു.
ഈ കേസ് കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ടാണെന്ന് വരുത്തി തീര്‍ക്കുന്നത് രണ്ട് പാര്‍ട്ടികളാണ്. ഒന്ന് ബി.ജെ.പി . രണ്ട് സി.പി.എം. രണ്ട് പേരും നടത്തുന്ന ഒത്തുകളി ബുദ്ധിയുള്ള ആര്‍ക്കാണ് വ്യക്തമാകാത്തത് ?

പ്രമാദമായ സ്വര്‍ണ്ണക്കടത്ത് കേസും അതിന്റെ പിന്നാമ്പുറങ്ങളും അതിനെ സംരക്ഷിക്കുന്ന ഭരണ സംവിധാനങ്ങളെയും തുറന്ന് കാട്ടാനാണ് യു.ഡി.എഫ് സമരം. അതില്‍ എന്തിനാണ് സി.പി.എമ്മും ബി.ജെ.പി യും ഖുര്‍ആനെ പ്രതിക്കൂട്ടില്‍ കയറ്റുന്നത് ?
ഖുര്‍ആന്‍ വിതരണമോ ഖുര്‍ആനോ അല്ല ഇവിടത്തെ ചര്‍ച്ചാ വിഷയം. സ്വര്‍ണ്ണക്കടത്ത് മാത്രമാണ്.

ഇതില്‍ ആരോപണ വിധേയരായവരെല്ലാം അന്വേഷണ പരിധിയില്‍ വരണം. അത് കെ.ടി ജലീലായാലും അനില്‍ നമ്പ്യാരായാലും.
ആ പാക്കേജില്‍ ഖുര്‍ആന്‍ അല്ല, എന്‍സൈക്‌ളോപഡീയ ആണെന്നിരിക്കട്ടെ… ജലീല്‍ കുറ്റവിമുക്തനാവുമോ?

ഇവിടെ സി.പി.എം ഈ വിവാദത്തിലേക്ക് ഖുര്‍ആനെ വലിച്ചിട്ട ബി.ജെ.പിക്ക് വിസിബിലിറ്റി ഉണ്ടാക്കുകയാണ്. അവര്‍ തമ്മില്‍ നടക്കുന്ന അന്തിച്ചര്‍ച്ചകളുടെ അനന്തര ഫലമാണ് കോടിയേരിയുടെ ലേഖനവും ചാനല്‍ ചര്‍ച്ചകളിലെ ബി.ജെ.പി നേതാക്കളുടെ ഖുര്‍ആന്‍ പരാമര്‍ശവും. രണ്ട് പേരും സ്വപ്നം കാണുന്നത് ഒരേ കാര്യമാണ്. യു.ഡി.എഫ് മുക്ത കേരളം. മറ്റൊരു കാര്യം, സി.പി.എം ഇപ്പോഴും കേരളത്തിലെ മുസ്ലിംകളെ മനസ്സിലാക്കിയിട്ടില്ലെന്നതാണ്.

സ്വര്‍ണ്ണക്കടത്തിനെ വഴി തിരിച്ചു വിടാനും മന്ത്രി പുത്രന്മാരും പാര്‍ട്ടിയും കക്ഷിയായ ഈ കേസിനെ അട്ടിമറിക്കാനും അവരൊരുക്കുന്ന കെണിയില്‍ മുസ്ലിം സമുദായം വീഴുമെന്നത് കോടിയേരിയുടെ ദിവാ സ്വപ്നം മാത്രമാണ്. സ്വന്തം മക്കള്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ ഒരു പിതാവിനുണ്ടാകുന്ന സ്ഥല ജല വിഭ്രാന്തി സ്വാഭാവികമായും മനസ്സിലാക്കാം. അതിന് ദയവായി ഖുര്‍ആനെ മറയാക്കരുത്.
പച്ചക്ക് വൈകാരികത പറഞ്ഞ് ഈ കള്ളക്കടത്ത് കേസ് വഴിതിരിച്ച് വിടാമെന്ന് വ്യാമോഹിക്കരുത്. മുസ്ലിംകള്‍ ബുദ്ധിഹീനരായ വികാര ജീവികളാണെന്ന് സ്വയം ധരിക്കരുത്.

രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനും അന്വേഷണത്തെ നെഞ്ച് വിരിച്ച് നേരിടാനും സി.പി. എമ്മിന് ആത്മ വിശ്വാസമില്ലെന്നതിനുള്ള സാക്ഷ്യ പത്രമാണ് കോടിയേരിയുടെ ഇന്നത്തെ ദേശാഭിമാനി ലേഖനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Najeeb Kanthapuram against CPIM and BJP