എട്ട് മണിക്ക് ഓപ്പണാവുന്ന ആപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ ഫുള്ളാവുന്നു, സംഘാടനത്തിലും പിഴവ്; ഐ.എഫ്.എഫ്.കെ വേദിയില്‍ ഡെലിഗേറ്റുകളുടെ പ്രതിഷേധം
entertai
എട്ട് മണിക്ക് ഓപ്പണാവുന്ന ആപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ ഫുള്ളാവുന്നു, സംഘാടനത്തിലും പിഴവ്; ഐ.എഫ്.എഫ്.കെ വേദിയില്‍ ഡെലിഗേറ്റുകളുടെ പ്രതിഷേധം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th December 2022, 5:33 pm

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയില്‍ ഡെലിഗേറ്റുകളുടെ പ്രതിഷേധം. ബുക്ക് ചെയ്യുന്നവര്‍ക്ക് പോലും സിനിമ കാണാനാവുന്നില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ബുക്ക് ചെയ്യാത്തവരേയും സിനിമ കാണാന്‍ കയറ്റുന്നുണ്ട് എന്നും പരാതിയുണ്ട്. ഏരിസ് തിയേറ്ററിലാണ് ഡെലിഗേറ്റുകളുടെ പ്രതിഷേധം നടക്കുന്നത്.

എട്ട് മണിക്ക് ഓപ്പണാവുന്ന ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ ഫുള്ളാവുകയാണെന്നും ഇവര്‍ പറയുന്നു. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലായിടത്തും ഇതാണ് അവസ്ഥ. 100% റിസര്‍വേഷന്‍ എന്ന സിസ്റ്റം ശരിയല്ല. റിസര്‍വ് ചെയ്യാത്ത, ക്യൂ നിന്ന് ടിക്കറ്റെടുക്കുന്നവര്‍ക്ക് സിനിമ കാണാനുള്ള അവസരമാണ് നഷ്ടപ്പെടുകയാണ്. മണിക്കൂറുകളോളം ക്യു നിന്നാലും റിസര്‍വേഷന്‍ ക്യാന്‍സല്‍ ആയെങ്കില്‍ മാത്രം ബാക്കി വരുന്ന വിരലിലെണ്ണാവുന്ന സീറ്റുകളില്‍ മാത്രം ആളെ കയറ്റുകയും ബാക്കി നൂറു കണക്കിന് പേര് പൊരി വെയിലും കൊണ്ട് മടങ്ങേണ്ടി വരുകയുമാണെന്ന് ഡെലിഗേറ്റ്‌സ് പറയുന്നു.

ഒരു ദിവസം മൂന്ന് റിസര്‍വേഷന്‍ മാത്രമേ പാടുള്ളൂ എന്നതിനോടും യോജിക്കാനാവുന്നില്ല. ഐ.എഫ്.എഫ്.കെയ്ക്ക് പങ്കെടുക്കാനെത്തി രണ്ട്‌ ദിവസമായിട്ട് ഒരു സിനിമ പോലും കാണാന്‍ സാധിക്കാത്തവരുണ്ട്. റിസര്‍വ് ചെയ്ത് മാത്രം ആളുകളെ കയറ്റിവിടുന്നത് അവസാനിപ്പിക്കണം, എല്ലാവര്‍ക്കും സിനിമ കാണാനുള്ള അവസരം കൊടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

ഡിസംബര്‍ ഒമ്പതിനാണ് 27ാമത് ഐ.എഫ്.കെ.കെയ്ക്ക് തുടക്കമായത്. ആദ്യ ദിവസങ്ങളില്‍ തന്നെ പ്രധാന വേദികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിന് മുന്നിലെ ക്യൂ പ്രധാന ഗേറ്റും കടന്നുപോയി. സാധാരണ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാംദിനം മുതലാണ് തിയേറ്ററുകളില്‍ തിരക്കനുഭവപ്പെടാറുള്ളത്.

13,000 പ്രതിനിധികളാണ് ആദ്യദിനത്തില്‍ മേളയിലേക്ക് എത്തിയത്. ഇതില്‍തന്നെ 2000ത്തോളം സിനിമാ വിദ്യാര്‍ത്ഥികളും അതിനോടടുത്ത് സിനിമാ പ്രവര്‍ത്തകരും വേദികളില്‍ നിറഞ്ഞു. നഗരത്തിലെ 14 തിയേറ്ററുകളിലായി 20 വിഭാഗങ്ങളിലായി 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.

Content Highlight: Delegates protest at IFFK venue