ഗവര്‍ണര്‍ വിഷയത്തിലെ നിലപാട് തെറ്റിദ്ധാരണക്കിടയാക്കി; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ വി.ഡി. സതീശന് വിമര്‍ശനം
national news
ഗവര്‍ണര്‍ വിഷയത്തിലെ നിലപാട് തെറ്റിദ്ധാരണക്കിടയാക്കി; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ വി.ഡി. സതീശന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th December 2022, 6:12 pm

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമര്‍ശനം. ഗവര്‍ണറുമായി ബന്ധപ്പെട്ട ചാന്‍സലര്‍ വിഷയത്തില്‍ സതീശന്റെ നിലപാട് തെറ്റിദ്ധാരണക്കിടയാക്കിയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുഖ്യമന്ത്രിയെയും ഗവര്‍ണറെയും ഒരുപോലെ എതിര്‍ക്കണം. സതീശന്റെ നിലപാടില്‍ വ്യക്തത ഇല്ലായിരുന്നു. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള നടപടിയെ സതീശന്‍ പിന്തുണച്ചത് പ്രതിപക്ഷ നിലപാടില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍, ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തെന്നാണ് സതീശന്റെ മറുപടി. പൊതുനിലപാട് എടുത്തത് അവരുടെ മറുപടി കൂടി കണക്കിലെടുത്താണെന്നും സതീശന്‍ പറഞ്ഞു.

ആര്‍.എസ്.എസ് അനുകൂല പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും യോഗത്തില്‍ വിമര്‍ശനം നേരിടേണ്ടിവന്നു.

ശശി തരൂര്‍ വിഷയത്തില്‍ അദ്ദേഹത്തെ കൂടി ഉള്‍ക്കൊണ്ട് പ്രശ്‌നം പരിഹരിക്കണമായിരുന്നുവെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായമുയര്‍ന്നു. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും യോഗം വിലയിരുത്തി.

അതേസമയം, ലീഗ് യു.ഡി.എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ സി.പി.ഐ.എമ്മിന് മറുപടി നല്‍കിയതിനെ നേതാക്കള്‍ പ്രശംസിച്ചു.

ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും യു.ഡി.എഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്‌ലിം ലീഗാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങള്‍ക്കാണ് സാദിക്കലി തങ്ങള്‍ മറുപടി നല്‍കിയിരുന്നത്.