ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടീം റിഷബ് പന്തിനും ധ്രുവ് ജുറെലിനും ഇടയില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ഇരുവരെയും ഒരുമിച്ച് പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ധ്രുവ് ജുറെലിനെയും റിഷബ് പന്തിനെയും വെച്ച് നോക്കുമ്പോള്‍ അതിലൊരാളെ മാത്രം തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഇന്ത്യ ആരെ സെലക്ട് ചെയ്യണം എന്നൊരു ചര്‍ച്ച നടക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഒരാളെ മാത്രം കളിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ജുറെല്‍ സ്ഥിരതയോടെ റണ്‍സ് കണ്ടെത്തിക്കഴിഞ്ഞു. അവിടെ ആ ചോദ്യത്തിനൊരു പ്രസക്തിയുമില്ല, ജുറെല്‍ ഇനി ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന കളിക്കാരനാണ്,’ ചോപ്ര പറഞ്ഞു.
ധ്രുവ് ജുറെല്‍. Photo: BCCI/x.com
നേരത്തെ മുന്‍നിര ബാറ്റിങ് നിരയ്ക്ക് ഡെപ്ത് കൂട്ടുന്നതിന് പകരം വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയ ധാരാളം ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തി ഇന്ത്യ അഞ്ചാം നമ്പറില്‍ ബാറ്റിങ് അവസാനിപ്പിക്കുന്ന ശൈലിയെ വിമര്‍ശിച്ച ചോപ്ര, ആറാം നമ്പറില്‍ ഒരു മികച്ച ബാറ്റര്‍ ആവശ്യമാണെന്നും അവിടെ ജുറെല്‍ തന്റെ സ്ഥാനം ഉറപ്പാക്കിയെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജുറെല്‍ സെഞ്ച്വറിയുമായി തിളങ്ങിയ സാഹചര്യത്തില്‍ക്കൂടിയായിരുന്നു ചോപ്രയുടെ നിരീക്ഷണം.
റിഷബ് പന്ത് പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ തുടരുമ്പോള്‍ തന്നെ, ധ്രുവ് ജുറെലിനെ ആറാം നമ്പറിലെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി നിലനിര്‍ത്തുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ധ്രുവ് ജുറെല്‍. Photo: BCCI/x.com
അതേസമയം, റിഷബ് പന്തിന്റെ സ്ഥാനത്തെച്ചൊല്ലി യാതൊരു തര്‍ക്കത്തിനും സ്ഥാനമില്ലെന്ന് അദ്ദേഹത്തിന്റെ കരിയര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി ചോപ്ര വ്യക്തമാക്കി.
ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ (8 എണ്ണം) എന്ന നേട്ടം പന്തിന്റെ പേരിലാണ്. ഇതില്‍ നാല് സെഞ്ച്വറികളും അദ്ദേഹം നേടിയത് ഇംഗ്ലണ്ടിലാണ് എന്നതും ശ്രദ്ധേയമാണ്.
റിഷബ് പന്ത്. Photo: BCCI/x.com
ടെസ്റ്റില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ 55ന് മുകളില്‍ മികച്ച ശരാശരി സൂക്ഷിക്കുന്ന അദ്ദേഹം, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (102 എണ്ണം) പറത്തിയ താരമാണ്.
കൂടാതെ, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് (2,948 റണ്‍സ്), ഏറ്റവും കൂടുതല്‍ 50ല്‍ അധികം സ്‌കോറുകള്‍ (24 എണ്ണം), ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (82 എണ്ണം) എന്നിവ നേടിയ ബാറ്ററും റിഷബ് പന്താണ്.
90 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നായി 43.82 ശരാശരിയില്‍ 3,725 റണ്‍സ് നേടിയിട്ടുള്ള പന്ത്, 8 സെഞ്ചുറികള്‍ക്ക് പുറമെ 21 അര്‍ധസെഞ്ചുറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
Content Highlight: Rishabh Pant and Dhruv Jurel should play together; Aakash Chopra says there is no doubt about the selection.