ബാംഗ്ലൂരില്‍ മാത്രം കറങ്ങിക്കൊണ്ടിരുന്ന കന്നഡ സിനിമയെ അതില്‍ നിന്ന് മോചിപ്പിച്ചവരില്‍ പ്രധാനികളാണ് രാജ് ബി. ഷെട്ടി, രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി എന്നിവര്‍. അതുവരെ കണ്ടുശീലിച്ച സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ മൂന്ന് പേരുടെ സിനിമകളുടെ ട്രീറ്റ്‌മെന്റ്. റിയല്‍ സ്റ്റാര്‍, ചലഞ്ചിങ് സ്റ്റാര്‍, റോക്കിങ് സ്റ്റാര്‍, ക്രേസി സ്റ്റാര്‍ തുടങ്ങിയ താരങ്ങളെ മാറ്റിനിര്‍ത്തി മികച്ച കണ്ടന്റുള്ള സിനിമകളാണ് മൂവരും സാന്‍ഡല്‍വുഡിന് സമ്മാനിച്ചത്.
കന്നഡ ഇന്‍ഡസ്ട്രിയില്‍ ഷെട്ടി ഗ്യാങ് എന്ന വിളിപ്പേരും ഇവര്‍ക്ക് ലഭിച്ചു. ദക്ഷിണ കര്‍ണാടകയിലെ പ്രധാന സ്ഥലങ്ങളായ മംഗലാപുരം, ഉഡുപ്പി, ഹൊസൂര്‍ എന്നിവിടങ്ങളിലെ സംസ്‌കാരവും ജീവിതരീതിയും അവിടുത്തെ കഥകളുമാണ് ഷെട്ടി ഗ്യാങ്ങിന്റെ സിനിമകളില്‍ കാണാന്‍ സാധിക്കുന്നത്. മൂന്നുപേരില്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞത് രാജ് ബി. ഷെട്ടിയാണെങ്കിലും പിന്നാലെയെത്തിയ റിഷബ് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചു.
സുഹൃത്തായ രക്ഷിത് ഷെട്ടിയെ നായകനാക്കി 2016ലാണ് രക്ഷിത് ആദ്യമായി സംവിധാനരംഗത്തേക്ക് കാലെടുത്തുവെച്ചത്. നക്‌സല്‍ പോരാട്ടത്തെക്കുറിച്ച് സംസാരിച്ച റിക്കി വമ്പന്‍ റിലീസുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അതേ വര്‍ഷം തന്നെ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിലൂടെ സാന്‍ഡല്‍വുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു.
പ്രേമം എന്ന മലയാളസിനിമയുടെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ കിറിക് പാര്‍ട്ടി സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റി. നാല് കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറി. തിയേറ്റര്‍ റിലീസില്ലാതിരുന്നിട്ടുകൂടി കേരളത്തിലും ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറി.
കിറിക് പാര്‍ട്ടി വെറും സാമ്പിള്‍ മാത്രമാണെന്ന് റിഷബ് പിന്നീട് തെളിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളിന്റെ കഥ പറഞ്ഞ സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലെ ബോക്‌സ് ഓഫീസ് വിജയത്തോടൊപ്പം ദേശീയ അവാര്‍ഡ് വേദിയിലും തിളങ്ങി. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് ഈ ചിത്രം സ്വന്തമാക്കിയിരുന്നു.
അതുവരെ ക്യാമറക്ക് മുന്നില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന റിഷബ് 2019ലാണ് നായകനായി അരങ്ങേറിയത്. ബെല്‍ ബോട്ടം എന്ന ചിത്രത്തിലൂടെ ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിന് സാധിച്ചു. രാജ് ബി. ഷെട്ടി സംവിധാനം ചെയ്ത ഗരുഡ ഗമന വൃഷഭ വാഹനയിലും ശക്തമായ കഥാപാത്രത്തെ റിഷബ് അവതരിപ്പിച്ചു. പിന്നീട് തന്റെ ജീവിതത്തിന്റെ വലിയൊരു സമയം ഒരൊറ്റ സിനിമക്ക് വേണ്ടി മാറ്റിവെക്കുന്ന റിഷബിനെയാണ് ഇന്ത്യന്‍ സിനിമ കണ്ടത്.
ദക്ഷിണ കര്‍ണാടകയില്‍ കണ്ടുവരുന്ന ഭൂതക്കോലം എന്ന അനുഷ്ഠാന കലയെ ആസ്പദമാക്കി ഒരുക്കിയ കാന്താരയിലൂടെ റിഷബ് സിനിമാലോകത്തെ ഞെട്ടിച്ചു. ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപോലെ വിസ്മയിപ്പിക്കാന്‍ റിഷബിന് സാധിച്ചിരുന്നു. ചിത്രത്തിന്റെ അവസാന 20 മിനിറ്റിലെ പ്രകടനത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും റിഷബ് തന്റെ ഷെല്‍ഫിലെത്തിച്ചു.
കാന്താരയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിഷബ് ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ കാന്താരയുട പ്രീക്വലും റിഷബ് അനൗണ്‍സ് ചെയ്തു. മൂന്ന് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലെത്തിയ കാന്താര ചാപ്റ്റര്‍ വണ്‍ ആദ്യഭാഗത്തോടൊപ്പം ചേര്‍ത്ത് വെക്കാവുന്ന സിനിമാനുഭവമായി മാറി. അപ്പോഴും ക്യാമറയുടെ മുന്നിലും പിന്നിലും റിഷബിന്റെ നിറഞ്ഞാട്ടം തന്നെയായിരുന്നു.
ആയിരത്തിലധികം ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി ഒരുക്കിയ സിനിമയുടെ ഓരോ ഷോട്ടും പെര്‍ഫക്ഷനുള്ളതായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഒരു ലോകം പുനഃസൃഷ്ടിക്കുക, അതില്‍ പ്രധാനവേഷം ചെയ്യുക എന്നീ ടാസ്‌കുകള്‍ റിഷബ് അനായാസം ചെയ്തുഫലിപ്പിച്ചു. യോദ്ധാവിന്റെ ശരീരപ്രകൃതി നിലനിര്‍ത്തിക്കൊണ്ടാണ് റിഷബ് ഇത്രയും കാര്യങ്ങള്‍ ചെയ്തത്.
സിനിമാമോഹത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ച സമയത്ത് പല തരത്തിലുള്ള ജോലികള്‍ റിഷബ് ചെയ്തിട്ടുണ്ട്. മുംബൈയില്‍ ഓഫീസ് ബോയ് ആയും, ഡ്രൈവറായും പ്രവര്‍ത്തിച്ച് പിന്നീട് സിനിമയില്‍ ക്ലാപ് ബോയ് ആയി കയറിപ്പറ്റുകയായിരുന്നു. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലേക്കെത്തിയ റിഷബിന്റെ വിജയം സിനിമയെ സ്‌നേഹിക്കുന്നവരുടേത് കൂടിയാണ്. കാന്താര ആദ്യഭാഗത്തിന്റെ പ്രീമിയര്‍ കണ്ട് ഓടിച്ചാടി വന്ന് റിഷബിനെ ആലിംഗനം ചെയ്യുന്ന സുഹൃത്ത് രക്ഷിത് ഷെട്ടിയുടെ വീഡിയോ രോമാഞ്ചം നല്‍കുന്നതാണ്.
നല്ല ഒരു തിരക്കഥയെഴുതുക എന്നത് ശ്രമകരമായ ജോലിയാണ്. അത് സിനിമാരൂപത്തിലേക്കാക്കുക എന്നത് അതിനെക്കാള്‍ ശ്രമകരമാണ്. ഇത് രണ്ടും ചെയ്തതിനൊപ്പം ആ സിനിമയില്‍ പ്രധാനവേഷം ചെയ്യുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അയാള്‍ സാധാരണക്കാരനാകില്ല. ഷെട്ടി ഗ്യാങ്ങിലെ കാളക്കൂറ്റനായ റിഷബ് ഇനിയും സിനിമാലോകത്തെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Rishab Shetty’s film journey and struggles he faced