കര്‍ണാടകക്ക് പുറത്തുള്ള പലര്‍ക്കും ഞാന്‍ ഒറ്റ സിനിമയിലെ വണ്ടറാണ്, അത് മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം: റിഷബ് ഷെട്ടി
Indian Cinema
കര്‍ണാടകക്ക് പുറത്തുള്ള പലര്‍ക്കും ഞാന്‍ ഒറ്റ സിനിമയിലെ വണ്ടറാണ്, അത് മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം: റിഷബ് ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th September 2025, 8:11 am

കന്നഡ സിനിമയെ പുതിയൊരു പാതയിലേക്ക് നടത്തിയവരില്‍ പ്രധാനിയാണ് റിഷബ് ഷെട്ടി. കന്നഡ സിനിമയെന്നാല്‍ ബെംഗളൂരു മാത്രമാണെന്ന് പലരും വിചാരിച്ച കാലത്ത് ദക്ഷിണ കര്‍ണാടകയിലെ മംഗലാപുരവും ഉഡുപ്പിയുമെല്ലാം ഇന്‍ഡസ്ട്രിയുടെ ശ്രദ്ധയില്‍ പെടുത്തിയവരാണ് രക്ഷിത് ഷെട്ടി, രാജ് ബി. ഷെട്ടി, റിഷബ് ഷെട്ടി എന്നിവര്‍.

സംവിധായകരായും അഭിനേതാക്കളായും ഇന്‍ഡസ്ട്രിയില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കാന്‍ മൂവര്‍ക്കും സാധിച്ചു. ഇതില്‍ റിഷബ് ഷെട്ടി കാന്താരയിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കന്നഡയിലേക്കെത്തിച്ചു. ചിത്രം സംവിധാനം ചെയ്തതും റിഷബ് തന്നെയാണ്. കാന്താര ചാപ്റ്റര്‍ വണ്ണിനെക്കുറിച്ച് സംസാരിക്കുകയാണ് റിഷബ് ഷെട്ടി.

‘കാന്താരക്ക് മുമ്പ് ഞാന്‍ നാല് പടം ഡയറക്ട് ചെയ്തിട്ടുണ്ട്. അതില്‍ കുട്ടികളുടെ ഒരു സിനിമയും ഉണ്ട്. അതിനും നാഷണല്‍ അവാര്‍ഡ് കിട്ടിയിരുന്നു. കര്‍ണാടകയിലുള്ളവര്‍ക്ക് ഞാന്‍ നടനും സംവിധായകനുമാണെന്ന് അറിയാം. എന്നാല്‍ കാന്താര മാത്രം കണ്ടവര്‍ക്ക് ഞാന്‍ വണ്‍ ടൈം വണ്ടറാണ്. ഒരു സിനിമ മാത്രം ചെയ്ത് ഭാഗ്യത്തിന് ജയിച്ച ഒരാളായിട്ടാണ് പലരും എന്നെ കണക്കാക്കുന്നത്.

കൂടുതലും കര്‍ണാടക്ക് പുറത്തുള്ളവര്‍ക്കാണ് ഈ ചിന്ത. അതുകൊണ്ട് ഈ സിനിമയിലൂടെ എനിക്ക് അവരുടെ ചിന്ത മാറ്റിയെടുക്കണമെന്നുണ്ട്. കാന്താര ചാപ്റ്റര്‍ വണ്‍ അതിനുള്ള മാര്‍ഗമായാണ് ഞാന്‍ കാണുന്നത്. ടെക്‌നിക്കലായിട്ടുള്ള കാര്യങ്ങളിലെല്ലാം നല്ലവണ്ണം ശ്രദ്ധ നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ കണക്ടാകുന്ന സിനിമ ഒരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

എനിക്ക് സ്വയം പ്രൂവ് ചെയ്യണമെന്നുണ്ട്. അതുകൊണ്ട് ഏഴ് സിനിമകളുടെ എഫര്‍ട്ടാണ് ഈയൊരൊറ്റ സിനിമയില്‍ ഞാന്‍ ഇട്ടിരിക്കുന്നത്. ആദ്യത്തെ സിനിമയെന്ന തരത്തിലാണ് ഞാന്‍ കാന്താരയെ സമീപിച്ചതെന്ന് വേണമെങ്കില്‍ പറയാം. എന്നെ വണ്‍ ടൈം വണ്ടറായി കാണുന്നവര്‍ക്ക് സിനിമയിലൂടെ മറുപടി കൊടുക്കുക എന്നതാണ് പ്രധാന ഉദ്ദേശം,’ റിഷബ് ഷെട്ടി പറയുന്നു.

2022ലെ വലിയ വിജയങ്ങളിലൊന്നായ കാന്താരയുടെ പ്രീക്വലായിട്ടാണ് ചാപ്റ്റര്‍ വണ്‍ ഒരുങ്ങുന്നത്. ആദ്യഭാഗത്തെക്കാള്‍ വലിയ ബജറ്റും മേക്കിങ്ങുമാണ് ചാപ്റ്റര്‍ വണ്ണിന്റ ഹൈലൈറ്റ്. കന്നഡ താരം രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒക്ടോബര്‍ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Rishab Shetty shares his expectations on Kantara Chapter One