ഹൊറര്‍ സിനിമയിലെ ഫൈറ്റ് കണ്ടാണ് മണിരത്‌നം സാര്‍ എന്നെ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലേക്ക് വിളിച്ചത്: റിയാസ് ഖാന്‍
Entertainment
ഹൊറര്‍ സിനിമയിലെ ഫൈറ്റ് കണ്ടാണ് മണിരത്‌നം സാര്‍ എന്നെ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലേക്ക് വിളിച്ചത്: റിയാസ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th January 2025, 8:54 am

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം വലിയ ഹിറ്റായിരുന്നു.

ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, ജയറാം, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങി വലിയൊരു താരനിര തന്നെയായിരുന്നു ചിത്രത്തിന് വേണ്ടി അണിനിരന്നത്. ഒപ്പം മലയാളിയായ റിയാസ് ഖാനും പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചിരുന്നു.

താന്‍ ആ കഥാപാത്രത്തിന് വേണ്ടി നിരവധി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് പറയുകയാണ് റിയാസ്. മൂന്ന് വര്‍ഷത്തോളം താടി വളര്‍ത്തേണ്ടി വന്നെന്നും വാള്‍പ്പയറ്റും അമ്പും വില്ലും പഠിക്കേണ്ടി വന്നെന്നും നടന്‍ പറയുന്നു.

നമിത വങ്കാവാല നായികയായി 2009ല്‍ പുറത്തിറങ്ങിയ തമിഴ് ഹൊറര്‍ ചിത്രമായ ജഗന്‍ മോഹിനിയെന്ന സിനിമയിലെ ഫൈറ്റ് സീന്‍ കണ്ടാണ് സംവിധായകന്‍ മണിരത്‌നം പൊന്നിയിന്‍ സെല്‍വനിലേക്ക് വിളിച്ചതെന്നും റിയാസ് ഖാന്‍ പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മൂന്ന് വര്‍ഷത്തോളം താടി വളര്‍ത്തേണ്ടി വന്നു. ഒപ്പം വാള്‍പ്പയറ്റ് പരിശീലിച്ചു. മാത്രമല്ല അമ്പും വില്ലും പഠിക്കേണ്ടി വന്നു. ഞാന്‍ മാസങ്ങളോളം ജിമ്മില്‍ പോയിരുന്നു. നാല് മാസത്തോളം ഹോഴസ് റെയ്‌സ് പരിശീലിച്ചു.

നമിതയുടെ കൂടെ അഭിനയിച്ച ജഗന്‍ മോഹിനിയില്‍ എന്റെ ഫൈറ്റ് സീന്‍ കണ്ടാണ് മണിരത്‌നം സാര്‍ എന്നെ പൊന്നിയിന്‍ സെല്‍വനിലേക്ക് സെലക്ട് ചെയ്തത്. ഏഴ് മാസമായിരുന്നു ഞാന്‍ സിനിമക്ക് വേണ്ടി ഡേറ്റ് നല്‍കിയത്.

ഷാര്‍പ്പ് ഷൂട്ടറായ സോമന്‍ സാംമ്പവന്‍ എന്ന രാജാവിന്റെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്. ആദ്യമായി തമിഴിന്റെ ചരിത്രം പറഞ്ഞ ആ സിനിമ നൂറുവര്‍ഷം കഴിഞ്ഞാലും റഫറന്‍സായി നിലനില്‍ക്കുമെന്ന് ഉറപ്പാണ്,’ റിയാസ് ഖാന്‍ പറഞ്ഞു.

Content Highlight: Riyaz Khan Talks About Mani Ratnam  And Ponniyin Selvan Movie