'അടിസ്ഥാന രഹിതം, വ്യാജ വാർത്തകൾ വേഗത്തിൽ പ്രചരിക്കുന്നു' വ്യാജപ്രചരണത്തിനെതിരെ റിഷബ് ഷെട്ടി
Indian Cinema
'അടിസ്ഥാന രഹിതം, വ്യാജ വാർത്തകൾ വേഗത്തിൽ പ്രചരിക്കുന്നു' വ്യാജപ്രചരണത്തിനെതിരെ റിഷബ് ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd September 2025, 8:04 am

ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. കെ.ജി.എഫിനെ തകർത്ത് കർണാടകയിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ കാന്താരയുടെ പ്രീക്വലാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗത്തിന്റെ കഥ ആരംഭിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പാണ് ചാപ്റ്റർ വണ്ണിന്റെ കഥ നടക്കുന്നത്.

ആദ്യ ഭാഗം സംവിധാനം ചെയ്ത് പ്രധാനവേഷം കൈകാര്യം ചെയ്ത റിഷബ് ഷെട്ടിയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. എന്നാൽ, ചിത്രം കാണുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റും ചർച്ചാവിഷയമായിരുന്നു.

കാന്താര ചാപ്റ്റർ വൺ ദൈവീകമായ സിനിമയാണെന്നും അതിനായി പ്രേക്ഷകരും ഉള്ളിലെ ദൈവികത ഉണർത്തണമെന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ചിത്രം കാണുന്നതിന് മുമ്പ് മദ്യപിക്കാനും പുകവലിക്കാനും മാംസാഹാരം കഴിക്കാനും പാടില്ലെന്നും പോസ്റ്റിൽ പറയുന്നു. കാന്താര പർവ എന്ന പേജിന്റെ പേരിലാണ് ഈ ചിത്രം പ്രചരിച്ചത്.

ഇപ്പോൾ പോസ്റ്ററിനെക്കുറിച്ച് പ്രതികരിക്കുകയാണ് രചനയും സംവിധാനവും നിർവഹിച്ച റിഷബ് ഷെട്ടി.

പുറത്ത് വന്നത് അടിസ്ഥാന രഹിതമാണെന്നും പ്രൊഡക്ഷൻ ഹൗസുമായി ബന്ധമില്ലാത്തതാണെന്നും റിഷബ് വ്യക്തമാക്കി. പോസ്റ്റർ വന്നപ്പോൾ ടീം ഞെട്ടിപ്പോയെന്നും പോസ്റ്റ് നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വ്യക്തിക്കും അവരുടേതായ ജീവിത രീതിയും അവകാശങ്ങളുമുണ്ടെന്നും അത് ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും റിഷബ് വ്യക്തമാക്കി. ഇത്തരം വ്യാജപ്രചരണങ്ങൾ വേഗത്തിൽ പ്രചരിക്കുമെന്നും എന്നാൽ സിനിമയുമായി ബന്ധിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്ത് വന്നിരുന്നു. പൃഥ്വിരാജ് സുകുമാരനാണ് സിനിമയുടെ മലയാളം ട്രെയ്‌ലർ ഔദ്യോഗികമായി പ്രകാശനം ചെയ്തത്. രണ്ട് മിനുട്ട് ദൈർഘ്യമുള്ള ട്രെയ്‌ലർ ആദ്യഭാഗത്തിന് മുകളിൽ നിൽക്കുന്ന ചിത്രമാണ് ചാപ്റ്റർ വൺ എന്ന് വ്യക്തമാക്കുന്നതായിരുന്നു.

ആദ്യ ഭാഗത്തിന്റെ സ്വീകാര്യത രണ്ടാം ഭാഗത്തിലും ആവർത്തിക്കാൻ സാധിച്ചാൽ ഈ വർഷത്തെ ആദ്യത്തെ 1000 കോടി ചിത്രം എന്ന നേട്ടം കാന്താര ചാപ്റ്റർ വൺ നേടുമെന്നാണ് വിലയിരുത്തുന്നത്.

റിഷബ് ഷെട്ടിക്ക് പുറമെ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ഗുൽഷൻ ദേവയ്യയാണ് ചിത്രത്തിൽ വില്ലനായി വേഷമിടുന്നത്. രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. മലയാളികളുടെ സ്വന്തം ജയറാമും കാന്താര ചാപ്റ്റർ വണ്ണിന്റെ ഭാഗമാകുന്നുണ്ട്.

Content Highlight: Rishabh Shetty against false propaganda on Kanthara Chapter One Movie