രണ്ട് തവണ ചെയ്തത് സഞ്ജു മാത്രം; 18 വര്‍ഷത്തെ ചരിത്രം തിരുത്താന്‍ പരാഗ്
Cricket
രണ്ട് തവണ ചെയ്തത് സഞ്ജു മാത്രം; 18 വര്‍ഷത്തെ ചരിത്രം തിരുത്താന്‍ പരാഗ്
Sudev A
Sunday, 24th May 2026, 9:57 pm

2026 ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് മുന്നേറി രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 30 റണ്‍സിന് വീഴ്ത്തിയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇത് ഏഴാം തവണയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് കടക്കുന്നത്. രാജസ്ഥാനെ പ്ലേ ഓഫിലേക്ക് നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് പരാഗ്. രാജസ്ഥാനെ ഒന്നിലധികം തവണ പ്ലേ ഓഫിലേക്ക് നയിച്ചത് മലയാളി താരം സഞ്ജു സാംസണ്‍ മാത്രമാണ്. 2022ലും 2024ലുമായിരുന്നു സഞ്ജു രാജസ്ഥാനെ പ്ലേ ഓഫിലേക്ക് നയിച്ചത്.

2022ല്‍ രാജസ്ഥാനെ കലാശപ്പോരിലേക്ക് കൈപിടിച്ചുയര്‍ത്താനും സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് ടീമിന് കിരീടം നഷ്ടമാവുകയായിരുന്നു.

രാജസ്ഥാന് ഏക ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍ ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ആണ്. 2008ലെ ആദ്യ സീസണിലായിരുന്നു രാജസ്ഥാന്റെ കിരീടനേട്ടം. 2013ല്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴിലും 2015ല്‍ സ്റ്റീവ് സ്മിത്തിന്റെ കീഴിലും പ്ലേ ഓഫിലെത്തിയ രാജസ്ഥാന്‍ 2018ല്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍ ആദ്യ നാലില്‍ ഇടം നേടി.

എലിമിനേറ്റര്‍ കളിച്ചുകൊണ്ട് രാജസ്ഥാന് രണ്ടാം ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ പരാഗിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം രാജസ്ഥാന് കിരീടം നേടിക്കൊടുക്കാന്‍ പരാഗിന് സാധിക്കുമോയെന്നും കണ്ടുതന്നെ അറിയണം.

റിയാൻ പരാഗ്. Photo: IndianPremierLeague/x.com

അതേസമയം മത്സരത്തില്‍ രാജസ്ഥാന്‍ ബൗളിങ്ങില്‍ ജോഫ്ര അര്‍ച്ചര്‍ മൂന്ന് വിക്കറ്റും നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് പുഞ്ച എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മത്സരത്തില്‍ ധ്രുവ് ജുറലാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോഫ്ര അര്‍ച്ചറുടെ പ്രകടനവും നിര്‍ണായകമായി. 15 പന്തില്‍ 32 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

മുംബൈക്കായി സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 42 പന്തില്‍ നിന്നും 60 റണ്‍സ് നേടിയാണ് സ്‌കൈ തിളങ്ങിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും ആണ് സൂര്യകുമാര്‍ നേടിയത്. ഹര്‍ദിക് പാണ്ഡ്യ 34 റണ്‍സും വില്‍ ജാക്സ് 33 റണ്‍സും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

മുംബൈ ബൗളിങ്ങില്‍ ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വില്‍ ജാക്‌സ്, അല്ലാഹ് ഗസന്‍ഫര്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഏപ്രില്‍ 26നാണ് ഒന്നാം ക്വാളിഫയര്‍ നടക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടുന്നത്. ഏപ്രില്‍ 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും.

Content Highlight: Riyan Parag is 6th captain to lead Rajasthan royals to play off in ipl 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.